Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവിലെ കഴിക്കണം, രാജാവിനെപ്പോലെ

protein-breakfast

നല്ല തുടക്കം ഏതൊന്നിനും ആവശ്യമാണെന്ന് പറയാറുണ്ട്. എന്നാൽ, ഇത് പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ ശരിയാണ്. പ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിക്കണമെന്നൊരു ചൊല്ലുണ്ട്. വിഭവസമൃദ്ധമായിരിക്കുമെന്നർഥം. ഇങ്ങനെയൊരു ചൊല്ല് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെക്കൂടി മനസ്സിലാക്കിയുണ്ടായതാണ്. പോഷക സമ്പന്നമായ പ്രഭാതഭക്ഷണം ഉച്ചവരെ നീളുന്ന പ്രവർത്തനങ്ങൾക്കുള്ള ഊർജം കൂടിയാണ്. ഉറക്കത്തിൽ നമ്മുടെ ശരീരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തലേ ദിവസം കഴിച്ച ഭക്ഷണം ഉറങ്ങുമ്പോൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും മസിലുകളുടെ കേടുപാടുകൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഉറക്കത്തിൽ നിന്നെഴുന്നേൽക്കുമ്പോൾ ശരീരത്തിന് ഉണർന്നുവരാൻ സമയം ആവശ്യമുണ്ട്. ഉറക്കമെഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ രക്ത സമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇതു സാധാരണ നിലയിലാക്കാൻ   ഭക്ഷണത്തിലൂടെ സാധിക്കണം. ഉറങ്ങുന്ന എട്ടുമണിക്കൂറിലേറെ സമയം ആഹാരം കഴിക്കാതിരുന്നശേഷമാണ് രാവിലെ ഭക്ഷണം കഴിക്കുന്നത്. ഇതുകൊണ്ടുതന്നെ രാവിലെ നല്ല ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കേണ്ടത് അനിവാര്യമാണ്. കഴിക്കുന്ന ആഹാരം അനുസരിച്ചിരിക്കും ആ ദിവസത്തെ പ്രവർത്തനവും. രാവിലെ കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് അമിത വണ്ണവും ദഹന സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

എഴുന്നേറ്റയുടൻ ആദ്യം കുറച്ചു വെള്ളം കുടിക്കുന്നതാണ് ദഹനസംവിധാനത്തെ ഉണർത്താൻ ഏറ്റവും നന്ന്. ശേഷം ഫ്രൂട്സ് കഴിക്കാം. ഫ്രൂട്സിൽ നിന്ന് ഊർജവും ഫൈബറും ആന്റി ഓക്സിഡന്റുകളും ലഭിക്കുന്നു. അല്ലെങ്കിൽ സ്പിനാച്ച് ഇലകളും അനാറും ചേർത്ത തക്കാളി ജ്യൂസ് കുടിക്കാം. സ്കൂളിലും ഓഫിസുകളിലുമൊക്കെ പോകുന്നവർ പ്രഭാത ഭക്ഷണം കഴിക്കുവരെ ഒന്നോ രണ്ടോ പഴം കഴിക്കുന്നത് നല്ലതാണ്. ഒപ്പം കുറച്ചു ഫ്രൂട്സ് കൂടി കഴിച്ചാൽ ഉച്ചഭക്ഷണം വരെയുള്ള സമയം ഊർജസ്വലമാക്കാൻ സാധിക്കും. ഫ്രൂട്സിനൊപ്പം ഈന്തപ്പഴം, ഡ്രൈ ഫിഗ്, ആപ്രിക്കോട്ട്, ഉണക്കമുന്തിരി, പ്രൂൺ തുടങ്ങിയവയും കഴിക്കാം. 

OLY-TURKS-DIET-CALORIES/

രാവിലെ എഴുന്നേറ്റാലുടൻ ചൂടായെന്തെങ്കിലും കുടിക്കണമെന്നുള്ളവർ കാപ്പിക്കോ, ചായയ്ക്കോ പകരം ഗ്രീൻ ടീ കുടിക്കുന്നതാണു നല്ലത്. ഇതിന് ഒരു മണിക്കൂറിന് ശേഷം ശരിയായ പ്രഭാതഭക്ഷണം കഴിക്കണം. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ സമ്പൂർണ ഭക്ഷണം ജപ്പാൻകാർ പ്രഭാത ഭക്ഷണമായി കഴിക്കുന്നുണ്ട്. ചില ഇന്ത്യൻ വിഭവങ്ങളിലൂടെ നമുക്കും നല്ല പ്രഭാതഭക്ഷണം കഴിക്കാനാവും. ഇതിൽ ചിലതാണ് ചുവടെ പറയുന്നത്. 

        ∙ ഇഡ്ഡലി, ചട്ണി, പച്ചക്കറികളിട്ട സമ്പാർ
        ∙ തൈരും വെജിറ്റബിൾ പറാത്തയും
        ∙ വെജിറ്റബിൾ ഊത്തപ്പം
        ∙ ഗ്രീൻപീസും പച്ചക്കറികളും ചേർന്ന ഉപ്പുമാവ്
        ∙ വെജിറ്റബിൾ സാൻഡ്‌വിച്ചിനൊപ്പം വെജിറ്റബിൾ മസാല എഗ് ഓംലെറ്റ്
        ∙ അരിമാവ് റൊട്ടി പച്ചക്കറികൾക്കൊപ്പം

മിക്കവരുടെയും വിശ്വാസം പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയാണെന്നാണ്. എന്നാൽ, രാവിലെ ഭക്ഷണത്തിലൂടെ ആവശ്യത്തിന് ഊർജം ലഭിക്കാതിരിക്കുന്നത് തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ ബാധിക്കുകയും ക്ഷീണത്തിനു കാരണമാകും ചെയ്യും. 

ഉറക്കമുണർന്നയുടൻ പഞ്ചസാര ചേർത്ത ചായയോ കാപ്പിയോ കുടിക്കുന്നത് താൽക്കാലികമായ ഉണർവ് ലഭിക്കും. എന്നാൽ കാപ്പിയിലെ കഫീനും പഞ്ചസാരയും ശരീരത്തിലെ വൈറ്റമിന്റെയും ധാതുക്കളുടെയും അളവ് കുറയുന്നതിനിടയാക്കും. ഇതിനു ശേഷം സ്വാഭാവിക ഭക്ഷണത്തിനു പകരം പ്രോസസ്ഡ് ഫുഡ്  കഴിക്കുന്നത് ശരീരത്തിലെ പോഷകങ്ങളെ നശിപ്പിക്കുന്നതിനും കാരണമാകും. 

Food-Fruits

പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നതു കുറച്ചുമാത്രം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പവഴിയല്ല. ഉറങ്ങിക്കിടക്കുന്ന എട്ടുമണിക്കൂറിലേറെ സമയം ഭക്ഷണം കിട്ടാതിരിക്കുന്ന ശരീരത്തിന് രാവിലെ നല്ല ഭക്ഷണം നൽകേണ്ടത് ആരോഗ്യം സംരക്ഷണത്തിന് അനിവാര്യമാണ്. എന്നാൽ നല്ല പ്രഭാത ഭക്ഷണം കഴിക്കാൻ കൂടി ശ്രദ്ധിച്ചെങ്കിൽ മാത്രമേ ഓരോ ദിവസവും ഊർജസ്വലമാക്കുവാനാവുകയുള്ളൂ എന്നകാര്യവും കൂടി ഓർമിക്കണം.