Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസിൽ കൂട്ടാൻ ട്യൂണ മസാലപ്പുട്ട്

ഷെഫ്. സിനോയ് കെ. ജോൺ, ദേ പുട്ട്, കൊച്ചി
Tuna Masala Putt

ആരോഗ്യകരമായ പ്രൊട്ടീൻ നിറഞ്ഞ ട്യൂണ മസാലപ്പുട്ടിനൊപ്പം ട്യൂണ നിറച്ചൊരു സലാഡുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഫാറ്റിനെ പേടിക്കാതെ ധൈര്യമായിക്കഴിക്കാവുന്നൊരു വിഭവമാണിത്. ബോഡി ബിൽഡേഴ്സിന് 350/400 കലോറിയോളം വരുന്ന ഈ വിഭവം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. പ്രൊട്ടീൻ സമ്പുഷ്ടമായ വ്യത്യസ്തമായ ഈ വിഭവം കുട്ടികൾക്കും കൊടുക്കാം.

ട്യൂണ മസാലയ്ക്കു വേണ്ട ചേരുവകൾ

ട്യൂണ ഫ്ലെയ്ക്സ്/ ചങ്ക്സ് – 60 ഗ്രാം
സവോള – 60 ഗ്രം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 10 ഗ്രാം ( ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 10 ഗ്രാം ( ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 10 ഗ്രാം ( ചെറുതായി അരിഞ്ഞത്)
മുളകുപൊടി – 5ഗ്രാം
മഞ്ഞൾപൊടി – 3 ഗ്രാം
തേങ്ങാപ്പാൽ – 15 മില്ലി ലിറ്റർ
വെളിച്ചെണ്ണ – 10 ഗ്രാം
കടുക് – 2 ഗ്രാം ( ഒരു ചെറിയ സ്പൂൺ)
നാരങ്ങ നീര് – പകുതി നാരങ്ങയുടെത്
തേങ്ങ ചിരകിയത് – 5 ഗ്രാം
ഉപ്പ് – ആവശ്യത്തിന് (ട്യൂണയിൽ ആവശ്യത്തിന് ഉപ്പ് ഉള്ളതുകൊണ്ട് ഇതിന് അവസാനം ഉപ്പ് ചേർത്താൽ മതിയാകും.)
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
പുട്ടുപൊടി – 100 ഗ്രാം (ഒരു പുട്ടിന് ഏകദേശം വേണ്ടത് )

പാചകരീതി

ഒരു ഗ്ലാസ് അരിപ്പൊടിക്ക് ഒരു ഗ്ലാസ് വെള്ളം (ഉപ്പിട്ട് തിളപ്പിച്ച് ആറിയ വെള്ളം) എന്ന കണക്കിനെടുത്ത് അരിപ്പൊടി നനച്ച് പുട്ടിന് തയാറാക്കി ഇരുപതു മിനിറ്റ് വയ്ക്കണം. തരിയില്ലാതെ വേണം പുട്ടുപൊടി തയാറാക്കാൻ. ട്യൂണ മസാല തയാറാക്കാൻ പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. ഈ കൂട്ടിലേയ്ക്ക് ട്യൂണയും ചേർത്ത് നന്നായി വഴറ്റിയെടുത്ത് , നാരങ്ങാ നീരും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് തീ ഓഫ് ചെയ്യാം. ട്യൂണമസാല റെഡിയായിക്കഴിഞ്ഞു. ട്യൂണമസാലപ്പുട്ട് തയാറാക്കാൻ ചിരട്ടപ്പുട്ടിന്റെ കണയിലേയ്ക്ക് ആദ്യം തേങ്ങ, അരിപ്പൊടി, ട്യൂണമസാല, വീണ്ടും അരിപ്പൊടി , ട്യൂണമസാല എന്നിങ്ങനെ ഒന്നിടവിട്ട് നിറച്ച് അരിപ്പൊടികൊണ്ട് കവർ ചെയ്യുക. ഒന്നര രണ്ടു മിനിറ്റ് സമയം പ്രഷർകുക്കറിന്റെ മുകളിൽ വച്ച് ആവികയറ്റി വേവിച്ചെടുക്കാം.

ട്യൂണ സലാഡ് തയാറാക്കാൻ

ട്യൂണ ഫ്ലെയ്ക്ക്സ് – 30 ഗ്രാം
സവോള – 15 ഗ്രാം ( ചെറിയ ക്യൂബ്സ് ആയിട്ട് കട്ട് ചെയ്തത്)
കുക്കുംമ്പർ – 15 ഗ്രാം ( കുരുകളഞ്ഞ് ചെറിയ ക്യൂബ്സ് ആയിട്ട് മുറിച്ചത്)
തക്കാളി – 15 ഗ്രം ( കുരുകളഞ്ഞത്)
കാപ്സിക്കം – 15 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
സലാഡ് ഒായിൽ – 5 മില്ലി ലിറ്റർ
ചുവപ്പ് നിറത്തിലുള്ള പച്ചമുളക് – 2 ഗ്രാം
നാരങ്ങാ നീര് – പകുതി

സലാഡിന്റെ കൂട്ടെല്ലാം നന്നായി യോജിപ്പിച്ച് ചേർത്താൽ ട്യൂണ സലാഡ് റെഡി. ട്യൂണ ഇതിലേക്ക് അവസാനം ചേർത്താൽ മതിയാകും.

ഒരു പ്ലെയിറ്റിലേയ്ക്ക് ട്യൂണമസാലപ്പുട്ട് സാലാഡ് എന്നിവയിട്ട് ആദ്യം സലാഡ് കഴിക്കുക അതു കഴിഞ്ഞ് പുട്ടു കഴിക്കുക. ഈ രീതിയിൽ കഴിച്ചാൽ ഏറെ രുചികരമാണ് മസാലപ്പുട്ടും ട്യൂണ സലാഡും.