ഏത് ഇറച്ചിയായാലും കറി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

636083292
SHARE

െവജിറ്റേറിയനിസത്തിന്റെ മുറവിളി ഉയരുമ്പോൾത്തന്നെ, രുചികരമായി തയാറാക്കിയ ഇറച്ചിക്കറിയോടുള്ള താൽപര്യവും ഏറിവരികയാണ്. ഏതുതരം ഇറച്ചിയിലും 16 മുതൽ 20 ശതമാനം വരെ മാംസ്യവും 70–75% ജലവും 3–5% കൊഴുപ്പും ബാക്കി വിറ്റമിനുകൾ, ധാതുലവണങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഈ കാര്യങ്ങൾ മനസിലാക്കി ഇറച്ചി പാകപ്പെടുത്തിയാൽ രുചിയുടെ കാര്യത്തിൽ സംശയം വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കോഴി, താറാവ് ഇവ മൂത്തതാണെങ്കിൽ തലേദിവസം കൊന്ന്, കുടൽ കളഞ്ഞ് കെട്ടിത്തൂക്കിയാൽ ഇറച്ചിക്കു നല്ല മയം കിട്ടും. ഇറച്ചി വേകാൻ താമസമുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്കു തിളച്ച വെള്ളം ഒഴിക്കുക.

2. കൊഴുപ്പു കൂടുതലുള്ള ഇറച്ചിയാണെങ്കിൽ വെളിച്ചെണ്ണയും നെയ്യും വളരെ കുറച്ചേ ചേർക്കാവൂ.

3. ഇറച്ചി പെട്ടെന്നു വേകാനും കൂടുതൽ മയം കിട്ടാനും മൂന്നോ, നാലോ മണിക്കൂർ തൈരു പുരട്ടി വച്ചാൽ മതി. 

4. ഇറച്ചി പാകം ചെയ്യുന്ന പാത്രം മൂടുന്ന കുഴിവുള്ള തട്ടത്തിൽ തിളച്ച വെള്ളം ഒഴിച്ചാൽ ഇറച്ചി പെട്ടെന്നു വേകും. മാത്രമല്ല വേവിക്കുന്ന പാത്രത്തിലുള്ള വെള്ളം പെട്ടെന്നു വറ്റുകയുമില്ല. ഇറച്ചി വേകാൻ വെള്ളം പോരാതെ വന്നാൽ തട്ടത്തിൽ ചൂടായിക്കിടക്കുന്ന വെള്ളം അതിന് ഉപയോഗിക്കുകയും ചെയ്യാം. ഏത് ഇറച്ചിയും ഇങ്ങനെ പാകപ്പെടുത്താം. 

5. പ്രഷർ കുക്കറിൽ തയ്യാറാക്കുന്ന ഇറച്ചിക്കു സ്വാദു കുറയും. എന്നാൽ അരപ്പു ചേർത്ത് അടുപ്പിൽ വച്ച് ചാറു പകുതി കുറുകുമ്പോൾ പ്രഷർ കുക്കറിലാക്കി തീ കുറച്ചു വേവിച്ചാൽ നല്ല സ്വാദുണ്ടാകും. ഇറച്ചി പെട്ടെന്നു വേവിച്ചെടുത്താൽ അതിന്റെ സ്വാദു നഷ്ടപ്പെടും. 

6. മീനും ഇറച്ചിയും കൊണ്ടു തയ്യാറാക്കുന്ന കട്‍ലറ്റുകൾ ബാക്കി വന്നാൽ പൊടിച്ചു പച്ചക്കറിത്തോരനിലോ പച്ചക്കറി ഉലർത്തിയതിലോ ചേർത്തിളക്കിയാൽ നല്ല സ്വാദുണ്ടായിരിക്കും. 

7. കരൾ അധികസമയം വയ്ക്കാതെ കഴിയുന്നതും വേഗം പാകപ്പെടുത്തണം. പാകം ചെയ്യുമ്പോൾ കരളിൽ ഉപ്പോഴിച്ചാൽ കല്ലിച്ചു പോകും. അതുകൊണ്ട് ഉപ്പ് അവസാനമേ ചേർക്കാവൂ.

ഇറച്ചി തോരൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം

1. മാട്ടിറച്ചി – 1/2 കിലോ

2. മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകു പൊടി – 1/4 ടീസ്പൂൺ
വെളുത്തുള്ളിയല്ലി – 3
ഇഞ്ചി – 1 ചെറിയ കഷണം
കറുവാപ്പട്ട – 1 ചെറിയ കഷണം
ഗ്രാമ്പൂ – 2
ഏലയ്ക്ക – 1
ജാതിക്ക – 1 ചെറിയ കഷണം

3. വിന്നാഗിരി – 1 ഡിസേർട്ട് സ്പൂൺ
   ഉപ്പ് – പാകത്തിന്

4. തിരുമ്മിയ തേങ്ങ – 1 കപ്പ്
5. ജീരകം– 1/8 ടീസ്പൂൺ
6. എണ്ണ – 1 ഡിസേർട്ട് സ്പൂൺ
7. കടുക് – 1 ടീസ്പൂൺ
   അരി– 1 ഡിസേർട്ട് സ്പൂൺ
8. സവാള കൊത്തിയരിഞ്ഞത് –1/2 കപ്പ്
   പച്ചമുളകരിഞ്ഞത് – 2 ടീസ്പൂൺ
  ഇഞ്ചി കൊത്തിയരിഞ്ഞത് – 1 ടീസ്പൂൺ
  കറിവേപ്പില – കുറച്ച്

പാകം ചെയ്യുന്ന വിധം

  • ഇറച്ചി ചവ്വും കൊഴുപ്പും മാറ്റി ചെറിയ കഷണങ്ങളാക്കുക.
  • രണ്ടാമത്തെ ചേരുവകൾ അരച്ച് ഇറച്ചിയിൽ ചേർത്ത് വിനാ ഗിരിയും ഉപ്പും ഒഴിച്ചു നല്ല മയത്തിൽ വേവിച്ചു വെള്ളം വറ്റി ച്ചെടുത്ത് ഇറച്ചി ചതച്ച് പിച്ചിക്കീറി എടുക്കുക. അല്ലെങ്കിൽ മിൻസറിൽ കുഴഞ്ഞുപോകാതെ അരച്ചെടുത്താലും മതി. ജീരകം അരച്ചതു ചേർത്ത് തേങ്ങ ചതച്ചെടുക്കുക.
  • കാൽ കപ്പ് എണ്ണ ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ അരിയിട്ടു ശരിക്കു മൂക്കുമ്പോൾ ബാക്കി ചേരുവകൾ ഓരോന്നായി മൂപ്പനുസരിച്ച് വഴറ്റി അവസാനം തേങ്ങയും ചേർത്തു മൂപ്പിക്കുക. ഇതിൽ തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി കുടഞ്ഞിട്ടു തോർത്തി ചൂടോടെ ഉപയോഗിക്കുക. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA