ADVERTISEMENT

ഏറ്റവും വിലകുറഞ്ഞ അടുക്കള സാധനങ്ങളിലൊന്നാണ് ഉപ്പ്. എന്നാലോ, ഉപ്പില്ലാതെ വിഭവങ്ങള്‍ക്ക് രുചിയും ഉണ്ടാവില്ല. വെളുത്ത ഉപ്പ്, കറുത്ത ഉപ്പ്, പിങ്ക് ഉപ്പ്, കോഷർ ഉപ്പ്, റോക്ക് സോള്‍ട്ട് എന്നിങ്ങനെ ഉപ്പുകള്‍ തന്നെ പലവിധമുണ്ട്. ഒരു കിലോയ്ക്ക് അന്‍പതിനായിരം രൂപ വിലവരുന്ന ഉപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ്‌ ലോകത്തിലെ ഏറ്റവും വിലയേറിയ ഉപ്പ്. 'കൊറിയന്‍ ബാംബൂ സാള്‍ട്ട്' എന്നാണ് ഈ ഉപ്പിന്‍റെ പേര്, 'ജുഗ്യോം' എന്നും ഇത് അറിയപ്പെടുന്നു.

korean-bamboo-salt
Image credit: sungsu han/Shutterstock

ആയിരം വർഷം പഴക്കമുള്ള കൊറിയൻ ബുദ്ധ സന്യാസി പാരമ്പര്യമനുസരിച്ച് ശ്രദ്ധാപൂർവം തയാറാക്കിയ, ഉയർന്ന പരിശുദ്ധിയും ക്ഷാരത്വവുമുള്ള ധാതു സമ്പുഷ്ടമായ ഒരു ഉപ്പാണ് ജുഗ്യോം. മനോഹരമായ പര്‍പ്പിള്‍ നിറത്തില്‍ കാണുന്ന ഈ ഉപ്പ്, കൊറിയന്‍ വീടുകളില്‍ പാചകത്തിനും ഔഷധമായും ഉപയോഗിച്ചുവരുന്നു.

വളരെയധികം കഷ്ടപ്പെട്ട്, ഏകദേശം അമ്പതു ദിവസത്തോളം നീളുന്ന പ്രക്രിയ വഴിയാണ് ഈ ഉപ്പ് ഉണ്ടാക്കുന്നത്. പൊള്ളയായ മുള കുഴലുകളില്‍ കടൽ ഉപ്പ് നിറച്ച് ഉയർന്ന തീയിൽ വറുത്തെടുക്കുന്നതാണ് ഈ പ്രക്രിയ. അങ്ങനെ മുളയിൽ നിന്നുള്ള ധാതുക്കൾ ഉപ്പിലേക്ക് സന്നിവേശിപ്പിക്കുന്നു. 800 മുതൽ 1,500 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് ഇത് ചെയ്യുന്നത്. 

pinksalt
Image credit: Boryana Manzurova/Shutterstock

ഉയർന്ന ചൂട് കാരണം, ഉപ്പ് ദ്രാവക രൂപത്തിൽ ഉരുകുകയും തണുക്കുമ്പോള്‍ വീണ്ടും ദൃഢമാകുകയും ചെയ്യുന്നു. ഈ മുഴുവൻ പ്രക്രിയയും ഒമ്പത് തവണ ആവർത്തിക്കുന്നു, അതിനാലാണ് ഇത് ഉൽപ്പാദിപ്പിക്കുന്നതിന് ഇത്രയും സമയം എടുക്കുന്നത്. 20 ആം നൂറ്റാണ്ടിൽ, പ്രശസ്ത കൊറിയൻ ഹെർബലിസ്റ്റും രോഗശാന്തിക്കാരനുമായ കിം ഇൽ ഹൂൺ ആണ് ഈ രീതിയില്‍ ഉപ്പുണ്ടാക്കുന്നത് ആദ്യം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. 

Image Credit: Tatyana Berkovich/shutterstock
Image Credit: Tatyana Berkovich/shutterstock

ഈ ഉപ്പിൽ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കടല്‍ മലിനീകരണം മൂലം, സാധാരണ നാം ഉപയോഗിക്കുന്ന ഉപ്പില്‍, മൈക്രോപ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും ലെഡ്, കാഡ്മിയം, മെർക്കുറി, ആർസെനിക് എന്നിവയുൾപ്പെടെയുള്ള ഘന ലോഹങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയുടെ സാന്നിധ്യം ആരോഗ്യത്തിന് ഹാനികരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. എന്നാല്‍ ബാംബൂ സാള്‍ട്ടിന്‍റെ ഉൽപാദന പ്രക്രിയയില്‍ ഈ വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നു. ഉയർന്ന താപനിലയില്‍ ഉണ്ടാക്കുമ്പോള്‍, ഉപ്പിലെ ഘന ലോഹങ്ങൾ, മൈക്രോ പ്ലാസ്റ്റിക്കുകൾ, മറ്റ് ദോഷകരമായ സംയുക്തങ്ങൾ എന്നിവ ബാഷ്പീകരിച്ച് പോകുന്നു.

മറ്റ് ലവണങ്ങളെ അപേക്ഷിച്ച്, ദോഷകരമായ വൈറസുകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കാൻ ഇത് കൂടുതൽ ഫലപ്രദമാണ്. അങ്ങനെ ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിവിധ ആൻ്റിഓക്‌സിഡൻ്റ് എൻസൈമുകളെ സജീവമാക്കുന്നതിലൂടെ ഈ ഉപ്പ് ഒരു ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. കാന്‍സര്‍ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ഇത് ശരീരത്തെ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

English Summary:

Benefits Korean Bamboo Salt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com