Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിയുടെ പൊടിപൂരം മട്ടൺ കുരുമുളക് പിരളൻ

608005280

മട്ടൻ രുചി പിരളനാക്കിയാലോ? രുചിയുടെ പടയൊരുക്കം തീൻ മേശയിൽ നിറയട്ടെ. അപ്പം, പത്തിരി, ചപ്പാത്തി, ചോറ് എന്നിവയോടൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ വിഭവമാണിത്.

ചേരുവകൾ

മട്ടൺ – 750 ഗ്രാം
മഞ്ഞൾപൊടി – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ
നെയ്യ് – ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി, ഇഞ്ചി (പൊടിയായി അരിഞ്ഞത്) – ഒരു ടേബിൾ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
സവാള– നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് നീളത്തിൽ അരിഞ്ഞത് – മൂന്നെണ്ണം
തക്കാളി അരിഞ്ഞത് – ഒരു കപ്പ്
കുരുമുളക് – ഒരു ടേബിൾ സ്പൂൺ
മല്ലി – ഒരു ടേബിൾ സ്പൂൺ
ഗ്രാമ്പൂ– അഞ്ചെണ്ണം
കറുവാപ്പട്ട –ഒരിഞ്ചു കഷണം
വഴനയില – ഒരെണ്ണം (എല്ലാം അല്‍പ്പമൊന്നു ചൂടാക്കി പൊടിച്ചെടുക്കണം)
മല്ലിയിലയും പുതിനയിലയും– കുറേശ്ശെ
കോൺഫ്ലോർ – ഒരു ടീസ്പൂൺ
കട്ടിയുള്ള തേങ്ങാപാൽ – ഒന്നര ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

മട്ടൺ ഇടത്തരം കഷണങ്ങളായി മുറിച്ചു കഴുകിയെടുക്കുക. അതിൽ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഇളക്കി നന്നായി വേവിച്ചെ ടുക്കണം. ഒരു നോൺസ്റ്റിക്ക് പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നെയ്യൊഴിച്ച് ഇഞ്ചിയും െവളുത്തുള്ളിയുമിട്ട് മൂപ്പിച്ച് കറിവേപ്പിലയും ചേർത്തിളക്കുക. അതിലേക്ക് അരിഞ്ഞു വച്ച സവാളയും ചുവന്നുള്ളിയും ഇട്ട് നന്നായി വഴറ്റുക. അതിനുശേഷം തക്കാളിക്കഷണങ്ങളിട്ട് വഴറ്റണം. തക്കാളി നല്ലപോലെ വഴന്നു കഴിഞ്ഞാൽ വേവിച്ചു വച്ച മട്ടൺ ചാറോടെ ചേർത്തിളക്കാം. കോൺഫ്ലോർ അര കപ്പ് ചൂടു വെള്ളത്തിൽ കലക്കി ഒഴിച്ചു യോജിപ്പിക്കാം. തയാറാക്കിവച്ച മസാലപ്പൊടി, തേങ്ങാപ്പാൽ, മല്ലിയില, പുതിനയില എന്നിവ യും ചേർത്തിളക്കി പിരളൻ പാകത്തിൽ തയാറാക്കാം. ഗ്രേവി കൂടിപ്പോകാനോ തീരെ കുറഞ്ഞു പോകാനോ പാടില്ല. വളരെ രുചികരമായ മട്ടൺ കുരുമുളകു പിരളൻ റെഡി.