Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേപ്പൂരിലെ രുചിക്കാറ്റ് ; ഏട്ടീക്കാന്റെ നാടൻരുചിയുള്ള ബിരിയാണി കഥ

മിത്രൻ വി.
beypore ബേപ്പൂർ പുലിമൂട്ടിലേക്കുള്ള കവാടത്തിലൂടെ ബലൂണുമായി ഓടിവരുന്ന കുട്ടികൾ. ചിത്രം: റസൽ ഷാഹുൽ

മഴ മാറിനിന്ന ഞായറാഴ്ച. എങ്ങോട്ടുപോവുമെന്ന്  ആലോചിച്ചാൽ, ശ്ശെടാ.. ആദ്യം മനസിൽ ഓടിയെത്തുക കടപ്പുറവും മാനാഞ്ചിറയുമാണ്. വേണ്ട,ഇത്തവണ ഒന്നു റൂട്ട് മാറ്റിപ്പിടിക്കാം. വണ്ടി നേരെ തെക്കോട്ട് വിട്ടു. കടൽക്കാറ്റേറ്റുറങ്ങുന്ന ചരിത്രത്തിലേക്കാവട്ടെ ഈ യാത്ര. കൂടെ അൽപം നാട്ടുരുചിയും അറിയാം.

‘‘പോടാ എണീറ്റ്, അവന്റെയൊരു ലൊഡുക്കൂസ് ആഖ്യ! ഇതിൽ നിന്റെയൊരു ചട്ടുകാലൻ ആഖ്യാതമില്ലെങ്കിലെന്ത്? അവന്റെയൊരു പളുങ്കൂസൻ വ്യാകരണം!!’’ ബേപ്പൂരേക്ക് പോവാം എന്നു തീരുമാനിച്ചപ്പോൾ  മനസിൽ മുഴങ്ങുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദമാണ്. മലയാളത്തിന്റെ സ്വന്തം ബേപ്പൂർ സുൽത്താൻ. മങ്കോസ്റ്റിൻ മരച്ചുവട്ടിൽ ചാരുകസേരയിട്ട് ഹിന്ദുസ്ഥാനി ഗസൽകേൾക്കുന്ന ബഷീർ. ബേപ്പൂരിന്റെ ആഖ്യയും ആഖ്യാതവുമാണ് ആ ഓർമ.

മാനാഞ്ചിറനിന്ന് തെക്കോട്ട് സാധാരണ പകൽ വഴിനീളെ വണ്ടികളുടെ തിരക്കാണ്. പക്ഷേ അവധി ദിവസമായതിനാൽ റോഡിനൊരു ആലസ്യമുണ്ട്. വളഞ്ഞും പുളഞ്ഞുമൊഴുകുന്ന വഴി. വെള്ളത്തിൽ പൂതലിച്ച മരത്തടികളുടെ മണമുള്ള കല്ലായിപ്പുഴ കടന്ന് റെയിൽവേസ്റ്റേഷനു മുന്നിലെ അപ്പൂപ്പൻമരത്തിന്റെ തണലു കൊണ്ട് തെക്കോട്ട്. മീഞ്ചന്ത അരക്കിണറിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മാത്തോട്ടം, നടുവട്ടം വഴി 11 കിലോമീറ്റർ സഞ്ചരിച്ചാൽ ബേപ്പൂരെത്തി. നടുവട്ടം മുതൽ അങ്ങോട്ട് ബേപ്പൂരാണ്. ഒരു വശത്ത് യൗവനയുക്തയായ ചാലിയാർ. മറുവശത്ത് സുറുമയെഴുതിയ അറേബ്യൻസുന്ദരിയെപ്പോലെ കടൽ. 

വീതികുറഞ്ഞ റോഡുകളും ചെറുകെട്ടിടങ്ങളുമുള്ള ഒരു കുഞ്ഞു ബസാർ.അതാണ് ബേപ്പൂർ. കടൽക്കാറ്റിന്റെ മണവും ഉരുവിന്റെ പശയുടെ മണവും തങ്ങിനിൽക്കുന്ന വഴികൾ. ഏതു വഴിയും ചെന്നെത്തുന്നത് ഒന്നുകിൽ ചാലിയാറിന്റെ തീരത്ത്, അല്ലെങ്കിൽ കടപ്പുറത്ത്.. 

ബേപ്പൂരിൽ കടലിനെ ലാക്കാക്കി വെച്ചുപിടിച്ചു. ഇടതുവശത്ത് തുറമുഖത്തിലേക്കുള്ള വഴി. വലത്തോട്ടുപോയാൽ പുലിമുട്ട്. നേരെ പുലിമുട്ടിലേക്ക് വെച്ചുപിടിച്ചു. ചാലിയാറിനെ അറബിക്കടൽ ഇരുകൈയും കൊണ്ട് ചേർത്തുപിടിക്കുന്ന ഭാഗത്താണ് പുലിമുട്ട്. ഒരു കിലോമീറ്ററോളം ദൂരം കടലിൽ വലി പാറക്കഷ്ണങ്ങൾ ഇട്ടു നിർമിച്ച പുലിമുട്ടിലൂടെ  അങ്ങു പടിഞ്ഞാറോട്ടു നടക്കാം. അറ്റത്തു ചെന്ന് തിരിഞ്ഞുനോക്കിയാൽ കരയിൽ തലതല്ലിച്ചിതറുന്നതിരകൾ. ഭാഗ്യമുണ്ടെങ്കിൽ പലപ്പോഴും ഡോൾഫിനുകളെയും ഈ ഭാഗത്ത് കാണാമത്രേ. ട്രോളിങ് കാലമായതിനാൽ ബോട്ടുകൾ കരയ്ക്കടുപ്പിച്ച് നങ്കൂരമിട്ടിരിക്കുകയാണ്. പല ബോട്ടുകളിലും അറ്റകുറ്റപ്പണി നടക്കുന്നു. ഉരുക്കളും നിശ്ചലമാണ്. ആകെ ഉറക്കത്തിലാണ് തുറമുഖം. ചാലിയത്തേക്കുള്ള ജങ്കാർ മാത്രം സജീവമാണ്. അക്കരെ കടന്നാൽ ലൈറ്റ്ഹൗസ് കാണാം.ബോട്ടിൽ പണിയെടുക്കുന്ന ചിലരോട് സംസാരിച്ചിരുന്നപ്പോഴേക്ക് വിശപ്പുവന്നു കയറി. ‘നേരെ ഏട്ടീക്കാന്റെ കടേലേക്ക് വിട്ടോളീ’ എന്ന് അവരുപദേശിച്ചു.

ഏട്ടീക്കാന്റെ ബിരിയാണിക്കട

ബേപ്പൂർ ബസ്സ്റ്റാൻഡിന്റെ എതിർവശത്താണ് ഏട്ടീക്കാന്റെ ബിരിയാണി കട. എ.ടി ബിരിയാണി സെന്ററിന് നാട്ടുകാരുടെ നാവിൻതുമ്പിലുള്ള വിളിപ്പേരാണ് ഇത്. എ.ടി.പാലസ് എന്ന ഹോട്ടലിനു തൊട്ടടുത്താണ് ബിരിയാണിക്കട. എ.ടി ബിരിയാണി സെന്റർ എന്ന പേര് ചെറിയ അക്ഷരങ്ങളിലായതിനാൽ പെട്ടന്നു കണ്ണിൽപ്പെടില്ല.

mt-biriyanikkada എ.ടി ബിരിയാണിക്കട

അകത്ത് എട്ടുപത്തു മേശയും കസേരകളും.കൈ ചൂണ്ടമ്പോഴേക്ക് ചൂടുള്ള ബിരിയാണി ഓടിയെത്തി. നാടൻരുചിയുള്ള ബിരിയാണിക്കൊപ്പം തൈരൊഴിച്ച സലാഡും അച്ചാറും മുറയ്ക്ക് അകത്തേക്ക് പോയിക്കൊണ്ടിരുന്നു. കൂടെ ഏട്ടീക്കായെന്ന എ.ടി. അഷ്റഫിന്റെ കഥയും.കടയിൽ വെള്ള ഷർട്ടും വെള്ള പാന്റുമിട്ട മനുഷ്യൻ സജീവമായി ഓടി നടക്കുന്നുണ്ട്. അതാണ് നാട്ടുകാരുടെ സ്വന്തം ഏട്ടീക്കാ. 

കൊച്ചിക്കാർക്ക് കായിക്ക പോലെയാണ് ബേപ്പൂരുകാർക്ക് ഏട്ടീക്കാ. എ.ടി. അഷ്റഫ് എന്നാണ് മുഴുവൻ പേര്. മുപ്പതിലധികം വർഷമായി ബിരിയാണി മാത്രം വിൽക്കുന്നയാളാണ് ആലുങ്കൽ താഴേത്തൊടി വീട്ടിൽ എ.ടി അഷ്റഫ്. പതിനെട്ടാം വയസിൽ സുഹൃത്താണ് ബിരിയാണിയുണ്ടാക്കാൻ പഠിപ്പിച്ചത്. ഇരുപത്തിനാലാം വയസിൽ ബിരിയാണിക്കട തുടങ്ങി. നൂറു രൂപയാണ് ഒരു ഫുൾ ബിരിയാണിയുടെ വില. ചിക്കനും ബീഫും എഗ്ഗുമായി മൂന്നുതരം ബിരിയാണിയാണ് ലഭിക്കുക. രാവിലെ 11 മുതൽ രാത്രി 11 വരെ  നിർത്താതെയുള്ള ബിരിയാണി വിൽപ്പന. 

ഹാർബറിൽനിന്ന് കടലിൽപോവുന്നവരുടെ പ്രധാന ഭക്ഷണമാണ് ഏട്ടിക്കായുടെ ബിരിയാണി. ഓരോ ബോട്ടും ഹാർബർ വിടുമ്പോൾ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ബിരിയാണിപ്പൊതിയുമുണ്ടാവും. ഓളപ്പരപ്പിലിരുന്ന് ബിരിയാണി കഴിക്കാൻ ബഹുരസമാണെന്നാണ് കഥ. 

കയമ അരി കൊണ്ടാണ് ബിരിയാണിവെയ്പ്പ്. വെയ്ക്കുന്നത് പരമ്പരാഗതരീതിയിലാണ്. പക്ഷേ അരിയുടെ ഗുണം കുറയുന്നത് ബിരിയാണിയുടെ രുചിയേയും ബാധിക്കുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. ബിരിയാണിയുണ്ടാക്കുന്നവനെയല്ല, അത് പ്ലേറ്റിലേക്ക് പകരുന്നവനെ തൊഴണമെന്നാണ് അഷ്റഫിന്റെ പക്ഷം. കൃത്യമായ അളവിൽ മസാലയും ചോറും ചേർത്ത് പ്ലേറ്റിലേക്ക് പകരുമ്പോഴാണ് ബിരിയാണിയുടെ രുചി കൂടുന്നത്.

ബേപ്പൂരെ ‘ഠാ’വട്ടത്ത് തായം കളിക്കുന്ന ചെറിയ ബിരിയാണിക്കാരനല്ല ഏട്ടീക്ക. അങ്ങ് മംഗലാപുരത്ത് എ.ടി. ദം ബിരിയാണി സെന്റർ എന്നൊരു കടയുണ്ട്. അതിന്റെ മുതലാളിയാണ് എ.ടി.അഷ്റഫ്. ഫറോക്ക് പേട്ടയിൽ വിശാലമായ ഹോട്ടലിന്റെ പണി അവസാനഘട്ടത്തിലാണ്. ഈ മാസം പതിനഞ്ചോടെ ഉദ്ഘാടനം ചെയ്യുമെന്ന് അഷ്റഫ് പറയുന്നു. ഹോട്ടലിനു ‘സിൽവർ സ്പൂൺ’, ‘റെഡ് പെപ്പർ’ തുടങ്ങിയ പരിഷ്കാരി പേരിടാമെന്ന് കൂട്ടുകാർ ഉപദേശിച്ചു. പക്ഷേ ഏട്ടീക്കാന്റെ ഹോട്ടൽ എന്നാണ് കടയുടെ പേര്. നാട്ടുകാരിട്ട വിളിപ്പേരിനേക്കാൾ വലിയ പരിഷ്കാരമൊന്നും തന്റെ ഹോട്ടലിനു വേണ്ട എന്നാണ് അഷ്റഫിന്റെ വാദം.

രുചിയുള്ള ബേപ്പൂർ ചരിത്രം

ഇന്ത്യയിലെ അതിപുരാതന തുറമുഖ നഗരമായ കോഴിക്കോടിന്റെ ശക്തികേന്ദ്രമായിരുന്നു ബേപ്പൂർ തുറമുഖം. പണ്ടുപണ്ടുപണ്ട് ഇസ്രയേൽ രാജാവായിരുന്ന സോളമന്റെ കാലത്ത് ബേപ്പൂരിൽ ഉരു നിർമാണം ഉണ്ടായിരുന്നു. ജറുസലമിലെ നഗരകവാടത്തിന് മലബാർ തേക്ക് ഉപയോഗിച്ചിരുന്നെന്നും അത് ബേപ്പൂരിൽ നിന്നാണ് കയറ്റി അയച്ചതെന്നും കരുതപ്പെടുന്നു. പുരാതന സാംസ്‌കാരിക കേന്ദ്രമായ സുമേരിയയ്‌ക്ക് കോഴിക്കോടുമായി ബന്ധമുണ്ടായിരുന്നു. സുമേരിയയ്‌ക്ക് ഇവിടെ നിന്ന് ഉരുക്കൾ യാത്രപുറപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പഴയകാലത്തെ സിൽക്ക് റൂട്ടുമായി ഇവിടത്തെ ഉരു നിർമാണത്തിനു ബന്ധമുള്ളതായും സൂചനയുണ്ട്.

ചേരവംശത്തിലെ ഒടുവിലത്തെ കണ്ണിയായിരുന്ന ചേരമാൻ പെരുമാൾ ഇസ്‌ലാം മതം സ്വീകരിക്കാൻ മക്കയിലേക്കു 1300 വർഷം മുമ്പു പോയതായി ചില ചരിത്രകാരൻമാർ പറയാറുണ്ട്. ബേപ്പൂരുകാർ നിർമിച്ച ഉരുവിലായിരുന്നുവത്രേ ആ യാത്ര.

ഹൈദരലിയുടെയും ടിപ്പുവിന്റെയും പടയോട്ടവും സാമൂതിരിമാരുടെ പ്രതാപവും അനുഭവിച്ചറിഞ്ഞ ചരിത്രമുണ്ട് പരപ്പനാട് രാജ കുടുംബത്തിന്. പരപ്പനാട് രാജാക്കന്മാർക്ക് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും രണ്ട് ശാഖകൾ ഉണ്ടായിരുന്നു. ബേപ്പൂരിലെ ശാഖയെ വടക്കൻ പരപ്പനാട് എന്നാണ് വിളിച്ചു പോന്നത്. ബേപ്പൂർ വാർഫും, സിൽക്കിന്റെ കപ്പൽ പൊളി കേന്ദ്രവും ഫിഷിംഗ് ഹാർബറും, കോസ്‌റ്റൽ ഗാർഡ് സ്‌റ്റേഷനും ഉൾപ്പെടുന്ന ഭാഗത്ത് നിറഞ്ഞു നിന്നതായിരുന്നു അന്നത്തെ കരിപ്പാ കോവിലകം.

മൈസൂർ സുൽത്താന്മാരുടെ ആക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ അനുഭവിച്ചവരാണ് പരപ്പനാട് കോവിലകം. മൈസൂരിന്റെ അതിക്രമത്തെ ഭയന്ന് ഈ കുടംബത്തിലെ അഞ്ചു തമ്പുരാട്ടിമാരും മൂന്നു തമ്പുരാക്കന്മാരും തിരുവിതാംകൂർ രാജാവിൽ അഭയം തേടിയിരുന്നു.

തമ്പുരാട്ടിമാർക്ക് തിരുവിതാംകൂർ രാജാവ് കിളിമാനൂർ, ഹരിപ്പാട്, ചങ്ങനാശ്ശേരി, മാവേലിക്കര എന്നിവിടങ്ങളിൽ കോവിലകങ്ങൾ പണിതു കൊടുത്തു. ചിത്രകാരൻ രാജാരവിവർമ്മയും സാഹിത്യകാരൻമാരായ കേരള വർമ്മ വലിയ കോയി തമ്പുരാനും എ. ആർ. രാജരാജ വർമ്മയുമൊക്കെ ഇവരുടെ പിൻമുറക്കാരാണ്.കടലിൽ ഉരുവാണെങ്കിൽ കരയിൽ തീവണ്ടിയിലാണ് ബേപ്പൂ‍രിന്റെ പെരുമ. മലബാറിൽ ആദ്യമായി തീവണ്ടിയോടിയത് ബേപ്പൂരിൽനിന്ന് തിരൂർ വരെയാണ്.