Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കിഷ്ടപ്പെട്ടൊരു പനീർ കറി

പനീർ കറി

കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീർ. ദിവസവും ആവശ്യമുള്ളതിന്റെ എട്ടു ശതമാനം കാൽസ്യം പനീറിൽ ഉണ്ട്. എല്ലുകൾക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീർ ഏറെ ഗുണകരമാണ്. വളരുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് പനീർ. പ്രോട്ടീൻ ധാരാളം അടങ്ങിയതിനാലും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതിനാലും കുട്ടികൾക്ക് പനീർ വിഭവങ്ങള്‍ നൽകണം. പനീറിൽ അടങ്ങിയ ജീവകങ്ങൾ, ധാതുക്കൾ, കാൽസ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളിൽ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളിൽ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. പാൽ അലർജിയുള്ള കുട്ടികൾക്കും പനീർ നൽകാം. അങ്ങനെ ആവശ്യമുള്ള പോഷകങ്ങൾ അവർക്കു ലഭിക്കും.പനീർ കറിയുടെ രുചിക്കൂട്ട് പരിചയപ്പെടാം.


1. പനീർ – 50 ഗ്രാം
2. ചീസ് ഗ്രേറ്റു ചെയ്തത് – 3 ഡിസേർട്ട് സ്പൂൺ
3. തക്കാളി കൊത്തിയരിഞ്ഞത് – കാൽ കിലോ
4. പാചക എണ്ണ – ഒരു കപ്പ്
5. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് – ഒരോ ടീസ്പൂൺ വീതം
6. മല്ലിപ്പൊടി – രണ്ടു ടീസ്പൂൺ
മുളകുപൊടി – രണ്ടു ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
7. ഉപ്പ് – പാകത്തിന്‌

പാകം ചെയ്യുന്ന വിധം

∙പനീർ കഷണങ്ങൾ ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ബാക്കി എണ്ണയിൽ ഇഞ്ചിയും വെളുത്തുള്ളിയുമരച്ചതു വഴറ്റുക.
∙ഇതിൽ തക്കാളി ചേർത്തു വഴറ്റി കുഴമ്പു പരുവമാകുമ്പോൾ ആറാമത്തെ ചേരുവകൾ ചേർത്തു വഴറ്റി ചീസ് ചേർത്ത് രണ്ടു മിനിറ്റു തിളപ്പിക്കുക.
∙പനീറിട്ട്, പാകത്തിന് ഉപ്പും ചേർത്തു രണ്ടു മിനിറ്റ് അടച്ചു വേവിച്ചു വാങ്ങുക.