ADVERTISEMENT

തടി കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നവര്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കാലറി അടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ അളവ്  കുറയ്ക്കേണ്ടത് നിര്‍ബന്ധമാണ്. ചോറ് ഒഴിവാക്കാന്‍ പറ്റാത്ത ആളുകള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍, ചോറ് കഴിച്ച് തടി വയ്ക്കില്ലെന്ന് മാത്രമല്ല, മെലിയാന്‍ സഹായിക്കുക കൂടി ചെയ്താലോ? ജപ്പാനില്‍ 'മിറക്കിള്‍ റൈസ്' എന്ന് വിളിക്കുന്ന ഷിരാതകി(shirataki) എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 

എന്താണ് ഷിരാതകി അരി?

അരി എന്ന് വിളിക്കുന്നുണ്ടെങ്കിലും ഷിരാതകി അരി ഉണ്ടാക്കുന്നത് നെല്‍ച്ചെടിയില്‍ നിന്നല്ല. കിഴക്കൻ ഏഷ്യയിൽ വളരുന്ന ഒരു കിഴങ്ങുവർഗ്ഗ സസ്യമായ 'കൊഞ്ചാക്ക്' (konjac)അല്ലെങ്കില്‍ 'കൊന്യാകു' (konnyaku) ചെടിയില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. ആരോഗ്യഗുണങ്ങൾ ഏറെയുള്ളതായി അറിയപ്പെടുന്ന ഈ ചെടിയുടെ കിഴങ്ങുകളില്‍ നിന്നും ഷിരാതകി ഉത്പാദിപ്പിക്കപ്പെടുന്നു. 

കുറഞ്ഞ കാലറിയും കാർബോഹൈഡ്രേറ്റും

സാധാരണ അരിയേക്കാൾ വളരെ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റുമാണ് ഇതിനുള്ളത്. ഏകദേശം 85 ഗ്രാം (5 ടേബിൾസ്പൂൺ) ഷിരാതകി അരിയിൽ ഏകദേശം 10-15 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ , വെള്ള അരിയുടെ 100 ഗ്രാമിൽ 130-150 കലോറി അടങ്ങിയിട്ടുണ്ട്. ബ്രൌണ്‍ അരിയിലാകട്ടെ, 100 ഗ്രാമില്‍ ഏകദേശം 120 കലോറിയാണ് ഉള്ളത്. 

shirataki-rice
Image credit:Cook Shoots Food/Istock

കുടലിനെ കാക്കും, വിശപ്പ് കുറയ്ക്കും

കൊഞ്ചാക്കിന്‍റെ വേരില്‍ അടങ്ങിയ പ്രധാന നാരാണ് ഗ്ലൂക്കോമാനൻ(Glucomannan). ഇതിന് കുടലിനെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പ്രാഥമിക പഠനങ്ങള്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗണ്യമായ അളവിൽ ഗ്ലൂക്കോമാനൻ ഉള്ളിലെത്താന്‍ വലിയ അളവില്‍ ഇത് കഴിക്കേണ്ടതുണ്ട്. 

കുടലില്‍ എത്തുന്ന ഗ്ലൂക്കോമാനൻ നാരുകള്‍ക്ക് വെള്ളം ആഗിരണം ചെയ്യാനും ആമാശയത്തിൽ വികസിക്കാനും കഴിയും. ഇത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അതുവഴി വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നൊരു പ്രധാന ഗുണവും ഷിരാതകി അരിയിലെ ഗ്ലൂക്കോമാനനുണ്ട് . ഈ നാരുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ കഴിയും, അങ്ങനെ ഭക്ഷണം കഴിച്ചതിനുശേഷം, രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയുന്നു. പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.

English Summary:

Shirataki Rice Weight Loss

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com