Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഡ്ഡലിയും ദോശയും തയാറാക്കുമ്പോൾ ശ്രദ്ധിക്കാൻ...

Food

ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് ഇഡ്ഡലിയും ദോശയും. മാവ് തയ്യാറക്കി വച്ചിരുന്നാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നത്. കുട്ടികൾക്ക് വേണ്ടി ചില പൊടിക്കൈകൾ കൂടി ചേർത്താൽ പുതുമയോടെ ചുട്ടെടുക്കാം.

∙ ഇഡ്ഡലിയ്ക്ക് അരയ്ക്കുന്ന കൂട്ടിനൊപ്പം ഒരു കപ്പ് അവൽ കൂടി ചേർക്കുക നല്ല മൃദുവായ ഇഡ്ഡലി ലഭിക്കും.

∙ ഇഡ്ഡലി മാവിൽ വെള്ളം കൂടിപ്പോയാൽ വിഷമിക്കേണ്ട ഒരു വലിയ സ്പൂൺ റൊട്ടിപ്പൊടി അല്ലെങ്കിൽ ഒരു ചെറിയ സ്പൂൺ കോൺഫ്ളവർ കാൽ കപ്പു വെള്ളത്തിൽ കലക്കി മാവിൽ ചേർത്തു തുടരെയിളക്കുക.

∙ ഇഡ്ഡലിക്ക് അരയ്ക്കുന്ന മാവിൽ അൽപം ഇഞ്ചിയും പച്ചമുളകും അരച്ചു ചേർക്കുക. രുചി കൂടും.

∙ ദോശ ചുടുമ്പോൾ ഒരു വലിയ ദോശ ചുടുന്നതിനു പകരം കുഞ്ഞി കുഞ്ഞി ദോശകൾ ചുടുക. അതിനു മീതെ ചട്നി വച്ചു മറ്റൊരു കുഞ്ഞിദോശ കൊണ്ടു മൂടി ദോശ സാൻഡ്വിച്ച് വിളമ്പാം.

∙ കട്‌ലറ്റും മീനും മറ്റും മുക്കിപ്പൊരിക്കുമ്പോൾ റൊട്ടിപ്പൊടിക്കു പകരം തരുതരുപ്പായി പൊടിച്ച് കോൺഫ്ളേക്ക്സ് ഉപയോഗിക്കുക. കൂടുതൽ രുചിയും ഭംഗിയുമുണ്ടാകും.

∙ സമോസ ഉണ്ടാക്കാനുള്ള മാവു കുഴയ്ക്കുമ്പോൾ അൽപം കോൺഫ്ളവർ ചേർത്താൽ നന്നായി മൊരിഞ്ഞു കിട്ടും.

∙ ഇഡ്ഡലിക്കും ദോശയ്ക്കും അരയ്ക്കാനുള്ള അരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം കുതിർക്കുക. കുതിർത്ത അതേ വെള്ളത്തിൽ തന്നെ അരച്ചെടുക്കണം. ഇഡ്ഡലിക്കു മയം ഉണ്ടാകുമെന്നു മാത്രമല്ല, ജീവകങ്ങൾ ഒന്നും നഷ്ടപ്പെടുകയില്ല.

∙ വട ഉണ്ടാക്കുമ്പോൾ, മാവിൽ വെള്ളം കൂടിപ്പോയാൽ എണ്ണയിൽ കിടന്നു പൊട്ടിത്തെറിക്കും. അതിനാൽ വെള്ളം കൂടിപ്പോയ മാവിൽ, ഒരു വലിയ സ്പൂൺ നെയ്യ് ചേർത്ത ശേഷം വട തയാറാക്കുക.

∙ ദോശ ചെറിയ വട്ടത്തിൽ മൊരിച്ചെടുത്ത ശേഷം ഉള്ളിൽ ഫില്ലിങ് വച്ചു വിളമ്പാം.

∙ പൂരിക്കു കുഴയ്ക്കുന്ന മാവിൽ ഓരോ ചെറിയ സ്പൂൺ വീതം റവയും അരിപ്പൊടിയും ചേർത്താൽ പൂരിക്കു നല്ല കരുകരുപ്പുണ്ടാകും.

∙ വെണ്ടയ്ക്ക വഴറ്റുന്നതിനൊപ്പം അൽപം നാരങ്ങാ നീരു ചേർത്താൽ നല്ല കരുകരുപ്പുണ്ടാകും.