അടുക്കളയിൽ ക്വിക്ക് ആൻഡ് സ്മാർട്ട് ആകാൻ

ഇഡ്ഡലിയുണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ എന്താണ് ചെയ്യണ്ടത്? ഇനി രാവിലെ നോക്കുമ്പോൾ മാവ് പുളിച്ചില്ലെങ്കിൽ അടുക്കളയിലെ കാര്യം ആകെ താളം തെറ്റില്ലേ...ദാ ചില സൂത്രപ്പണികൾ  

∙ ഇഡ്ഡലി മാവു നന്നായി പുളിക്കാൻ മാവിനു നടുവിലായി ഒരു സവാള തൊലി കളഞ്ഞു വയ്ക്കുക. മാവ് വളരെയെളുപ്പം പുളിക്കും.

∙ ഇഡ്ഡലിക്ക് അരയ്ക്കുമ്പോൾ ഉഴുന്നു വളരെ മയത്തിൽ അരയണം. എന്നാൽ അരി തരുതരുപ്പായേ അരയാൻ പാടുള്ളൂ. അരി അധികം അരഞ്ഞാൽ ഇഡ്ഡലി ഒട്ടിപ്പിടിക്കും.

∙ തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികൾ വാടിപ്പോയാൽ, ഉപ്പും നാരങ്ങാനീരും ചേർത്ത വെള്ളത്തിൽ ഇട്ടു വയ്ക്കുക. രണ്ടു മൂന്നു മണിക്കൂർ കഴിയുമ്പോൾ ഇവയ്ക്കു പുതുമ കൈവരും.

∙ പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന ടിന്നിൽ അൽപം ഉലുവ ഇട്ടു വയ്ക്കുക.

∙ കായംപൊടി ഉപയോഗിക്കുമ്പോൾ അവ അൽപം വെള്ളത്തിൽ ചാലിച്ച് ഉപയോഗിക്കുക.

∙ സാമ്പാറും രസവും വിളമ്പുന്നതിനു തൊട്ടു മുമ്പ്, ഒരു ചെറിയ സ്പൂൺ നെയ്യ് ചേർത്താൽ രുചിയും മണവും വർദ്ധിക്കും.

∙ സാമ്പാറിനുള്ള പരിപ്പ് വെന്തുടഞ്ഞാൽ സാമ്പാറിനു കൊഴുപ്പു കൂടുതൽ കിട്ടും.

∙ രസം ഉണ്ടാക്കുമ്പോൾ തക്കാളിയുടെ തൊലിയും കുരുവും കളഞ്ഞു ചാറു മാത്രമെടുത്താൽ കൂടുതൽ രുചിയുണ്ടാകും.