Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറികൾ നിസ്സാരക്കാരല്ല

vegetables

പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക. കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്. പോഷകനഷ്ടം തടയാമെന്നു മാത്രമല്ല. കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്. പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണു അടങ്ങിയിരിക്കുന്നത്.

പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക.

പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻറെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല. എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം.
വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക. വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക.

ചീര പാകം ചെയ്യുമ്പോൾ നിറം പോകാതിരിക്കാൻ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക. തക്കാളിച്ചാറിൽ, ബീറ്റ്റൂട്ട് ഗ്രേറ്റു ചെയ്ത് പിഴിഞ്ഞു ചേർത്താൽ നിറവും പോഷകഗുണവും കൂടും. കയ്പ്പൻ പാവയ്ക്കയുടെ ചവർപ്പു പോകാൻ അല്പം നാരങ്ങാനീരു ചേർത്തു കറിവയ്ക്കുക. പാവയ്ക്കായുടെ കയ്പു കുറയ്ക്കാൻ അതിൻറെ ഉള്ളിലെ വെളുത്ത പാട നിശ്ശേഷം നീക്കണം. പാവയ്ക്കാ തീയൽ വയ്ക്കുന്നതിന് ആദ്യം അതു വഴറ്റുക. പിന്നീട് പുളി പിഴിഞ്ഞ് ഉപ്പും ചേർത്ത് അടുപ്പിൽ വച്ചു തിളപ്പിക്കുക. പാവയ്ക്കാ അതിലിട്ടു വേവിച്ചാൽ കയ്പ് ഒട്ടും കാണുകയില്ല.

വിറ്റാമിൻ സി. ധാരാളമടങ്ങിയിട്ടുള്ള കാബേജ് പാകം ചെയ്യുന്നതിനു തൊട്ടു മുമ്പേ മുറിക്കാവൂ. അരിഞ്ഞു തുറന്നു വയ്ക്കരുത്. വായുവുമായുള്ള സമ്പർക്കത്താൽ പോഷകമൂല്യം നഷ്ടപ്പെടും. കാബേജ് പാകം ചെയ്യുമ്പോൾ ദുർഗന്ധം അനുഭവപ്പെടാതിരിക്കാൻ ഒരു ചെറിയ കഷണം ബ്രഡ് പൊടിച്ചു ചേർക്കുക. കാബേജ് പാകം ചെയ്യുമ്പോൾ ദുർഗന്ധം ഇല്ലാതാക്കാൻ അല്പം നാരങ്ങാനീരു ചേർത്താൽ മതി. കാബേജിൻറെ പുറത്തുള്ള ഇലകൾ കളയരുത്. അവ സംരക്ഷക പോഷകമൂല്യങ്ങൾ അടങ്ങിയതാണ്.

പട്ടാണി തൊലിയോടെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനു പകരം അതിൻറെ തോടു മാറ്റി പ്ലാസ്റ്റിക് കവറിലാക്കി ഫ്രീസറിൽ സൂക്ഷിക്കുക. വേഗത്തിൽ വെന്തു കിട്ടും. മൂന്നോ നാലോ തുള്ളി വിന്നാഗിരി ചേർത്തു ഗ്രീൻപീസ് പാകം ചെയ്താൽ പച്ചനിറം നഷ്ടപ്പെടുകയില്ല.

പുലാവിൽ ചേർക്കാൻ ഗ്രീൻപീസ് ഉപയോഗിക്കുമ്പോൾ അല്പം എണ്ണ പുരട്ടുക. അതിൻറെ സ്വാഭാവികനിറം നഷ്ടപ്പെടാതിരിക്കും. കോളിഫ്ലവർ, മുള്ളങ്കി, ഉള്ളി എന്നിവയുടെ ഇലകളും കറിക്കുപയോഗിക്കാം. കോളിഫ്ലവറിൽ നിന്നും പുഴുക്കളെ നീക്കാൻ ഒരു മാർഗം. കോളിഫ്ലവർ പാകം ചെയ്യുന്നതിനു മുമ്പു വിനാഗിരി ചേർത്ത ഇളം ചൂടുവെള്ളത്തിൽ അല്പ സമയം ഇട്ടു വയ്ക്കുക. വെള്ളപ്പുഴുക്കൾ ചത്തുപൊങ്ങുമ്പോൾ കഴുകി മാറ്റാം. കോളിഫ്ലവർ വേവിക്കുമ്പോൾ, വെണ്മ നഷ്ടപ്പെടാതിരിക്കാൻ അതിൽ രണ്ടു ഡിസേർട്ടു സ്പൂൺ പാൽ ഒഴിക്കുക. വെന്തു കഴിഞ്ഞാലും വെണ്മ അതേപടി നിലനില്ക്കും. കോളിഫ്ലവർ വേവിക്കുമ്പോൾ നിറം മാറ്റം സംഭവിക്കാതിരിക്കാൻ, ഏതാനും ചെറുനാരങ്ങാക്കഷണങ്ങളോ, അല്പം പഞ്ചസാരയോ ചേർത്തു കോളിഫ്ലവർ വേവിക്കുക.

കൂണ് നല്ലതാണോ വിഷാംശമുള്ളതാണോ എന്നറിയാൻ, കൂണ് ഒരു പാത്രത്തിലിട്ടു നാലഞ്ചു വെളുത്തുള്ളി അല്ലിയും കുറച്ചു വെള്ളവും ചേർത്തു തിളപ്പിക്കുക. വെള്ളത്തിനു കറുത്ത നിറം വരികയാണെങ്കിൽ കൂണ് വിഷാംശമുള്ളതാണ്. ചൈനീസ് വിഭവങ്ങളിൽ ചേർക്കാൻ കൂണ്, ഇല്ലിമുള എന്നിവയില്ലെങ്കിൽ പകരം ചെറുതായി അരിഞ്ഞ സെലറി ചേർക്കുക. കോളിഫ്ലവറിൻറെ തണ്ട് വെള്ളത്തിലിട്ടു തിളപ്പിച്ചു ഇല്ലിമുളയ്ക്കു പകരം ഉപയോഗിക്കാം. കൂണിന്റെ തണ്ട് ഇലപോലെ സ്വാദിഷ്ടമാണ്. അതരിഞ്ഞ് സൂപ്പിലും സോസിലും ചേർക്കുക. രുചികരമായിരിക്കും. കൂണിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ ഉപ്പിട്ടു തിളച്ച വെള്ളത്തിൽ ഒരു മിനിറ്റു മുക്കിവച്ചിട്ട്, വെള്ളം ഊറ്റിക്കളഞ്ഞ് തണുക്കുമ്പോൾ വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുക.

വെണ്ടയ്ക്കാ വറുക്കുമ്പോൾ വഴുവഴുപ്പ് ഉണ്ടാകാതിരിക്കാൻ രണ്ടു ഡിസേർട്ടു സ്പൂൺ തൈരോ മോരോ ചേർത്തു വെണ്ടയ്ക്കാ വറുക്കുക. വഴുതനങ്ങ, കായ് തുടങ്ങിയ കറയുള്ള പച്ചക്കറികൾ മുറിക്കുമ്പോൾ നിറം മാറാതിരിക്കാൻ രണ്ടു ഡിസേർട്ടു സ്പൂൺ മോരോ, നാരങ്ങാനീരോ കലക്കിയ വെള്ളത്തിൽ അരിഞ്ഞിടുക. പുറം തൊലിയിൽ വെണ്ണപുരട്ടി ബേക്കു ചെയ്താൽ ഉരുളക്കിഴങ്ങിൻറെ തൊലി വിണ്ടുകീറി പൊട്ടാതിരിക്കും. ഉരുളക്കിഴങ്ങ് പുഴുങ്ങാനിടുന്ന വെള്ളത്തിൽ ഒരു റ്റീസ്പൂൺ വിനാഗിരി ചേർക്കുക. ഉരുളക്കിഴങ്ങിന്റെ വെണ്മ ഒട്ടും നഷ്ടപ്പെടുകയില്ല. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ പുഴുങ്ങിയതിനുശേഷമേ തൊലി കളയാവൂ. ഉരുളക്കിഴങ്ങ് വറുക്കുന്നതിനു മുമ്പ് മഞ്ഞൾപ്പൊടി കലക്കിയ ഉപ്പുവെള്ളത്തിൽ കുറച്ചു സമയം ഇടുക. പിന്നീടെടുത്ത് തുണികൊണ്ടു തുടച്ചിട്ടു വറുത്താൽ സ്വർണ്ണനിറവും നല്ല കരുകരുപ്പും കിട്ടും.

ഉരുളക്കിഴങ്ങിനോടൊപ്പം ഉള്ളി വയ്ക്കാതിരുന്നാൽ ഉരുളക്കിളങ്ങ് ഒരു പരിധിവരെ കേടാകാതെ സൂക്ഷിക്കാം. പുഴുങ്ങിയ ഉരുളക്കിഴങ്ങ് നന്നായി തണുത്തശേഷമേ കഷണങ്ങളാക്കുകയോ പൊടിക്കുകയോ ചെയ്യാവൂ. ചൂടോടെ ഉടച്ചാൽ പിന്നീട് ഉപ്പും ഉള്ളിയും ചേർക്കുമ്പോൾ അതു വെള്ളമയമായിത്തീരും. അതുകൊണ്ടു നന്നായി തണുത്തശേഷം മാത്രമേ ഉടയ്ക്കാവൂ.

കൂർക്കയുടെ തൊലി പെട്ടെന്ന് ഇളകിപ്പോകാൻ കുറച്ചുനേരം വെള്ളത്തിലിട്ടശേഷം ചാക്കിൻകഷണത്തിൽ കെട്ടി പരുപരുത്ത നിലത്തിട്ടു തല്ലുക. വാഴയ്ക്കയുടെയും വാഴക്കൂമ്പിന്റെയും കറ നിശ്ശേഷം കളയാൻ അരിഞ്ഞു പത്തു മിനിറ്റു വെള്ളത്തിലിട്ടശേഷം മോരോ മഞ്ഞൾപ്പൊടിയോ കൊണ്ടു കഴുകുക. ബീറ്റ്റൂട്ട് തൊലിയോടെ പാകം ചെയ്യുക. സ്വാദും ഫ്ലേവറും അതേപടിയിരിക്കാൻ അതു സഹായിക്കും.

പച്ചമുളകു കേടാകാതിരിക്കാൻ അവയുടെ ഞെടുപ്പുനീക്കി, പ്ലാസ്റ്റിക് ബാഗിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക. കറിക്ക് വഴറ്റുന്ന പച്ചമുളക് കീറിയിടുന്നതിനു പകരം ഒരു ഫോർക്കുകൊണ്ടു നാലഞ്ചിടത്തു കുത്തിയിട്ടു വഴറ്റിയാൽ മുളകിൻറെ അരി പൊട്ടിത്തെറിക്കയില്ല. വെളുത്തുള്ളി അല്ലികളായി അടർത്തി നിരത്തിയാൽ പെട്ടെന്നു കേടാകാതിരിക്കും.
സവാളക്കഷണങ്ങൾ അല്പം പാലിൽ കുതിർത്തശേഷം വറുക്കുക. നല്ല നിറവും മണവും കിട്ടും.

ഉള്ളിവർഗങ്ങൾ തുറന്നതും പരന്നതുമായ പാത്രങ്ങളിൽ സൂക്ഷിച്ചാൽ അധികനാൾ കേടാകാതിരിക്കും. കടുകു വറുക്കുമ്പോൾ എണ്ണ തെറിക്കാതിരിക്കാൻ ആദ്യം ഉള്ളിയും കറിവേപ്പിലയും വഴറ്റി വെള്ളം വറ്റിയശേഷം എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകു വറുക്കുക. 

Your Rating: