ചപ്പാത്തിയ്ക്ക് കുഴയ്ക്കാൻ മടിയാണോ? മാവ് കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാൻ ഈ ട്രിക്ക് പരീക്ഷിച്ചോളൂ

Mail This Article
ചപ്പാത്തി ഉണ്ടാക്കുമ്പോഴും ബേക്ക് ചെയ്യുമ്പോഴുമെല്ലാം നമ്മള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നമാണ് കയ്യില്‍ ഒട്ടിപ്പിടിക്കുന്ന മാവ്. കൈ കൊണ്ടാണ് കുഴയ്ക്കുന്നതെങ്കില്‍, പിന്നെ വിരലുകളില്‍ പറ്റിപ്പിടിച്ച മാവ് കളയുന്നത് തന്നെ വലിയൊരു ജോലിയാണ്. ഇങ്ങനെ കയ്യില്‍ മാവ് ഒട്ടിപ്പിടിക്കാതിരിക്കാനും അത് നീക്കം ചെയ്യാനുമുള്ള ചില വഴികള്‍ പരിചയപ്പെടാം.
മാവില്‍ എണ്ണ ചേര്‍ക്കുക
ചപ്പാത്തിമാവില്‍, വെള്ളത്തിനൊപ്പം അല്‍പ്പം എണ്ണ കൂടി ചേര്‍ത്താല്‍ ഇത് കുഴയ്ക്കുമ്പോഴും പരത്തുമ്പോഴും ശരീരത്തില്‍ ഒട്ടിപ്പിടിക്കില്ല. മാത്രമല്ല, ചപ്പാത്തിക്ക് രുചിയും കൂടും.

അതല്ലെങ്കില്‍ മാവ് കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈപ്പത്തിയിൽ കുറച്ച് തുള്ളി എണ്ണയോ വെളിച്ചെണ്ണയോ അല്ലെങ്കിൽ വെജിറ്റബിള്‍ ഓയിലോ പുരട്ടുക.
ഉണങ്ങിയ പൊടി വിതറുക
കയ്യില്‍ മാവ് പറ്റിപ്പിടിച്ചാല്‍, അതിനു മുകളിൽ അല്പം ഉണങ്ങിയ മാവ് വിതറുക. ശേഷം കൈകൾ മൃദുവായി തടവുക, മാവ് അയഞ്ഞു തുടങ്ങുന്നത് കാണാൻ കഴിയും. ഉണങ്ങിയ മാവ് അധിക ഈർപ്പം ആഗിരണം ചെയ്യുകയും അത് കൈകളില്‍ നിന്നും പെട്ടെന്നുതന്നെ നീക്കംചെയ്യാന്‍ സഹായിക്കുകയും ചെയ്യും.
തണുത്ത വെള്ളം
ചൂടുവെള്ളം ഉപയോഗിച്ച് വിരലുകളിൽ നിന്ന് മാവ് വേഗത്തിൽ നീക്കം ചെയ്യാൻ കഴിയുമെന്നാണോ കരുതുന്നത്? എങ്കില്‍ യാഥാര്‍ഥ്യം നേരെ വിപരീതമാണ്. ചൂടുവെള്ളം മാവിലെ ഗ്ലൂറ്റനെ സജീവമാക്കുന്നു, ഇത് മാവ് കൂടുതൽ ഒട്ടിപ്പിടിക്കാന്‍ കാരണമാകുന്നു.
പകരം, തണുത്ത വെള്ളത്തിനടിയിൽ വച്ച് കൈകൾ കഴുകുക. തണുത്ത വെള്ളം മാവിനെ ഉറപ്പിക്കുന്നു, ഇത് നീക്കം ചെയ്യാൻ എളുപ്പമാക്കുന്നു. ഒഴുകുന്ന വെള്ളത്തിനടിയിൽ കൈ കാണിച്ച് മൃദുവായി തടവുക അല്ലെങ്കിൽ നനഞ്ഞ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങൾ തുടയ്ക്കുക.
സ്‌ക്രബ് ചെയ്യുക
മാവ് നീക്കം ചെയ്യാനായി, കൈ ഒഴുകുന്ന വെള്ളത്തിനടിയില്‍ പിടിച്ച് പാത്രം കഴുകുന്ന സ്റ്റീല്‍ സ്ക്രബ്ബര്‍ കൊണ്ട് ഉരസുക. അതല്ലെങ്കില്‍, ഒരു ടീസ്പൂൺ പഞ്ചസാരയോ ഉപ്പോ എടുത്ത് കൈപ്പത്തികൾക്കിടയിൽ തടവുക. ഇത് ഒരു പ്രകൃതിദത്ത എക്‌സ്‌ഫോളിയന്‍റ് പോലെ പ്രവര്‍ത്തിച്ച് കൈകള്‍ കൂടുതല്‍ മൃദുവാക്കുകയും ചെയ്യുന്നു.