Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യർ തയാറാക്കിയതിൽ വച്ച് ഏറ്റവും രുചികരമായ വിഭവം പരിചയപ്പെടാം

ഡോ. കെ. സുരേഷ് കുമാർ
pappaya-salad

തെണ്ടിനടന്ന് ഭക്ഷണം കഴിക്കുന്ന കാലത്തിനു മുൻപു തന്നെ തായ്‌ലൻഡിലെ പപ്പായ സാലഡിനെപ്പറ്റി കേട്ടിരുന്നു. സിഎൻഎൻ ചാനലിന്റെ ലോകത്തിലെ ഏറ്റവും നല്ല അൻപത് ഭക്ഷ്യ വിഭവങ്ങളുടെ വാർഷിക ലിസ്റ്റിൽ സ്ഥിരമായി മുൻനിരയിൽ സ്ഥാനം പിടിക്കുന്ന വിഭവം. (കഴിഞ്ഞ വർഷത്തെ സിഎൻഎൻ ഏറ്റവും സ്വാദിഷ്ട ഭക്ഷണ ലിസ്റ്റിൽ നമ്മുടെ മസാലദോശ കയറിപ്പറ്റിയിട്ടുണ്ട്. കേരള പൊറോട്ട ഇനിയും ലിസ്റ്റിലെത്തിയിട്ടില്ല. പക്ഷെ വളരെ സാദൃശ്യമുള്ള സിംഗപ്പൂർ പൊറോട്ട ഉണ്ട്).

പഴുത്ത പപ്പായ കൊണ്ടുള്ള മധുരമുള്ള ഒരു വിഭവമാണ് പ്രതീക്ഷിച്ചത്. സംഗതി പച്ച പപ്പായ കൊണ്ടാണെന്ന് മനസ്സിലായത് എട്ടു വർഷം മുൻപ് ബാങ്കോക്കിലെ ഒരു തട്ടുകടയിൽ വെച്ച് സാധനം ആദ്യമായി മുന്നിലെത്തിയപ്പോഴാണ്. മധുരത്തിന് പകരം  മധുരവും ഉപ്പും എരിവും പുളിയും ഒക്കെ ചേർന്ന ഒരു അനുഭവം. കിടിലൻ!

പിന്നീട് തായ്‌ലൻഡിന്റെ പല ഭാഗങ്ങളിലും വെച്ച് പല രുചിഭേദങ്ങളിൽ പപ്പായ സാലഡ് കഴിച്ചു. ഏതാണ്‌ യഥാർഥ പപ്പായ സാലഡ് എന്ന ചോദ്യത്തിന് ഉത്തരം തന്നത് വടക്കു കിഴക്കൻ തായ്‌ലൻഡിലെ ശ്രീനഗരിൻഡ് ആശുപത്രിയിലെ ഒരു സംഘം നഴ്‌സുമാരാണ്. രണ്ടു മാസം മുൻപു അവരോടൊപ്പം തായ്-ലാവോസ് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ചെന്ന് ഒറിജിനൽ പപ്പായ സാലഡ് കഴിച്ചു. ഒപ്പം എങ്ങനെയാണു അത് ഉണ്ടാക്കുന്നത് എന്നതിൽ പ്രായോഗിക പരിശീലനവും കിട്ടി.

ഏഴെട്ട് നല്ല എരിവുള്ള പച്ചമുളക്, ഒരു കഷണം ചെറുനാരങ്ങ, രണ്ട് സ്പൂൺ പുളിവെള്ളം, നാലഞ്ച് ചെറിയ തക്കാളി മുറിച്ചത്, രണ്ടു പച്ചപ്പയർ കഷണങ്ങളായി മുറിച്ചത്, ഒരു സ്പൂൺ പനഞ്ചക്കര, ഉപ്പിട്ടുണക്കിയ ചെറിയ ഞണ്ട് ഒരെണ്ണം, രണ്ട് സ്പൂൺ നുരപ്പിച്ച മീൻ (ചെറിയ മീനും ഉപ്പും കൂടി പാത്രത്തിൽ വായു കടക്കാതെ മൂന്നു മാസം അടച്ചു വെയ്ക്കുക. അതിൽ വറുത്ത അരിപ്പൊടി ഇട്ട് വീണ്ടും മൂന്ന് മാസം) - എല്ലാം കൂടി ഇടിച്ച് പാകമായാൽ നേരിയതായി അരിഞ്ഞ / ചിരവിയ പച്ച പപ്പായ ചേർത്ത് ഒന്ന് കൂടി ചെറുതായി ഇടിച്ച് ഇളക്കി എടുക്കുക. ഒരു പിടി വറുത്ത നിലക്കടല വിതറുക. ചുട്ട കോഴിയോ മീനോ ചോറോ ചേർത്ത് കഴിക്കുക. 

പപ്പായ സാലഡിനു സാമാന്യം രൂക്ഷമായ മണമുണ്ട്. തീവ്ര വെജിറ്റേറിയന്മാർ ഇത് വിളമ്പുന്ന സ്ഥലത്തു നിന്നും ഒരല്പം മാറി നിൽക്കുന്നതാവും ബുദ്ധി. നുരപ്പിച്ച മീനും ഉപ്പിട്ട ഞണ്ടുമാണ് ലാവോസിൽ നിന്നു പുഴ കടന്നു വന്ന ഒറിജിനൽ പപ്പായ സാലഡിന്റെ ബലം. ഞണ്ടിനെ വേവിക്കാതെ കഴിച്ചാൽ എന്തോ പ്രശ്നമുണ്ട് എന്ന് പണ്ടു എപ്പഴോ പഠിച്ചത് ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് ഓർമ വന്നത്!  പാരഗോണിമസ് എന്ന ഒരു വിരയുടെ ബാധ ഉണ്ടാവാം എന്ന് പണ്ട് മൈക്രോബയോളജി ക്ലാസ്സിൽ പഠിച്ചത് സത്യമാണ് എന്ന് കൊങ്കൺ മെഡിക്കൽ കോളേജിലെ സുഹൃത്തുക്കൾ പറഞ്ഞു. ഭാഗ്യത്തിന് പ്രശ്നമൊന്നും ഉണ്ടായില്ല. പക്ഷെ ഇടിച്ചു പിഴിഞ്ഞ ഞണ്ടിൽ നിന്നു പണി കിട്ടാം.  പാരാഗോണിമിയാസിസ് ലോകത്ത് ഓരോ വർഷവും രണ്ടു കോടിയിലധികം ആളുകളെ ബാധിക്കുന്ന ഒരു രോഗമാണ്. മാരകമൊന്നുമല്ല. ചികിൽസിച്ചാൽ മാറുംഞണ്ടിന് പകരം ഉണക്കച്ചെമ്മീനിട്ട കൂടുതൽ ആരോഗ്യകരമായ പപ്പായ സാലഡുകൾ കിട്ടാനുണ്ട്. ഈ പരിഷ്‌കാരങ്ങൾ പപ്പായ സാലഡിന്റെ മൗലികത നശിപ്പിക്കുന്നു എന്ന് പാരമ്പര്യ വാദികൾ പരാതിപ്പെടുന്നുണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല. വെജിറ്റേറിയൻ പപ്പായ സാലഡ് പോലും രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്! (ഉപ്പിട്ട ഞണ്ടിന് പകരം പച്ച കശുവണ്ടിയും നുരപ്പിച്ച മീനിന് പകരം ഒരല്പം സോയ സോസും) പപ്പായ സാലഡ് ഒരു സംഭവമാണ്. മനുഷ്യൻ ഇന്നു വരെ ഉണ്ടാക്കിയിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളിൽ ഒന്ന് എന്ന് പലരും വിശേഷിപ്പിക്കുന്ന ഭക്ഷണം. 

നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ ഇത് ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കഴിച്ചിരിക്കണം. ഒറിജിനൽ സാലഡ് കഴിക്കാൻ പറ്റിയില്ലെങ്കിൽ ഒരു വകഭേദമെങ്കിലും.