ADVERTISEMENT

പീത്‍‍‍‍സയുടെ  നാടായ ഇറ്റലിയില്‍ നിന്നും വന്ന്, ലോകമൊന്നാകെ പ്രിയപ്പെട്ടതായി മാറിയ വിഭവമാണ് പാസ്ത. സ്പഗറ്റി, പെന്നെ, ഫ്യൂസില്ലി എന്നിങ്ങനെ വിവിധയിനം പാസ്തകള്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. തുണി നെയ്തെടുക്കുന്നത് പോലെ നെയ്തെടുക്കുന്ന ഫിലിൻഡ്യൂ(Filindeu) എന്നയിനം പാസ്തയെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മട്ടൺ സൂപ്പിനും ചീസിനുമൊപ്പം

മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഇറ്റാലിയന്‍ ദ്വീപായ സാർഡിനിയയിലെ, ബാർബാഗിയ മേഖലയിൽ നിന്നുള്ള ഒരു അപൂർവ തരം പാസ്തയാണ് ഫിലിൻഡ്യൂ. "ദൈവത്തിന്‍റെ നൂലുകൾ" എന്നാണ് അതിന്‍റെ അർത്ഥം, ശരിക്കും ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞവര്‍ക്ക് മാത്രമേ ഈ പാസ്ത ശരിയായി ഉണ്ടാക്കിയെടുക്കാനാവൂ.

റവ മാവ് വളരെ നേർത്ത നൂലുകളാക്കി വലിച്ച് മടക്കിയാണ് ഇത് നിർമ്മിക്കുന്നത്. കുഴച്ച ശേഷം, ഫണ്ടു എന്ന ട്രേയിൽ മൂന്ന് പാളികളായി അടുക്കി ഉണക്കി തുണി പോലുള്ള ഷീറ്റുകൾ രൂപപ്പെടുത്തുന്നു. ഉണങ്ങിയ ഷീറ്റുകൾ പിന്നീട് കഷണങ്ങളാക്കി, മട്ടൺ സൂപ്പിൽ പെക്കോറിനോ സാർഡോ ചീസിനൊപ്പം വിളമ്പുന്നു. സാർഡിനിയയില്‍ പ്രാദേശികമായി കാണപ്പെടുന്ന സാർഡ ആടുകളുടെ പാലിൽ നിന്ന് നിർമ്മിച്ച ഒരു തരം കട്ടിയുള്ള ചീസാണ് പെക്കോറിനോ സാർഡോ. 

യന്ത്രത്തിന് പോലും പറ്റാത്ത പണി

ഗോതമ്പ് റവ, വെള്ളം, ഉപ്പ് എന്നിങ്ങനെ വെറും മൂന്നു ചേരുവകള്‍ കൊണ്ട് ഉണ്ടാക്കുന്ന മാവ്, കൈകൊണ്ട് കുഴച്ചാണ് ഈ പാസ്ത തയാറാക്കുന്നത്. അടുത്ത കാലത്ത്, ഈ പാസ്ത ഉണ്ടാക്കാനായി ഒരു സംഘം എഞ്ചിനീയർമാർ ചേര്‍ന്ന് ഒരു യന്ത്രം നിര്‍മ്മിച്ചെങ്കിലും അത് പരാജയപ്പെട്ടു. 

അതേപോലെ, 20 വർഷമായി പാസ്ത ഉണ്ടാക്കുന്ന ബ്രിട്ടീഷ് സെലിബ്രിറ്റി ഷെഫ് ജാമി ഒലിവർ, താന്‍ ഫിലിൻഡ്യൂ പാസ്ത ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യം പങ്കുവച്ചിരുന്നു.

ഉണ്ടാക്കാന്‍ അറിയാവുന്നത് വെറും പത്തുപേര്‍ക്ക്

ഫിലിൻഡ്യൂ പാസ്ത തയാറാക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്, അതിനാൽ 300 വർഷമായി ഒരു സാർഡിനിയൻ കുടുംബത്തിലെ സ്ത്രീകൾക്ക് മാത്രമേ ഇത് എങ്ങനെ ഉണ്ടാക്കണമെന്ന് അറിയൂ, ഇന്നത്തെ കാലത്ത് ഈ പാസ്ത ഉണ്ടാക്കാൻ അറിയാവുന്ന പത്തില്‍ താഴെ സ്ത്രീകൾ മാത്രമേയുള്ളൂ എന്നാണ് കണക്ക്. ന്യൂറോ പട്ടണത്തില്‍ താമസിക്കുന്ന 62 വയസ്സുള്ള പാവോള അബ്രൈനി എന്ന സ്ത്രീയാണ് ഇപ്പോള്‍ ഈ പാസ്ത ഉണ്ടാക്കുന്നത്. ഒപ്പം അവരുടെ കുടുംബത്തിലെ മറ്റു സ്ത്രീകളും സഹായിക്കുന്നു. പാസ്ത ഉണ്ടാക്കുന്ന വിദ്യ, ഈ കുടുംബത്തിലെ സ്ത്രീജനങ്ങള്‍ തലമുറകളായി അവരുടെ പെണ്മക്കള്‍ക്ക് കൈമാറി വരുന്നു.

ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു പാസ്തയില്ല. അതുകൊണ്ടുതന്നെ, വംശനാശഭീഷണി നേരിടുന്ന പൈതൃക ഭക്ഷണങ്ങളുടെ രാജ്യാന്തര കാറ്റലോഗായ 'ആർക്ക് ഓഫ് ടേസ്റ്റി'ല്‍ ഫിലിൻഡ്യൂ ഇടംനേടിയിട്ടുണ്ട്. 

കഴിക്കാനും വേണം യോഗം

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ പാസ്ത എല്ലാവര്‍ക്കും കഴിക്കാനാവില്ല. കഴിഞ്ഞ 200 വർഷമായി, സാൻ ഫ്രാൻസെസ്കോയുടെ പെരുന്നാളിനായി ന്യൂറോയിൽ നിന്ന് ലുല ഗ്രാമത്തിലേക്ക്, കാൽനടയായോ കുതിരപ്പുറത്തോ 33 കിലോമീറ്റർ തീർത്ഥാടനം പൂർത്തിയാക്കുന്ന വിശ്വാസികൾക്ക് മാത്രമേ ഈ പുണ്യ വിഭവം വിളമ്പുന്നുള്ളൂ. മെയ് 1 നും ഒക്ടോബർ 4 നും രാത്രികളിൽ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തില്‍, ഈ പുരാതന പാരമ്പര്യം എങ്ങനെ പങ്കുചേരപ്പെട്ടു എന്ന് ആർക്കും ഉറപ്പില്ല, പക്ഷേ അത് പെരുന്നാളിന്‍റെ പ്രധാനപ്പെട്ട ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. ഫിലിൻഡ്യു ഇല്ലെങ്കിൽ, സാൻ ഫ്രാൻസെസ്കോയുടെ പെരുന്നാള്‍ ആഘോഷവുമില്ല എന്നാണ് പറയുന്നത്.

ഈ വിഭവം വേരറ്റു പോകാതിരിക്കാനായി, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇറ്റലിയിലെ പ്രമുഖ ഭക്ഷണ മാസികയായ 'ഗാംബെറോ റോസ്സോ' ശ്രമിച്ചു വരുന്നു. അതിനായി പാവോള ഫിലിൻഡ്യൂ ഉണ്ടാക്കുന്നത് അവര്‍ ചിത്രീകരിക്കുകയുണ്ടായി. തീർത്ഥാടകർ അല്ലാത്തവർക്ക് ആദ്യമായി ഇത് ആസ്വദിക്കാനുള്ള അവസരമായിരുന്നു ഇത്.

English Summary:

Handwoven Filindeu Pasta Tradition

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com