Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്​ലെറ്റ്

ശാന്താ അരവിന്ദ്
fish-cutlet

കപ്പയും മീനും കട്​ലറ്റായി കിട്ടിയാൽ ആർക്കാണ് ഇഷ്ടമല്ലാത്തത്.  വീക്കെൻഡ് സ്പെഷൽ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

(1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം
(2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കിൽ വലിയ അയില കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങയുടെ നീര്, ഉപ്പ് ചേർ‌ത്ത് വേവിച്ച് സ്പൂൺകൊണ്ട് മുള്ളു നീക്കിക്കളഞ്ഞെടുക്കണം. ചെറിയ മുള്ളുപ്ലക്കറെടുത്ത് പെറുക്കിയും കളയാം: 350–400 ഗ്രാം
(3) ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് : ഒന്നര ടേബിൾസ്പൂൺ
(4) സവാള ചെറുതായരിഞ്ഞത് : മുക്കാൽ കപ്പ്
(5) കാരറ്റ്, തക്കാളി പൊടിയായി അരിഞ്ഞത് : 1 ടേബിൾ സ്പൂൺ വീതം. കറിവേപ്പില, മല്ലിയില പൊതിന അരിഞ്ഞെടുത്തത് : അരക്കപ്പ്
(6) കുരുമുളകുപൊടി, ഗരം മസാലപ്പൊടി: 1 ടീസ്പൂൺ വീതം
(7) കോഴിമുട്ട വെള്ള : 2 എണ്ണം
(ഓരോനുള്ള് ഉപ്പും കുരുമുളകുപൊടിയും ഇട്ട് അടിച്ചുവയ്ക്കണം)
(8) ബ്രെഡ് സ്ലൈസസ് : 8–10 എണ്ണം മിക്സിയിൽ പൊടിച്ചെടുക്കണം.
(9) വെളിച്ചെണ്ണ : വറുക്കാനാവശ്യത്തിന്

പാകം ചെയ്യുന്നവിധം

കുറച്ചു വെളിച്ചെണ്ണയിൽ‍ ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ച് സവാള ചേർത്ത് വഴറ്റണം. കാരറ്റ് തക്കാളി ചേർ‌ത്ത് വീണ്ടും വഴറ്റിയതിൽ ഇലകളും കുരുമുളകുപൊടി ഗരം മസാല ചേർത്തിളക്കി കപ്പയും മീനും ചേർത്ത് നന്നായി യോജിപ്പിച്ചു കയിലു കൊണ്ട് ഉടച്ചു ചേർ‌ത്തുവയ്ക്കണം. ചൂടു കുറഞ്ഞാൽ കൈകൊണ്ട് മയം വരുത്തി, കട്ട്ലറ്റുകൾ ഷേപ് ചെയ്തെടുക്കണം.

പരന്ന നോൺസ്റ്റിക് പാത്രത്തിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കട്ട്ലറ്റുകൾ ഓരോന്നായെടുത്ത് മുട്ടവെള്ളയിൽ‌ മുക്കി ബ്രെഡ്പൊടിയിൽ പൊതിഞ്ഞ് ഇരുവശവും ഒരേപോലെ മൊരിച്ചെടുക്കണം. തീരെ കരിഞ്ഞുപോകാതെ തീയൊന്നു കുറച്ചുവേണം പാകപ്പെടുത്താൻ. ടൊമാറ്റോ ചട്ട്ണി കൂട്ടി കഴിക്കാൻ വളരെ രുചികരമായ കപ്പ മീൻ കട്ട്ലറ്റ് ഏവർക്കും ഇഷ്ടപ്പെടും.