Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിച്ചുനോക്കി അഭിപ്രായം പറയൂ, വാർഷിക വരുമാനം 10 ലക്ഷം!!

food and cooking

രണ്ടു പതിറ്റാണ്ട് മുൻപു വരെ തീൻമേശയിലെ ആഡംബരങ്ങൾ ഈ ചുറ്റുവട്ടങ്ങളിൽ ഒതുങ്ങി നിന്നിരുന്നു. ഇപ്പോഴിതാ, പുതിയ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കൊതിപ്പിക്കുന്ന വിഭവങ്ങളായി കൺമുന്നിൽ നിരക്കുന്നു. തായ്, ടിബറ്റൻ, മെഡിറ്ററേനിയൻ, യൂറോപ്യൻ, ആഫ്രിക്കൻ... അതെ, അന്റാർട്ടിക്ക ഒഴികെ എല്ലാമുണ്ടു രുചിഭൂപടത്തിൽ. 

അറിയാമല്ലോ, ഇപ്പോൾ എല്ലാവരും ജനിക്കുന്നതുതന്നെ സഞ്ചാരികളായാണ്. പട്ടായയും സെയ്‌ഷെൽസുമൊക്കെ വെള്ളിയാഴ്‌ച പോയി ഞായറാഴ്‌ച വരാവുന്നത്ര അടുത്തായിരിക്കുന്നു. ഓരോ പുതിയ സ്‌ഥലത്തും ഓരോ പുതിയ വിഭവം കാണുമ്പോഴും തോന്നും, തിരിച്ചുപോയി അതൊന്നു പരീക്ഷിച്ചാലോ ? റസ്‌റ്ററന്റ് ബിസിനസിലോ മറ്റോ ഉള്ള ആളാണെങ്കിൽ പറയാനുമില്ല. കളരിയിൽ പുതിയ അങ്കച്ചുവടുമായി കച്ചകെട്ടിയിറങ്ങിക്കഴിഞ്ഞു. 

പക്ഷേ, കളത്തിലിറങ്ങുമ്പോഴറിയാം, ചുമ്മാ ദോശ ചുട്ടെടുക്കുംപോലെ എളുപ്പമല്ല രുചി പരീക്ഷണങ്ങൾ. സൂക്ഷിച്ചില്ലെങ്കിൽ നാട്ടുകാരുടെ നാക്ക് പൊള്ളും, നമ്മുടെ കയ്യും പൊള്ളും. ചിലർക്കു ബിസിനസിൽ വാസനയുണ്ടാകും, പക്ഷേ രുചി പിടിക്കാനുള്ള നാക്കുണ്ടാകില്ല. എന്തുണ്ടാക്കിയാലും നളപാകം എന്നു നമുക്ക് അസൂയ തോന്നുന്ന മറ്റു ചിലരുണ്ട്; പക്ഷേ മാർക്കറ്റിങ്ങിന്റെ റെസിപ്പി അറിയാതെ നട്ടംതിരിയുകയാകും അവർ. ഇരുകൂട്ടർക്കും അൽപം സഹായം ആവശ്യമില്ലേ, വിളമ്പുന്നവർക്കും കഴിക്കുന്നവർക്കുമിടയിലൊരു പാലം. 

അതെ എന്നു കാലം ഏറ്റുപറഞ്ഞതിനൊപ്പമാണ് അവർ ഭൂമിയിൽ ഉടലെടുത്തത്, ഫുഡ് കൺസൽറ്റന്റുമാർ. അവർക്കു തട്ടകം തീൻമേശ 

ഫുഡ് ബ്ലോഗർ എന്നാകും മുംബൈയിൽനിന്നുള്ള നിഖിൽ പി. മെർച്ചന്റ് സ്വയം പരിചയപ്പെടുത്തുക. വിസിറ്റിങ് കാർഡിന്റെ ചേരുവ പക്ഷേ വേറെയാണ്. ഗോർമെറ്റ്  കൺസൽറ്റന്റ്, ഫുഡ് എൻതൂസിയാസ്‌റ്റ്. കോർപറേറ്റ് ലോകത്തെ ഉദ്യോഗസ്‌ഥവേഷം അഴിച്ചുവച്ചു തീൻമേശയാണു തട്ടകമെന്ന് ഉറപ്പിച്ചത് ഒരു വർഷം മുൻപ്. ഭക്ഷണം നിഖിലിനെ കൊതിപ്പിക്കുകയല്ല, ഹരം കൊള്ളിക്കുകയായിരുന്നു. രുചിക്കൂട്ടുകളോടു ജന്മവാസനകൊണ്ടുണ്ടായ ബന്ധം. ജോലിത്തിരക്കിനിടയിലും ചെറിയ ഇടവേളകൾ കണ്ടെത്തി ബ്ലോഗിൽ സ്വന്തമായൊരു അടുപ്പ് കൂട്ടി. പ്രതികരണങ്ങൾ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞത്- സത്യത്തിൽ ഇതാണു സ്വന്തം ലോകം, ഇനി ഇതുതന്നെ മേൽവിലാസം. 

‘‘എന്നെ അറിയുന്ന ഒട്ടേറെ റസ്‌റ്ററന്റുകളുണ്ടായിരുന്നു. വിഭവങ്ങൾ രുചിച്ചുനോക്കി അഭിപ്രായം പറയാൻ അവർ വിളിച്ചുതുടങ്ങി.’’ പുതിയ കരിയറിന്റെ തുടക്കത്തെക്കുറിച്ചു നിഖിലിന്റെ വാക്കുകൾ. 

മധുരം മാത്രമല്ല, എരിവും വേണം

മധുരം നിറച്ച വാക്കുകൾ മാത്രം വിളമ്പുന്നവർക്കു പറഞ്ഞിട്ടുള്ളതല്ല ഈ ജോലി. ഉള്ളത് ഉള്ളതുപോലെ പറയുന്നവനാണു നല്ല ഫുഡ് കൺസൽറ്റന്റ്. രാജ്യാന്തര ഹോട്ടൽ ചെയിനുകളുടെ കൺസൽറ്റന്റ്‌സ് പാനലിൽ ഒരു ഇന്ത്യക്കാരനെങ്കിലുമുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകത നിഖിൽ ചൂണ്ടിക്കാട്ടുന്നു. സംസ്‌കാരം അത്രമേൽ ഇഴുകിച്ചേർന്നു കിടക്കുന്നു ഭക്ഷണത്തിൽ, ഇന്ത്യയിൽ പ്രത്യേകിച്ചും. 

nikhil-merchent നിഖിൽ

വിളമ്പുന്ന ഭക്ഷണത്തിനു മാത്രമല്ല ഫുഡ് കൺസൽറ്റന്റ് മാർക്കിടുന്നത്. അതെങ്ങനെ വിളമ്പണം, എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നെല്ലാമുള്ള കാര്യങ്ങളിൽ മാർഗനിർദേശം തേടാം. ഊട്ടുപുരയിൽ നേരെ വന്നൊരു കസേരയിട്ടിരിക്കുകയാണു സോഷ്യൽ മീഡിയ. കണ്ട മട്ട് കാണിച്ചില്ലെങ്കിൽ ശാപം ഉറപ്പ്. ട്വീറ്റുകൾക്ക് എട്ടു മണിക്കൂറിനകം മറുപടി നൽകണമെന്നത് എഴുതപ്പെടാത്ത നിയമം. കളമറിഞ്ഞു കളിക്കാൻ തങ്ങളെപ്പോലുള്ള കൺസൽറ്റന്റുമാരോടു ചോദിക്കൂ എന്നു നിഖിലിന്റെ മാർഗനിർദേശം. 

രണ്ടു റസ്‌റ്ററന്റുകളുടെ കൺസൽറ്റായി കരിയർ തുടങ്ങിയ കക്ഷി ഇപ്പോൾ എട്ടെണ്ണത്തിൽ എത്തിനിൽക്കുന്നു. ഇപ്പറയുന്നതൊക്കെ സമ്മതിക്കാൻ ആളുണ്ടെന്നർഥം, പലതും തുറക്കാനിരിക്കുന്ന റസ്‌റ്ററന്റുകൾ. 

ഷെഫ് വേറെ, കൺസൽറ്റന്റ് വേറെ 

‘ആശയം കൊള്ളാം ഭായ്, പക്ഷേ വർക്കൗട്ട് ആയില്ല’ എന്നു ചിലപ്പോഴൊക്കെ നാം പറയാറില്ലേ ? അങ്ങനെ പറയാതിരിക്കാനാണു ഫുഡ് കൺസൽറ്റന്റുമാരുടെ സഹായം വേണ്ടത്. നല്ലൊരു മെനു കയ്യിലുണ്ടായിട്ടു കാര്യമില്ല, കൊള്ളാമെന്നു നാലാൾക്കു തോന്നണം. അവിടെയാണു ഷെഫും കൺസൽറ്റന്റും തമ്മിലുള്ള വ്യത്യാസം. ഷെഫിനെപോലെ പ്രഫഷനൽ ആകേണ്ടതില്ല ഫുഡ് കൺസൽറ്റന്റിന്. അയാൾക്ക് അത്യാവശ്യം വേണ്ടതൊരു ഉപഭോക്‌താവിന്റെ മനസ്സാണ്; തനിക്കു വേണ്ടതെന്താണെന്നു റസ്‌റ്ററന്റ് ഉടമയോടു പറയുന്ന ഉപഭോക്‌താവിന്റെ മനസ്സ്. 

മനസ്സറിഞ്ഞു വിളമ്പി എന്നു കഴിക്കുന്നയാൾക്കു തോന്നുന്നതിലാണു റസ്‌റ്ററന്റുകളുടെ വിജയം. കല്ലുകടികൾ ചെറുതായിരിക്കാം, പക്ഷേ അതുണ്ടാക്കുന്ന ചീത്തപ്പേര് ചെറുതല്ല. ചില പോരായ്‌മകൾ റസ്‌റ്ററന്റ് ഉടമയുടെയോ ഷെഫിന്റെയോ കണ്ണിൽപെടില്ല. അതറിയാൻ ഉപഭോക്‌താവിന്റെ ദിവ്യദൃഷ്‌ടി ആവശ്യമാണ്. പക്ഷേ, ഫുഡ് കൺസൽറ്റന്റിന് അതുമാത്രം പോരല്ലോ. പോംവഴി കൂടി നിർദേശിക്കാനറിയണം. നല്ല കൺസൽറ്റന്റ് അങ്ങനെ വിളമ്പുന്നവനും കഴിക്കുന്നവനുമിടയിൽ മധ്യസ്‌ഥത തീർക്കുന്നു. 

രുചിച്ചറിയണം, രുചിച്ചെഴുതണം 

ഭക്ഷണം നന്നായി കഴിക്കാനറിയുന്നവർ ഭാഗ്യം ചെയ്‌തവർ. അതിനെക്കുറിച്ചു നന്നായി എഴുതാനറിയുന്നവർ അതിലേറെ ഭാഗ്യം ചെയ്‌തവർ. ഫുഡ് ബ്ലോഗുകൾ അവർക്കുള്ളതാകുന്നു. റുഷിന മുൻഷോ ഗിൽദിയാൽ രുചിലോകത്തെ ആധികാരിക സ്വരമായതു ബ്ലോഗിലൂടെയാണ്. നിഖിൽ മെർച്ചന്റിനെപ്പോലെ ബ്ലോഗിൽനിന്നു രുചിലോകത്തിന്റെ അനന്തസാധ്യതകളിലേക്ക് ഏണി കയറിപ്പോയ കഥയാണു റുഷിനയുടേതും. പുതിയ റെസിപ്പികളുടെ പരീക്ഷണം മുതൽ ജീവനക്കാർക്കു പരിശീലനം വരെ വിവിധ മേഖലകളിൽ സാന്നിധ്യം. ഫേസ്‌ബുക്കിന്റെ അടുക്കളയിലും റുഷിനയുണ്ട്. രാജ്യാന്തര കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഭക്ഷ്യോൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ ഇവരെപ്പോലെയുള്ളവരുടെ സഹായം തേടുന്നു. പാചക ക്ലാസുകളിൽ ഇത്തരം ഉൽപന്നങ്ങളടങ്ങിയ റെസിപ്പികൾ ഇന്ത്യൻ വീട്ടമ്മമാർക്കായി അവതരിപ്പിക്കുന്നു. 

അടുക്കളയിൽ തിളങ്ങാൻ നല്ല ഹോംവർക്കും ആവശ്യമെന്നു റുഷിനയുടെ ഉപദേശം. ട്രെൻഡിലെ മാറ്റം തിരിച്ചറിയണം, നമുക്കു ചുറ്റും മാത്രമല്ല, ലോകമെങ്ങും. നല്ല വായനയും ആവശ്യം; മറ്റൊന്നുമല്ല, പാചകസാഹിത്യം. 

കരിയറിലെ ചേരുവ പരീക്ഷണങ്ങൾ 

ഫുഡ് കൺസൽറ്റൻസി മുഴുവൻ സമയ കരിയർ ആയി സ്വീകരിക്കുന്നത് എത്രത്തോളം അഭികാമ്യമാണ് ? പ്രതിഫലക്കണക്കിൽ നോക്കിയാൽ ആകാശമാണ് അതിരെന്നു റുഷിന പറയുന്നു. തുടക്കക്കാർ ഇരുന്നിട്ടു കാലുനീട്ടിയാൽ മതിയെന്നു നിഖിൽ മെർച്ചന്റിന്റെ ഉപദേശം. വാർഷിക വരുമാനം 3.5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം. ഒരു കൺസൽറ്റിങ് സെഷന് 5,000 രൂപ മുതൽ 30,000 രൂപ വരെ കിട്ടാം. 

ചേരുവ മാറുന്നതനുസരിച്ചു പുതിയ വിഭവങ്ങൾ പിറക്കുന്നതുപോലെയൊരു മാജിക് ഈ രംഗത്തെ കരിയർ സാധ്യതകളിലും കാണാം. ഹോട്ടൽ മാനേജ്‌മെന്റ് എന്ന തൊഴിൽസാധ്യതയ്‌ക്കപ്പുറം പഴയ തലമുറ ചിന്തിച്ചിരുന്നില്ല. ആ പരിപ്പ് മാത്രമല്ല ഈ അടുപ്പിൽ വേവുകയെന്നു പുതിയ കാലം തെളിയിക്കുന്നു. നല്ല ഷെഫുമാർ അതിലേറെ നല്ല സംരംഭകർ കൂടിയാകുന്ന കഥയും പുതിയ ഇന്ത്യ രചിക്കുന്നു. ഈ മാറ്റം ആർക്കാണു രുചിക്കാത്തത് ?