ബീഫ് പെട്ടെന്ന് വേവിച്ചെടുക്കണോ? ഇത് മാത്രം ചേർത്താൽ മതി

Mail This Article
കൃത്യമായ മസാലകളും ഉപ്പുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുമ്പോഴാണ് ഏതു മാംസം ആയാലും അതിനു രുചിയേറുന്നത്. ചിക്കനോ മട്ടനോ ബീഫോ ആകട്ടെ, ലോകത്ത് എല്ലായിടത്തും മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന വ്യത്യസ്തമായ കറികളും വിഭവങ്ങളുമെല്ലാം ഉണ്ട്. പലപ്പോഴും രുചി കിട്ടുന്നതിനായി ഇവയില്‍ പല രഹസ്യ ചേരുവകളും ചേര്‍ക്കാറുണ്ട്. അവയില്‍ ഒന്നാണ് പച്ച പപ്പായ. മാംസം പാകം ചെയ്യുന്ന സമയത്ത് പലയിടങ്ങളിലും പച്ച പപ്പായ ഒപ്പം ചേര്‍ക്കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയാമോ?

മാംസം എന്നത് വളരെയധികം പ്രോട്ടീന്‍ അടങ്ങിയ ഒന്നാണെന്ന് നമുക്കറിയാം. പപ്പായയിൽ പ്രോട്ടീനുകളെ വിഘടിപ്പിക്കുന്നതിന് പേരുകേട്ട പാപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് മാംസം മൃദുവാക്കാന്‍ സഹായിക്കുന്നു. മാംസത്തിലെ നാരുകള്‍ പെട്ടെന്ന് ചവയ്ക്കാനും ദഹിക്കാനും സഹായിക്കുന്നു. മൃദുവായി കിട്ടാന്‍ കുറെ സമയം എടുക്കുന്ന ബീഫ്, ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയ മാംസങ്ങൾക്ക് ഇത് വളരെ ഫലപ്രദമാണ്.

മറ്റൊരു കാര്യം രുചിയാണ്. മാംസം മൃദുവാകുന്നതു കൊണ്ടുതന്നെ, ഇതിനുള്ളിലേക്ക് മസാലകളുടെ രുചി പെട്ടെന്ന് പിടിക്കുന്നു. അങ്ങനെ വിഭവങ്ങൾ കൂടുതൽ സ്വാദുള്ളതാക്കുന്നു. മാത്രമല്ല, പെട്ടെന്ന് വെന്തുകിട്ടാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

പച്ച പപ്പായയില്‍ അടങ്ങിയ പോഷകങ്ങളും ശരീരത്തിന് ലഭിക്കും. ഇതിൽ വൈറ്റമിൻ എ, സി, ഇ എന്നിവയും വളരെ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പപ്പായ ബീഫ് ഉണ്ടാക്കാം
- മുക്കാൽ കിലോ ബീഫ് എടുത്ത്, കഴുകി
ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
- ഒരു വലിയ പപ്പായ വലിയ കഷണങ്ങളാക്കി മുറിച്ച് മാറ്റിവയ്ക്കുക.
- പപ്പായയും ബീഫും ഒരു വലിയ സ്പൂൺ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കുക്കറിലാക്കി ഒരു വിസിൽ വരും വരെ വേവിക്കുക.
- ചൂടാറിയ ശേഷം ബീഫ് കഷണങ്ങൾ മാറ്റി, പപ്പായ കഷണങ്ങളും ചാറും ചേർത്ത് മിക്സിയില്‍ അടിക്കുക.
- ഒരു വലിയ തക്കാളി, രണ്ടു സവാള, 12 അല്ലി വെളുത്തുള്ളി, ആറ് കാന്താരി, ഒരു കഷണം ഇഞ്ചി, ഒരു വലിയ സ്പൂൺ തക്കാളി സോസ് എന്നിവ വെള്ളം ചേർക്കാതെ അരച്ചു വയ്ക്കുക.
- ഒരു പാനിൽ പപ്പായ അരച്ചതും തക്കാളി മിശ്രിതവും ചേർത്തിളക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കണം.
- ഒരു മൺചട്ടിയിൽ ഈ അരപ്പിന്‍റെ പകുതി നിരത്തി ബീഫ്, നാലു തണ്ട് മല്ലിയില അരിഞ്ഞത്, മൂന്നു തണ്ട് കറിവേപ്പില എന്നിവ നിരത്തുക. മുകളിൽ ബാക്കി അരപ്പുകൂടി ചേർത്തു മൂടി വച്ച്, ചെറുചൂടിൽ വേവിക്കുക.