ഒട്ടും മുള്ള് കൊള്ളാതെ പൈനാപ്പിൾ കഴിക്കാം; ഇങ്ങനെ മുറിച്ചാൽ മതി

Mail This Article
നല്ല മധുരമുള്ള പൈനാപ്പിൾ ചെത്തിയെടുത്ത് കഴിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്നമാണ് അതിന് ഉളളിലേക്കു ആഴ്ന്നിരിക്കുന്ന മുള്ളുകൾ. പലർക്കും ഇത് അലർജിയുണ്ടാക്കുന്നു. ഇത് ഒഴിവാക്കി പൈനാപ്പിൾ ചെത്തിയെടുക്കാൻ ശ്രദ്ധിക്കണം. നല്ല മൂർച്ചയുള്ള കത്തികൊണ്ട് സാധാരണപോലെ പൈനാപ്പിളിന്റെ തൊലി ചെത്തിയ ശേഷം, മുള്ള് വരുന്ന ഭാഗത്തോടു ചേർത്ത് രണ്ടു വശത്തും കത്തികൊണ്ടു വരഞ്ഞ് എടുത്താൽ അധികം ഭാഗങ്ങൾ കളയാതെ എടുക്കാൻ സാധിക്കും. വേനൽ ചൂടിൽ നിന്നും ആശ്വാസത്തിനായി പൈനാപ്പിൾ ജൂസ് തയാറാക്കാനും മറ്റും ധാരാളം ഉപയോഗിക്കുന്നുണ്ട്. മധുരമുള്ള പൈനാപ്പിൾ വൃത്തിയാക്കി എടുത്താൽ വെറുതേ കഴിക്കാനും ബെസ്റ്റ്.
പൈനാപ്പിളിന്റെ തൊലി ചെത്തി കളയാം. ശേഷം മുള്ള് ഭാഗം വശങ്ങളിലൂടെ കേർവ് രീതിയിൽ മുറിക്കാം, ഒട്ടും മുള്ളില്ലാതെ മുറിച്ചെടുക്കാൻ സാധിക്കും. ഇനി ഇങ്ങനെ കട്ട് ചെയ്ത് നോക്കൂ.
കൈതച്ചക്കയും സൂക്ഷിച്ച് വയ്ക്കാം
കൈതച്ചക്ക, കന്നാര, പുറുത്തിച്ചക്ക തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പൈനാപ്പിൾ പോഷകസമൃദ്ധവും ഔഷധഗുണമുള്ളതുമാണ്. പകുതി മൂപ്പെത്തി മഞ്ഞനിറം വന്നു തുടങ്ങിയ പൈനാപ്പിളാണ് സംസ്കരിച്ചു സൂക്ഷിക്കാൻ ഉത്തമം. പൈനാപ്പിൾ ജാം, ഹൽവ, കേക്ക്, ഫ്രൂട്ട് ഫ്രഷ് സോസ്, ഡ്രൈ ഫ്രൂട്ട് കാനിങ് തുടങ്ങിയവയാക്കാം.

പൂർണമായി പഴുത്ത പൈനാപ്പിൾ ഫ്രഷ് ജൂസ് ആക്കുന്നതിനൊപ്പം സ്ക്വാഷ്, കോൺസൺട്രേറ്റ് പൾപ് എന്നീ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാം. തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുത്ത പൈനാപ്പിൾ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുത്ത് പിഴിഞ്ഞ് നാരുകളഞ്ഞാൽ പൈനാപ്പിൾ പൾപ് ആയി. ചെറിയ ഡപ്പികളിൽ അടച്ച് ഫ്രീസറിൽ സൂക്ഷിക്കണം.