'ഇവള് എന്റെ സൗഭാഗ്യമാണ്'; തൈര് സാദവും മാങ്ങാ തൂക്കും ഉണ്ടാക്കി ബാലയും കോകിലയും!

Mail This Article
ഒരു കാലത്ത് ഓണ്‍ലൈനില്‍ നിറയെ ട്രോളുകള്‍ ഏറ്റുവാങ്ങിയ നടനാണ് ബാല. ഇപ്പോള്‍ ഭാര്യ കോകിലയ്ക്കൊപ്പം തുടങ്ങിയ യുട്യൂബ് ചാനലിനാകട്ടെ, ഇഷ്ടം വാരിക്കോരി കൊടുക്കുകയാണ് ആരാധകര്‍. ഇരുവരും ചേര്‍ന്ന് ഉണ്ടാക്കുന്ന വിഭവങ്ങളുടെ വിഡിയോകളും വീട്ടിലെ വിശേഷങ്ങളുമെല്ലാമാണ് ഈ ചാനലില്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ എന്ന് ഒട്ടേറെ ആളുകള്‍ ആശംസിക്കുന്നു.
തമിഴ്നാട്ടിലെ ജനപ്രിയ വിഭവങ്ങളായ 'തൈര്‍ സാദവും മാങ്ങാ തൂക്കും' ഉണ്ടാക്കുന്ന വിഡിയോ ആണ് ചാനലില്‍ ഏറ്റവും പുതുതായി ഷെയര്‍ ചെയ്തിട്ടുള്ളത്. വീടിന്‍റെ മുറ്റത്ത് നില്‍ക്കുന്ന മാവിലെ മാങ്ങ പറിച്ചെടുത്തു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.
പിന്നീട് ഈ മാങ്ങയുടെ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുക്കുന്നു. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴയ്ക്കുന്നു. ഒരു മിക്സി ജാറില്‍, അല്‍പ്പം ഉലുവ ഇട്ടു പൊടിക്കുന്നു. ശേഷം ചെറിയ തട്ക പാനില്‍ എണ്ണ ഒഴിച്ച ശേഷം, ഇതിലേക്ക് കടുക് ഇട്ടു പൊട്ടിക്കുന്നു. പൊടിച്ചുവെച്ച ഉലുവ പൊടി, കായം പൊടി എന്നിവ ചേര്‍ത്ത് ഇളക്കുന്നു. ഇതിലേക്ക് നേരത്തെ കുഴച്ചു വച്ച മാങ്ങ ഇട്ടു ഇളക്കുന്നു. ഇതോടെ മാങ്ങാ തൂക്ക് റെഡി.
തൈര്‍ സാദത്തിന് വേണ്ട ചോറ് തയാറാക്കുകയാണ് അടുത്തതായി വേണ്ടത്. അതിനായി ചോറ് നന്നായി വേവിക്കുക. ഇത് ഊറ്റിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അല്‍പ്പം തൈര് ചേര്‍ത്ത് വേണം ഉടയ്ക്കാന്‍. ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുന്നു. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുന്നു. ഇതിലേക്ക് അല്‍പ്പം കൂടി തൈര് ഒഴിക്കുന്നു. ഇളക്കിയ ശേഷം ഇത് ചോറിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുന്നതോടെ തൈര് സാദം റെഡി.
തൈര് സാദവും മാങ്ങാ തൂക്കും ചേര്‍ത്ത്, കോകില ബാലയെ ഊട്ടുന്നതും വിഡിയോയില്‍ കാണാം. ജീവിതത്തില്‍ എന്തൊക്കെ ഉയര്‍ച്ച താഴ്ചകള്‍ വന്നാലും, ഇങ്ങനെ ഭക്ഷണം ഊട്ടിത്തരാന്‍ ഒരാള്‍ ഉള്ളത് വലിയ ഭാഗ്യമായി കരുതുന്നതായി ബാല പറയുന്നതും കേള്‍ക്കാം. ബാലയെയും കോകിലയെയും ഇങ്ങനെ സന്തോഷത്തോടെ ഏറെ നാള്‍ കാണാനാവട്ടെ എന്ന് ഒട്ടേറെ ആളുകള്‍ വിഡിയോക്കടിയില്‍ കമന്റ് ചെയ്തു.