Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരാണ് പാചകലോകത്തെ ലിറ്റിൽ സൂപ്പർ സ്റ്റാറുകൾ

Roasted pumpkin seeds

കണ്ടാൽ ഇത്തിരിക്കുഞ്ഞൻമാർ, എന്നാൽ കാര്യത്തിൽ കെങ്കേമൻമാർ. പറഞ്ഞുവരുന്നത് ഇത്തിരിപ്പോന്ന ചെറുവിത്തുകളെക്കുറിച്ചാണ്. ഫ്ലാക്സ് സീഡ്, ചിയ സീഡ്, സൺഫ്ളവർ സീഡ്, പംപ്കിൻ സീഡ‍് അങ്ങനെ പോകുന്നു ഈ ചെറുവിത്തുകളുടെ നിര. നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന എള്ളും കസ്കസും ഒക്കെ ഈ കൂട്ടത്തിൽ തന്നെ വരും. 

പോഷകങ്ങളുടെ കാര്യത്തിൽ നിസ്സാരക്കാരല്ല ഇവർ. ആന്റി ഓക്സിഡന്റ്, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റമിനുകൾ തുടങ്ങിയവയുടെ കലവറയാണ് മിക്ക സീഡുകളും. രുചിയുടെ കാര്യത്തിലും പുറകോട്ടില്ല. അതുകൊണ്ടാണ് അടുത്തകാലത്തായി ഇവ പാചകലോകത്തെ ലിറ്റിൽ സൂപ്പർ സ്റ്റാറുകൾ ആയി മാറിയത്. മുൻപില്ലാത്ത വിധം പാചകത്തിൽ സീഡുകളുടെ ഉപയോഗം വർധിച്ചുവരുന്നതിനും കാരണം ഇതൊക്കെത്തന്നെ. 

രുചിലോകത്ത് പ്രിയങ്കരമായിക്കൊണ്ടിരിക്കുന്ന ചില ചെറുവിത്തുകളെ പരിചയപ്പെടാം. 

Roasted pumpkin seeds

പംപ്കിൻ സീഡ്, സൺ‌ഫ്ലവർ സീഡ് – 

പണ്ടൊക്കെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിരുന്ന മത്തങ്ങാകുരുവാണ് മത്തങ്ങയേക്കാൾ കേമനെന്ന് ഇന്ന് എല്ലാവരും തിരച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പംപ്കിൻ സീഡ് എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിലും കടകളിലും വാങ്ങാൻ കിട്ടും. വീട്ടിൽ മത്തങ്ങ വാങ്ങുമ്പോൾ കുരു ഉപ്പുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം വെള്ളമയം കളഞ്ഞ് പാനിൽ വറുത്തെടുക്കുക. തണ്ണിമത്തൻ കുരുവും ഇതുപോലെ ഉപയോഗിക്കാം. ആന്റി ഓക്സിഡന്റുകളാൽ സംമ്പുഷ്ടമാണ് പംപ്കിൻ സീഡുകൾ. 

എണ്ണ ആട്ടിയെടുക്കാൻ ഉപയോഗിക്കുന്ന സൂര്യകാന്തിയുടെ വിത്തിൽ വിറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. വറുത്ത സൂര്യകാന്തി വിത്തുകൾ കടകളിൽ വാങ്ങാൻ കിട്ടും. പ്രായത്തെ ചെറുക്കാനും ചർമസംരക്ഷണത്തിനും വളരെ ഗുണം ചെയ്യും. 

ചിയ സീഡ്സ് - സൂപ്പർ ഫുഡ് എന്ന വിശേഷണമുള്ള ചെറുവിത്താണ് ചിയ. തെക്കേ അമേരിക്കയാണ് ജൻമദേശം. കാഴ്ചയിൽ എള്ളിനോടും കറുത്ത കസ്കസിനോടു സാമ്യം. കറുപ്പ്, ബ്രൗൺ, വെള്ള നിറങ്ങളിലുണ്ട്. അയല, മത്തി പോലുള്ള മീനുകളിൽ ഉള്ളതിനേക്കാൾ എട്ടിരട്ടി ഒമേഗ 3 ഫാറ്റി ആസിഡും പാലിലുള്ളതിനേക്കാൻ അഞ്ചിരട്ടി കാൽസ്യവും ചീരയിലുള്ളതിനേക്കാൾ മൂന്നിരട്ടി അയണും ചിയയിലുണ്ട്. 

ഫ്ലാക്സ് സീഡ് - ചണച്ചെടികളുടെ ചെറുവിത്താണ് ഫ്ലാക്സ് സീഡ്. ഇതിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിൽ പകുതിയിലേറെ ഒമേഗ 3 ഫാറ്റി ആസിഡ് ആണ്. ഫ്ലാക്സ് സീഡ് ഉപയോഗിക്കുമ്പോൾ എളുപ്പം ദഹിക്കാനായി ചെറുതായി പൊടിച്ചശേഷം എടുക്കുക. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാനും ചീത്ത കൊളസ്ട്രോൾ എൽഡിഎൽ കുറയ്ക്കാനും ഫ്ലാക്സ് സീഡിനാകും. ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കാൻസർ, രക്തസമ്മർദം, ഹൃദ്രോഗങ്ങൾ എന്നിവ നിയന്ത്രിക്കാം. 

ഉപയോഗിക്കാം ഇഷ്ടംപോലെ 

സീഡുകൾ നമുക്ക് എങ്ങനെ വേണമെങ്കിലും ഏതു വിഭവത്തിലും ചേർക്കാം. ദോശമാവിലോ ചപ്പാത്തി മാവിലോ ചേർക്കാം. അല്ലെങ്കിൽ സാലഡുകൾ ഉണ്ടാക്കുമ്പോൾ ടോപ്പിങ്ങായി വിതറാം. ചുമ്മാ വറുത്തോ മുളപ്പിച്ചോ സ്നാക്സായി ഉപയോഗിക്കാം. പംപ്കിൻ സീഡുകളും ഫ്ലാക്സ് സീഡുകളും അമിത വണ്ണം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. ചിയ സീഡുകൾ സാലഡിൽ ചേർത്തോ വെള്ളത്തിൽ കുതിർത്ത് ജ്യൂസിലോ ഷേക്കിലോ ചേർത്തോ ഉപയോഗിക്കാം. നല്ലൊരു ബൈൻഡിങ് ഏജന്റായതിനാൽ കേക്കും മറ്റും ഉണ്ടാക്കുമ്പോൾ മുട്ടയ്ക്ക് പകരമായി ചിയ സീഡ് ഉയോഗിക്കാം. 

മിക്സഡ് സീഡ് ഫ്ലോർ 

ഫ്ലാക്സ് സീഡ്- രണ്ട് കപ്പ് 
കറുത്ത എള്ള്- 1/ 3 കപ്പ് 
സൺഫ്ലവർ സീഡ്- 1/3 കപ്പ് 
പംപ്കിൻ സീഡ്-1/3 കപ്പ് 

∙എല്ലാ സീഡുകളും മിക്സിയിൽ പൊടിച്ച് യോജിപ്പിച്ച് കുപ്പിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചപ്പാത്തി, ദോശ, പാൻകേക്ക് മാവുകൾക്കൊപ്പം ചേർത്ത് ഉപയോഗിക്കാം. 

മിക്സഡ് സീഡ്സ് സ്നാക് 

ഫ്ലാക്സ് സീഡ്- കാൽ കപ്പ് 
വെളുത്ത എള്ള്- കാൽ കപ്പ് 
മത്തങ്ങാ കുരു- കാൽ കപ്പ് 
ചിയ സീഡ്- കാൽ കപ്പ് 
നാരങ്ങാ നീര്- ഒരു വലിയ സ്പൂൺ 
ഒലീവ് ഓയിൽ- രണ്ട് ചെറിയ സ്പൂൺ 
ഉപ്പ് നീര്, കുരുമുളക് ആവശ്യത്തിന് 

∙എല്ലാ സീഡുകളും ഒരു പാത്രത്തിലാക്കി നാരങ്ങാനീരും ഒലിവ് ഓയിലും ഉപ്പും കുരുമുളകും ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് വെക്കുക. പാനിൽ എണ്ണയില്ലാതെ വറുത്തെടുക്കുക. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കുക. സാലഡ് ടോപ്പിങ്ങായോ സ്നാക്സായോ ഉപയോഗിക്കാം.