Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടയെ അടുത്തറിയാം

eggs-in-refrigerator

പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ നിന്നു വെളിയിൽ എടുക്കുന്നതാണു നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാൾ നന്നായി അടിച്ച് പതിപ്പിക്കുവാൻ സാധിക്കും.

മുട്ട സൂക്ഷിക്കുമ്പോൾ മുട്ടയുടെ കൂർത്ത അറ്റം താഴേക്ക് ആക്കി വയ്ക്കുവാൻ ശ്രദ്ധിക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ മഞ്ഞക്കരു പൊട്ടി പോകാനുള്ള സാധ്യത കുറയുന്നു. മഞ്ഞക്കരു ഉപയോഗിച്ചശേഷം വെള്ള മാത്രമായി ബാക്കി വരുന്നെങ്കിൽ പിരി അടപ്പുള്ള ഒരു ചെറിയ കുപ്പിയിലാക്കി ഫ്രിഡ്ജിൽ മൂന്നു ദിവസം വരെ സൂക്ഷിക്കാം. എന്നാൽ പൊട്ടിച്ച ഉടനെതന്നെ ഇത് ഫ്രിഡ്ജിൽ ആക്കാൻ മറക്കരുത്. മഞ്ഞക്കരു ആണ് ബാക്കി വരുന്നതെങ്കിൽ അതും പിരി അടപ്പുള്ള ഒരു കുപ്പിയിൽ കുറച്ച് വെള്ളമോ എണ്ണയോ മീതെ ഒഴിച്ചു രണ്ടു ദിവസം സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജിൽ നിന്നും എടുത്ത തണുത്ത മുട്ട അതേപടി ഉപയോഗിക്കാതെ മീതെ അല്പം ചൂട് വെള്ളം വീഴ്ത്തിയശേഷം പാകം ചെയ്യുക. മുട്ട പുഴുങ്ങാനായി പച്ചവെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാൽ തീയ് കുറച്ചു പത്തു മിനിറ്റു കൂടി അടുപ്പത്ത് വച്ചശേഷം വാങ്ങി വെള്ളം ഊറ്റി കളഞ്ഞ് പച്ചവെള്ളത്തിലിടുക. ഉണ്ണിയുടെയും വെള്ളയുടെയും മധ്യേ ഒരു കറുത്ത് പാടുണ്ടാകുന്നത് ഇതു തടയും.

പൊടിച്ച പഞ്ചസാര ചേർത്ത് മുട്ടയുടെ വെള്ള അടിക്കുമ്പോൾ പഞ്ചസാര കുറേശ്ശെ ചേർക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ മുട്ട പതയാതെ വെള്ളം പോലെ കിടക്കും. കേക്കും പുഡിംഗും ഉണ്ടാക്കുമ്പോൾ അല്പം ഉപ്പോ, നാരങ്ങാനീരോ ചേർത്ത് മുട്ട അടിക്കുക. ബേക്ക് ചെയ്യുമ്പോൾ മുട്ടയുടെ വെള്ള താണുപോകയില്ല. മുട്ട പതിപ്പിക്കുന്നതിൻറെ കൂടെ ഒരു നുള്ള് കോൺഫ്ളവർ കൂടി ചേർത്തടിച്ചാൽ ഓംലെറ്റിന് നല്ല മയം കാണും. പതഞ്ഞ് പൊങ്ങുകയും ചെയ്യും.

മുട്ടയുടെ ഉണ്ണിയും വെള്ളക്കരുവും വേർതിരിക്കാൻ ഒരെളുപ്പമാർഗം. ഒരു ഗ്ലാസെടുത്ത് അതിനു മീതെ ഒരു ചോർപ്പ് പിടിച്ച് മുട്ട പൊട്ടിച്ച് അതിലേക്കൊഴിക്കുക. വെള്ള വേഗം ചോർപ്പിലൂടെ ഗ്ലാസിലേക്കു വീഴും. ഉണ്ണി ചോർപ്പിലൂടെ വീഴുന്നതിനുമുമ്പ് ഗ്ലാസ് വേഗം മാറ്റി വേറെ ഗ്ലാസ് വയ്ക്കുക.

മുട്ട പുഴുങ്ങിയ ശേഷം തണുത്ത വെള്ളത്തിലിട്ടാൽ ശരിക്ക് തോട് പൊളിച്ചെടുക്കാൻ സാധിക്കും. പൊട്ടിയ മുട്ട പുഴങ്ങേണ്ടിവന്നാൽ പുഴുങ്ങുന്ന വെള്ളത്തിൽ കുറച്ചു വിന്നാഗിരി ചേർക്കുക. മുട്ടവെള്ള ചേർത്താൽ സുഫ്ളേയ്ക്കു നല്ല വെൺമ കിട്ടും. ബേക്കു ചെയ്ത പുഡിംഗിൻറെ മീതെ പുരട്ടിയാലും നന്നായിരിക്കും.

മുട്ട വെള്ളയടിച്ച്, പഴച്ചാറിൽ ചേർത്തു ഡെസേർട്ടുണ്ടാക്കാം. ഒരു മുട്ടവെള്ളയിൽ പത്തു മില്ലിഗ്രാം പൊടിച്ച പഞ്ചസാര ചേർത്തടിച്ചു റൊട്ടിയുടെയും പേസ്ട്രിയുടെയും കേക്കിൻറെയും മീതെ ബ്രഷ്കൊണ്ടു പുരട്ടിയാൽ നല്ല തിളക്കം കിട്ടും. കസ്റ്റാർഡിൽ ഒരു മുട്ട ചേർക്കുന്നതിനു പകരം രണ്ട് ഉണ്ണി ചേർക്കാം.

ഒരു മുട്ടയ്ക്കു പകരം രണ്ട് ഉണ്ണി 15 മില്ലി വെള്ളവും ചേർത്തടിച്ച് യീസ്റ്റ് കൂട്ടിൽ ചേർത്തു രുചികരമായ കേക്കും ബണ്ണും ബിസ്ക്കറ്റും ഉണ്ടാക്കാം. ഉണ്ണിയിൽ 10 മില്ലി പാൽ ചേർത്തടിച്ചു ചിക്കിപ്പൊരിക്കാം.

സോസിനോ സൂപ്പിനോ കൊഴുപ്പുണ്ടാക്കാൻ മുട്ടയുടെ ഉണ്ണി പാലോ നാരങ്ങാനീരോ ചേർത്ത് അടിച്ചു ചേർക്കാം. അതു പാത്രത്തിലൊഴിച്ചു തുടരെയിളക്കി ചൂടാക്കിയെടുക്കാം. തിളയ്ക്കരുത്.

മുട്ടകൊണ്ടു പാചകത്തിനു പുറമെയും ഉപയോഗങ്ങളുണ്ട്. പഞ്ചസാരപ്പാനിയിലെ അഴുക്കുകളയാൻ മുട്ടകൊണ്ടൊരു വിദ്യയുണ്ട്. മുട്ടയുടെ വെള്ള നന്നായി അടിച്ചു പതച്ചു പഞ്ചസാരപ്പാനിയിൽ ഒഴിക്കുക. അഴുക്കു മുഴുവൻ പതയിൽ പിടിക്കും. പത മാറ്റിയാൽ മതി.

മുട്ടവെള്ള അധികം വന്നാൽ ഒരു പാത്രത്തിലാക്കി വായു കടക്കാത്ത രീതിയിലടിച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കുറച്ചു ദിവസങ്ങളോളം കേടാകാതിരിക്കും. ഐസ്ക്രീമോ പുഡിംഗോ മറ്റോ ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം.

പുഴുങ്ങിയ മുട്ട മുറിക്കുമ്പോൾ പൊടിയാതിരിക്കാൻ തിളച്ച വെള്ളത്തിൽ കത്തി മുക്കിയിട്ടു മുറിക്കുക. 

Your Rating: