ഈ ജൂസ് പച്ചപ്പപ്പായ കൊണ്ടാണെന്ന് ആരും പറയില്ല; ഇനി പെട്ടെന്ന് പഴുപ്പിക്കാൻ ഈ ട്രിക്ക് മതി!

Mail This Article
ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ പല നാടുകളില്‍ പല പേരാണ് പപ്പായക്ക്. പേരെന്തായാലും ഗുണങ്ങളുടെ കാര്യത്തില്‍, പപ്പായ ഏറെ മുന്നിലാണ്. അതിപ്പോള്‍ പഴമായാലും പച്ചയ്ക്കായാലും. വേവിച്ച് കഴിക്കുന്നതിനേക്കാള്‍ ഒരു പടി ഇഷ്ടം പഴുത്ത പപ്പായയോടാണ് എല്ലാവര്‍ക്കും. ഇനി പച്ചപ്പപ്പായ ആണ് കിട്ടിയതെങ്കില്‍ വിഷമിക്കേണ്ട, കാര്‍ബൈഡ് പോലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കാതെ പെട്ടെന്ന് പഴുപ്പിക്കാന്‍ അടിപൊളി വിദ്യയുണ്ട്.
പപ്പായ പഴുപ്പിക്കാന്‍ ചെയ്യേണ്ടത്
ഒരു പേപ്പര്‍ കവര്‍ എടുക്കുക. ഇതിലേക്ക് പപ്പായ വയ്ക്കുക. ഒപ്പം നന്നായി പഴുത്ത മാങ്ങയോ വാഴപ്പഴമോ പോലുള്ള ഏതെങ്കിലും പഴങ്ങള്‍ കൂടി വയ്ക്കുക. രണ്ടുദിവസം കഴിഞ്ഞ് തുറന്നുനോക്കിയാല്‍ പപ്പായ നന്നായി പഴുത്തത് കാണാം.

പഴങ്ങള്‍ പഴുക്കുമ്പോള്‍ എത്തിലീന്‍ വാതകം പുറത്തുവിടുന്നു. ഇത് പപ്പായയെ പെട്ടെന്ന് പഴുക്കാന്‍ സഹായിക്കുന്നു.
തീരില്ല, പച്ചപ്പപ്പായയുടെ ഗുണങ്ങള്‍
വിറ്റാമിൻ എ, ബി, സി തുടങ്ങിയ അവശ്യ പോഷകങ്ങൾ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ പ്രവർത്തനത്തിനും ചർമ്മത്തിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. നാരുകളും വെള്ളവും ധാരാളം അടങ്ങിയതിനാല്‍ മലബന്ധം തടയാൻ സഹായിക്കുന്നു.
പപ്പായയിലെ പപ്പെയ്ൻ, ചിമോപാപൈൻ എന്നീ രണ്ട് എൻസൈമുകൾ ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുന്നു. കൂടാതെ, ആന്‍റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹൃദ്രോഗങ്ങളിൽ നിന്നും കാൻസറിൽ നിന്നും സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വേനലിനെ വെല്ലാന്‍ പച്ചപ്പപ്പായ കൊണ്ടൊരു കിടിലന്‍ ജൂസ്
- പച്ചപ്പപ്പായയുടെ പകുതി ഭാഗമെടുത്ത് തൊലിയും നടുവിലെ ഭാഗവും വൃത്തിയാക്കി, ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കാം.
- ഒരു പാക്കറ്റ് പാല്‍ തിളപ്പിക്കുക. ഇതിലേക്ക് എട്ടു ടീസ്പൂണ്‍ ഹോര്‍ലിക്സ് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഫ്രിജില്‍ തണുപ്പിക്കാന്‍ വയ്ക്കുക.
- പപ്പായ ഒരു പാത്രത്തിലാക്കി വെള്ളം ഒഴിക്കുക. ഇതിലേക്ക് രണ്ടു ഏലക്ക കൂടി ഇട്ട് പത്തു മിനിറ്റ് നന്നായി വേവിക്കുക.
- പപ്പായ നന്നായി വെന്ത ശേഷം, വെള്ളം ഊറ്റിക്കളഞ്ഞു തണുപ്പിക്കുക. ഈ പപ്പായ മിക്സിയില്‍ ഇടുക. മധുരത്തിനാവശ്യമായ പഞ്ചസാര ചേര്‍ക്കുക. നന്നായി അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകരുക. കൂടുതല്‍ രുചിക്കായി ഇതിലേക്ക് ഒരു ഡയറി മില്‍ക്ക് ചെറിയ കഷ്ണങ്ങളായി പൊടിച്ചു ചേര്‍ക്കുക. പച്ചപ്പപ്പായ ജൂസ് റെഡി!