തിരിച്ചെത്തിയ സുനിത വില്യംസ് ആദ്യം കഴിക്കാൻ ഏറെ ഇഷ്ടപ്പെട്ടത് ഇവയൊക്കെയാണ്

Mail This Article
2007ലായിരുന്നു സുനിത വില്യംസിന്റെ ആദ്യത്തെ ബഹിരാകാശ യാത്ര. ആ യാത്രയ്ക്ക് ശേഷം തിരികെ എത്തിയ സുനിത ആദ്യം കഴിച്ച ഭക്ഷണം പീത്‍സ ആയിരുന്നു. കാലം ഇത്ര കഴിഞ്ഞെങ്കിലും സുനിതയുടെ പീത്‍സയോടുള്ള ഇഷ്ടത്തിന് യാതൊരുവിധ കുറവും വന്നിട്ടില്ല. ഇത്തവണയും ബഹിരാകാശ യാത്ര കഴിഞ്ഞെത്തിയാൽ ആദ്യം കഴിക്കാൻ സുനിത ആഗ്രഹിച്ചത് പീത്‍സ തന്നെയാണ്.
അതേസമയം, ഇത്തവണ പീത്‍സയ്ക്ക് ഒപ്പം തന്നെ സമൂസ കഴിക്കാനുള്ള ആഗ്രഹവും സുനിത വ്യക്തമാക്കി കഴിഞ്ഞു. മാസങ്ങളോളം ബഹിരാകാശത്ത് കഴിഞ്ഞതിനു ശേഷമാണ് സുനിത ഭൂമിയിലേക്ക് എത്തുന്നത്. ഇന്ത്യൻ വേരുകളുള്ള സുനിതയ്ക്ക് സമൂഹസയാണ് ഇഷ്ടപ്പെട്ട ആഹാരങ്ങളിൽ മറ്റൊന്ന്. അതേസമയം, തൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയിൽ തന്റെ ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവമായ സമൂസയും സുനിത വില്യംസ് കരുതിയിരുന്നു.
ഗുജറാത്തിൽ നിന്നുള്ള ഡോ. ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയക്കാരി ബോണിയുടെയും മകളായ സുനിത മൂന്നാം തവണയാണ് ബഹിരാകാശത്തേക്ക് പോയത്. 2013ൽ ആയിരുന്നു തന്റെ രണ്ടാം ബഹിരാകാശ യാത്ര പൂർത്തീകരിച്ചതിനു ശേഷമായിരുന്നു സുനിത വില്യംസ് ഇന്ത്യയിലേക്ക് എത്തിയത്. ആ വരവിൽ ആയിരുന്നു രണ്ടാം യാത്രയിൽ സമൂസയും ബഹിരാകാശത്തേക്ക് കൊണ്ടു പോയിരുന്നെന്ന സത്യം സുനിത വെളിപ്പെടുത്തിയത്. ഏതായാലും ബഹിരാകാശത്ത് പോയ ഇന്ത്യൻ പലഹാരത്തിന്റെ ഖ്യാതി സമൂസയ്ക്ക് സ്വന്തമാണ്.
പീത്‍സയും സമൂസയും മാത്രമല്ല കേരളരുചിയും സുനിത വില്ല്യംസിന് പ്രിയപ്പെട്ടതാണ്. ദുബായ് കരാമ പാരഗൺ ഹോട്ടലിൽ 2023ൽ ആയിരുന്നു സുനിത വില്യംസ് എത്തിയത്. ഷാർജ പുസ്തകോത്സവ സമയത്ത് ആയിരുന്നു ഇത്. അന്ന് അപ്പവും മിനി പൊറോട്ടയും നെയ്പ്പായസവും കോഴി പൊരിച്ചതും അടങ്ങുന്നത് ആയിരുന്നു സുനിതയ്ക്കും സംഘത്തിനും ഒരുക്കിയ വിഭവങ്ങൾ. കൊഞ്ചും ഇളനീർ പുഡ്ഡിങ്ങുമെല്ലാം ആസ്വദിച്ചു കഴിച്ചു. ഡസർട്ടായി കൊടുത്ത ബീറ്റ്റൂട്ട് ഹൽവ വിത്ത് ഐസ്ക്രീം അവരുടെ മനസ് കീഴടക്കുകയും ചെയ്തു.