Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യ്യോ, ഇതു മത്തങ്ങ സൂപ്പാണോ?

ഗായത്രി ജയരാജ്
Butternut Soup

ഒരു പൊടിക്ക് ഓറഞ്ച് കലർന്ന സൂപ്പർ മഞ്ഞനിറം. കൊള്ളാം. കണ്ടിട്ടു കിടിലൻ. അതിലേക്ക് പൊരിച്ച പോട്ട് ബ്രെഡിന്റെ തവിട്ടുകട്ടകൾ ഇട്ടു. പരന്ന്, അൽപം കുഴിയുള്ള വെളുത്ത പ്ലേറ്റിൽ ഒരു പെയിന്റിങ് പോലെ. ബ്രഡിന്റെ കറുമുറയും മഞ്ഞച്ചാറിന്റെ കൊഴുപ്പും നാവിൽ തൊട്ടു. വൗ... അതേ എക്സൈറ്റ്മെന്റിൽ ഷെഫിനോടു ചോദിച്ചു,

വാട്സ് ദിസ്?
പംപ്കിൻ മാം.

യ്യോ, മത്തങ്ങാ? ഇതു മത്തങ്ങ സൂപ്പാണോ? ഉരുണ്ടിരിക്കുന്ന കക്ഷിയെ കാണാൻ ചേലുണ്ടെങ്കിലും എരിശേരിയൊന്നു തൊട്ടു നോക്കുമെന്നല്ലാതെ ങ്ഹേ ങ്ഹേ വേറെ ഒരു തരത്തിലും കഴിച്ചിട്ടില്ല. 

പിന്നെ, ഈ മത്തങ്ങയൊക്കെ സൂപ്പ് ആക്കുകയെന്നു വച്ചാൽ എന്തോ ഒരിത്. പക്ഷേ, സൗത്ത് ആഫ്രിക്കയിൽ, ഒരു കാടിന്റെ നടുവിലെ റസ്റ്ററന്റിൽ അപാര കൈപ്പുണ്യമുള്ള പാചകക്കാരി ഒരുക്കിയ യെലോ തിക്ക് സൂപ്പ്, സകല മത്തങ്ങച്ചിന്തകളെയും മറിച്ചിട്ടു. അപ്പോഴാണു ഷെഫ് പറയുന്നത്, ഇതു ബട്ടർനട്ട് പംപ്കിൻ ആണെന്ന്. നമ്മുടെ മത്തങ്ങയുടെ അതേ കുടുംബത്തിൽപെട്ട കക്ഷി. ചിലദിവസങ്ങളിൽ സാധാരണ മത്തങ്ങ കൊണ്ടും സൂപ്പ് ഉണ്ടാക്കുമെന്നും രുചിയിൽ വലിയ വ്യത്യാസമില്ലെന്നും അവർ വിശദീകരിച്ചു. 

സൗത്ത് ആഫ്രിക്കയിലെ സ്റ്റാർ റസ്റ്ററന്റുകളിൽ ഉൾപ്പെടെ ഈ സൂപ്പ് ഏറെ പ്രിയങ്കരം. ബട്ടർനട്ടും (അല്ലെങ്കിൽ മത്തങ്ങ) ഉരുളക്കിഴങ്ങുമാണു പ്രധാന ചേരുവ. വെളുത്തുള്ളിയും സവാളയും തൈമും പച്ചമുളകും നാരങ്ങാനീരും കുരുമുളകുപൊടിയുമെല്ലാം ചേർത്താണു സൊയമ്പൻ ടേസ്റ്റ്. ഒലിവ് ഓയിലിൽ എള്ളും മല്ലിയും വറുത്തിടുക കൂടി ചെയ്യുമ്പോൾ രുചിയേറും. ഒരുപാട് ഇന്ത്യക്കാർ സൗത്ത് ആഫ്രിക്കയിൽ ചെല്ലുന്നതു കൊണ്ടാകാം തേങ്ങാപ്പാലും കൂടി ചേർത്തു ചില റസ്റ്ററന്റുകളിൽ സൂപ്പിന് ഇന്ത്യൻ രുചി പകരുന്നത്. ചിലയിടങ്ങളിൽ ചിക്കൻ സ്റ്റോക്കും ഇതിനൊപ്പം ചേർക്കും.

ബ്രഡ് ക്രംപ്സ് ചേർത്തോ പോട്ട് ബ്രെഡ് ഇതിൽ മുക്കിയ കഴിക്കുമ്പോൾ രുചി കൂടും. 

ആറുപേർക്കുള്ള സൂപ്പ് എളുപ്പത്തിൽ തയാറാക്കാൻ (ചേരുവകൾ കുറവുള്ള രീതി)

ഒരു കിലോ ബട്ടർനട്ട്/മത്തങ്ങ – ചെറുകഷണങ്ങളാക്കിയത്
മാജരിൻ (Margarine)– 15 മില്ലി
വെളുത്തുള്ളി, കറുവപ്പട്ട– ആവശ്യത്തിന്
സവോള (ഒന്ന്) – നന്നായി കൊത്തിയരിഞ്ഞത്.
വെജിറ്റബിൾ സ്റ്റോക്ക്
750 മില്ലി വെള്ളം

മാർഗരിൻ ഉരുക്കി അതിലേക്കു സവോളയും ചതച്ച വെളുത്തുള്ളിയും ഫ്രൈ ചെയ്ത് എടുക്കുക. കറുവപ്പട്ട ഇട്ടു രണ്ടു മിനിറ്റ് കൂടി ഫ്രൈ ചെയ്യാം. ബട്ടർനട്ട് ഇതിലേക്കു ചേർക്കാം. ഒപ്പം വെള്ളവും വെജിറ്റബിൾ സ്റ്റോക്കും.  നന്നായി ഇളക്കുക. തിളച്ചതിനു ശേഷം കുറഞ്ഞ ചൂടിൽ വേവിക്കുന്നതു തുടരുക. 25–30 മിനിറ്റ് കഴിയുമ്പോൾ വാങ്ങി നന്നായി ബ്ലെൻഡ് ചെയ്യുക. അതിലേക്ക് പുളിപ്പില്ലാത്ത തൈര് (യോഗർട്ട്) ചേർത്ത് ഇളക്കുക. കട്ടി സൂപ്പ് വേണമെങ്കിൽ തൈരിനു പകരം ഫ്രഷ് ക്രീം ഉപയോഗിക്കാം. 

* പ്രത്യേക തരം വെണ്ണയാണു മാജരിൻ.

ആരോഗ്യ നേട്ടങ്ങൾ

∙ കൊഴുപ്പ് കുറഞ്ഞ ആരോഗ്യസൂപ്പ്
∙ വൈറ്റമിൻ ബി6, പൊട്ടാസ്യം എന്നിവയുടെ സ്രോതസ്സ്
∙ കരോറ്റിനോയിഡുകൾ ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യത്തിനു മികച്ചത്.