ADVERTISEMENT

ബാക്കിവന്ന ഭക്ഷണ സാധനങ്ങള്‍ ഫ്രിജില്‍ സൂക്ഷിക്കുന്നത് മിക്കവാറും എല്ലാ വീടുകളിലും ചെയ്യുന്ന കാര്യമാണ്. ചിലപ്പോഴൊക്കെ ജോലി എളുപ്പമാക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഭക്ഷണം കൂടുതല്‍ ഉണ്ടാക്കി വയ്ക്കാറുമുണ്ട്. ആവശ്യമുള്ളപ്പോള്‍ ഇതെടുത്ത് ചൂടാക്കി കഴിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുന്നത് സൗകര്യപ്രദമാണെങ്കിലും, ഇടയ്ക്ക് ഇതുകൊണ്ട് പണി കിട്ടാനും സാധ്യതയുണ്ട്.  

ഉദാഹരണത്തിന് ചോറിന്‍റെ കാര്യം തന്നെ എടുക്കാം. എല്ലാ ദിവസവും കഴിക്കുന്ന ഭക്ഷണമായതു കൊണ്ടുതന്നെ, ചോറ് എന്തുകൊണ്ട് ഉണ്ടാക്കി ഫ്രിജില്‍ സൂക്ഷിച്ചുകൂടാ എന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാന്‍ സാധ്യതയുണ്ട് എന്നതാണ് സത്യം.

kerala-meals
Image credit: SAVIKUTTY VARGHESE/Shutterstock

വേവിക്കാത്ത അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ചൂടിനെതിരെ പ്രതിരോധശേഷിയുള്ള ഇവ, അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വെന്തു ചോറായ ശേഷം, അത് പുറത്തെടുത്തുവച്ച്, 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ വേഗത്തിൽ പുനരുൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ കണക്കനുസരിച്ച് , യുഎസിൽ ഓരോ വർഷവും 63,400 ഭക്ഷ്യവിഷബാധകൾ ബാസിലസ് സെറിയസിൽ നിന്ന് ഉണ്ടാകുന്നു.

ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ്  ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്. റൂം ടെമ്പറേച്ചറിൽ ഏതാനും മണിക്കൂറുകൾ ഇരുന്നു ഫ്രിജിൽ വച്ച ശേഷം, കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം വരുന്നത്.

ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ചോറ് എങ്ങനെ സൂക്ഷിക്കാം?

യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് നിര്‍ദ്ദേശിക്കുന്നതനുസരിച്ച്, ഭക്ഷ്യവിഷബാധ തടയാനായി, മിച്ചം വരുന്ന ചോറ് ഒരു മണിക്കൂറിനുള്ളിൽ റഫ്രിജറേറ്ററിൽ വയ്ക്കണം. ഒരുമിച്ച് സൂക്ഷിക്കുന്നതിന് പകരം, രണ്ടോ മൂന്നോ പാത്രങ്ങളിലാക്കി വയ്ക്കാം. 

ചോറ് വീണ്ടും ചൂടാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം

ഫ്രിജില്‍ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജില്‍ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) അരി ഉൾപ്പെടെയുള്ള ഭക്ഷണം പാകം ചെയ്യാനും സംഭരിക്കാനും വീണ്ടും ചൂടാക്കാനുമുള്ള സുരക്ഷിതമായ വഴികൾ വിവരിക്കുന്നു.

ഭക്ഷണം തയാറാക്കുന്നതിനും പാകം ചെയ്യുന്നതിനും മുമ്പായി എപ്പോഴും കൈകൾ നന്നായി കഴുകുക. ചോറോ ചൂടുള്ള ഭക്ഷണമോ 1 മണിക്കൂറിൽ കൂടുതൽ പുറത്ത് ഇരിക്കരുത്.

ചോറ് ഫ്രിജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും  1-2 ടേബിൾസ്പൂൺ വെള്ളം ചേർക്കുക. മൈക്രോവേവില്‍ 165°F താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.

English Summary:

Reheating Leftover Rice Safely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com