Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല മുട്ട എങ്ങനെ തിരിച്ചറിയാം

egg-yolk

ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ മുട്ട ചെറിയ കുട്ടികൾക്കും രോഗികൾക്കും കൊടുക്കാം. മുട്ട വേവിക്കാതെ കഴിക്കുന്നത് നല്ലതല്ല. മുട്ട ആവിയിൽ വേവിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചാലും പോഷകമൂല്യം കുറയില്ല. ഹൃദ്രോഗം, രക്‌തസമ്മർദം, കൊഴുപ്പ് ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. 

കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്‌ചയിൽ കൂടുതൽ പുറത്തു വയ്‌ക്കരുത്.കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം ബാഷ്‌പീകരിച്ച് നഷ്‌ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ബന്ധപെടുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്‌ടീരിയകൾ മഞ്ഞക്കരുവിൽ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന ദുർഗന്ധ വാതകം ഉണ്ടാക്കും. ഇതാണ് ചീമുട്ടയ്‌ക്ക് ദുഃസ്സഹമായ ദുർഗന്ധം ഉണ്ടാകാൻ കാരണം. 

ഉണ്ണി കണ്ടാലറിയാം മുട്ടയുടെ ഉറപ്പ്. മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു പോകുകയും ചെയ്‌താൽ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ ഉപയോഗിക്കരുത്. വെള്ള കലങ്ങിയിരിക്കാൻ പാടില്ല. 

മുട്ട നല്ലതോ ചീത്തയോ എന്നറിയാൻ മറ്റൊരു മാർഗം ഇതാ - അൽപം ഉപ്പിട്ട വെള്ളത്തിൽ മുട്ട വയ്‌ക്കുക. നല്ലതാണെങ്കിൽ താഴ്‌ന്നുതന്നെ കിടക്കും. ചീത്തയാകാൻ തുടങ്ങിയെങ്കിൽ പരന്ന അറ്റം വെള്ളത്തിൽ ഉയർന്നിരിക്കും. കൂർത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി കുത്തനെ നിൽക്കുന്നെങ്കിൽ ആ മുട്ട ഉപയോഗിക്കരുത്. ഫ്രിഡ്‌ജിനു വെളിയിൽ വയ്‌ക്കുകയാണെങ്കിൽ മുട്ടയുടെ പുറത്ത് എണ്ണമയം പുരട്ടണം. മുട്ട പുഴുങ്ങുമ്പോൾ മുട്ടയുടെ ഒരിഞ്ചുയരത്തിൽ വെള്ളം നിൽക്കണം. വെള്ളത്തിൽ അൽപം ഉപ്പിടണം. മുട്ടത്തോടിൽ ഉണ്ടായേക്കാവുന്ന പൊട്ടലിലൂടെ വെള്ള പുറത്തേക്കു ചാടാതിരിക്കാനാണ്. മുട്ട അടിക്കുമ്പോൾ, വെള്ളക്കരുവിൽ അൽപം ഉപ്പു ചേർത്തടിച്ചശേഷമേ മഞ്ഞക്കരു ചേർത്തടിക്കാവൂ.