Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരത്തിൽ ഭക്ഷണം രാജാവിനെപ്പോലെ

Healthy eating for teenagers

പരസ്യ മോഡലിനെപ്പോലെ മെലിയാൻ ആഗ്രഹിക്കുന്നവരാണു പുതിയ തലമുറയിലെ പെൺകുട്ടികൾ. കൗമാരകാലം മുതൽക്കേ അതിനുള്ള പരിശീലനവും തുടങ്ങും. ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഉപേക്ഷിച്ചാൽ കൂടുതൽ മെലിയാമെന്ന തെറ്റിദ്ധാരണയാണിവർക്ക്. എന്നാൽ, ഭക്ഷണത്തിലൂടെ വേണ്ടത്ര പോഷകം ലഭിക്കാതെവരുമ്പോൾ വളർച്ച മുരടിക്കും. ചെറിയ കായികാധ്വാനംപോലും ശരീരത്തെ തളർത്തും. പഠനത്തിൽ ശ്രദ്ധയും നഷ്‌ടപ്പെടും. പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വ്യായാമംകൂടിയായാൽ കൗമാരപ്രായത്തിൽ മികച്ച ശരീരവടിവു രൂപപ്പെടുത്തിയെടുക്കാം. 

ചപ്പാത്തി, ചോറ്, ഇഡ്‌ഡലി, ബ്രെഡ് തുടങ്ങിയ അന്നജമുള്ള ഭക്ഷണത്തോടൊപ്പം പ്രോട്ടീൻ അടങ്ങിയ കറികൂടിയുണ്ടെങ്കിൽ ബാലൻസ്‌ഡ് ഫുഡ് ആയി. കളികളിലും കായികപരിശീലനത്തിലും ഏർപ്പെടുമ്പോൾ ചിലർക്കു ക്ഷീണം കൂടും. രക്‌തത്തിൽ ഇരുമ്പു കുറയുന്നതുകൊണ്ടാണിത്. ഇലച്ചെടികളിലുള്ള ഇരുമ്പ് ശരീരത്തിനു വേണ്ടവിധത്തിൽ ഉപയോഗിക്കാൻ പറ്റില്ല. ധാരാളം പരിപ്പും പയറും ഇവർ കഴിക്കണം. മാംസാഹാരങ്ങളിലും ധാരാളം ഇരുമ്പുണ്ട്. 

നോൺ വെജിറ്റേറിയനാണെങ്കിൽ കറിവച്ച മീൻ ഇഷ്‌ടംപോലെ കഴിക്കാം. അധികം എണ്ണ ചേർക്കാതെ കറിവച്ച കോഴിയിറച്ചി ആഴ്‌ചയിൽ ഒരുദിവസം കഴിക്കാം. കോഴിയിറച്ചി എളുപ്പം ദഹിക്കും. കൊഴുപ്പിന്റെ അളവും കുറവാണ്. പ്രാതലിന് ഇഡ്‌ഡലി സാമ്പാർ, ചപ്പാത്തി കടലക്കറി, ബ്രെഡ് മുട്ടക്കറി തുടങ്ങിയവയിൽ ഏതെങ്കിലുമാകാം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്‌സ്, കൊഴുപ്പ് തുടങ്ങിയ അവശ്യഘടകങ്ങൾ അടങ്ങിയതാവണം പ്രഭാതഭക്ഷണം. 

ധാന്യവും പയറും (അരിയും ഉഴുന്നും) ശരിയായ അനുപാതത്തിലടങ്ങിയതും ആവിയിൽ വേവിക്കുന്നതുമായ ഇഡ്‌ഡലി പ്രോട്ടീന്റെ കാര്യത്തിൽ സമ്പന്നമാണ്. ഗോതമ്പ് ദേഹബലം നൽകും. പ്രോട്ടീൻ ഏറെയുണ്ടു മുട്ടയിൽ. മിക്ക ബ്രെഡുകളിലും ബി. കോംപ്ലക്‌സ് ജീവകങ്ങൾ കൂടുതലായി ചേർത്തിട്ടുണ്ട്. 

രാവിലെ സ്‌കൂളിൽ പോകുംമുൻപു കാപ്പി കുടിക്കാൻ വേണ്ടത്ര സമയം കിട്ടാത്തവർ ഒരു ഗ്ലാസ് പാലും ഒരു ഏത്തപ്പഴവും കഴിച്ചാലും മതി. വേവിച്ചാലും നഷ്‌ടപ്പെടാത്ത പോഷകമൂല്യമുള്ള നേന്ത്രപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസിയം, സോഡിയം, ഫോസ്‌ഫറസ് തുടങ്ങിയ ധാതുക്കളും പഞ്ചസാരയുമടങ്ങിയിട്ടുണ്ട്. 

രാവിലത്തെ കാപ്പി തന്നെ ഉച്ചഭക്ഷണമായി കൊണ്ടുപോകുന്നവർ വൈകിട്ടു തിരിച്ചെത്തിയ ശേഷം ഊണു കഴിക്കുക. രാത്രി വീണ്ടും അത്താഴം കഴിക്കണമെന്നില്ല. കിടക്കുംമുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുക. വറുത്ത സാധനങ്ങൾ ഒഴിവാക്കിയാൽ മുഖക്കുരുവിൽനിന്നു ചർമത്തെ സംരക്ഷിക്കാം. 

കുട്ടികൾക്കിഷ്ടപ്പെടുന്നൊരു പൊട്ടറ്റോ ചിപ്സ് വീട്ടിൽ തയാറാക്കാം