Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറവിരോഗത്തിന്റെ പ്രധാന കാരണം ചില ഭക്ഷണങ്ങൾ തന്നെ!

alzheimers

നമ്മുടെ ഭക്ഷണരീതി അൽസ്ഹൈമേഴ്സ് രോഗത്തെ പ്രതിരോധിച്ചു നിർത്തുന്നുവെന്നു പുതിയ പഠനം. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് മാംസാഹാരം കുറച്ചു കഴിക്കുന്നവരാണ് ഇന്ത്യക്കാർ. ഇതേ കാരണം കൊണ്ടുതന്നെയാണു മറവിരോഗങ്ങളെ തടയാൻ നമുക്കു കഴിയുന്നത്. ലോകത്താകമാനം 42 ലക്ഷത്തിലധികം പേർക്കു മറവിരോഗം ഉള്ളതായാണു റിപ്പോർട്ട്. 

മാംസം, മധുരം, അമിതകൊഴുപ്പ് അടങ്ങിയ പാലുൽപന്നങ്ങൾ എന്നിവ തുടർച്ചയായി കഴിക്കുന്നതു മറവിരോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. പകരം മൽസ്യവിഭവങ്ങൾ ധാരാളം കഴിക്കാം.

മറക്കല്ലേ! ഇന്ന് ലോക മറവിരോഗ ദിനം...

ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്, 1985 മുതൽ 2008 വരെയുള്ള ജപ്പാനിലെ ജനങ്ങളുടെ ഭക്ഷണരീതിയിൽ വന്ന മാറ്റം മൂലം ഒന്നു മുതൽ ഏഴു ശതമാനം വരെ മറവിരോഗം കൂടിയെന്ന പഠനങ്ങളാണ്. പാരമ്പര്യ ഭക്ഷണരീതികൾ പിന്തുടർന്നു പോന്നിരുന്ന ജപ്പാൻകാർ ഇക്കാലയളവിൽ പാശ്ചാത്യ ഭക്ഷണരീതികളോടു കാണിച്ച അമിത ആഭിമുഖ്യമാണ് ഈ മാറ്റത്തിനു കാരണമെന്നുമാണു കണ്ടെത്തൽ. പച്ചക്കറി, പഴവർഗങ്ങൾ, കൊഴുപ്പുകുറഞ്ഞ പാലുൽപന്നങ്ങൾ, പയറുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ രോഗസാധ്യത കുറയ്ക്കുന്നുവെന്നു പഠനങ്ങളിലുണ്ട്. 

മാംസാഹാരം ഭക്ഷണത്തിൽ കുറയ്ക്കുക വഴി മറവിരോഗം മാത്രമല്ല, പ്രമേഹം, മസ്തിഷ്കാഘാതം, വൃക്കരോഗങ്ങൾ എന്നിവയെയും ഒരു പരിധിവരെ അകറ്റി നിർത്താമെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യ, ജപ്പാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണു മാംസാഹാരം കുറവു കഴിക്കുന്ന രാജ്യങ്ങൾ. ഇവിടത്തെ ജനങ്ങൾക്കു പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് അൻപതു ശതമാനത്തോളം മറവിരോഗങ്ങൾ കുറവാണെന്ന് അമേരിക്കൻ കോളജ് ഓഫ് ന്യുട്രീഷൻ ജേണലിലെ തന്റെ ലേഖനത്തെ ഉദ്ധരിച്ച് പോഷകാഹാര വിദഗ്ധൻ വില്യം ബി.ഗ്രാന്റ് പറയുന്നു.