Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെമ്മീനും വരാലും കരിമീനും നീന്തുന്ന വാഴത്തോപ്പ്

വാഴത്തോപ്പ് ഷാപ്പ്

ചെറുതായി തിളച്ചുകൊണ്ടിരുന്ന തേങ്ങാപ്പാലിൽ വെന്തുമൃദുവായ ചെമ്മീനു മുകളിലേക്ക് നാരായണേട്ടൻ ഒരു നുള്ളു കുരുമുളകുപൊടി വിതറി. ചിങ്ങങ്കരിപ്പാടത്തുനിന്ന് കുശിനിയുടെ പലകജനാലയിലൂടെ വീശിവന്ന കാറ്റിൽ മപ്പാസിന്റെ മണം ഷാപ്പിനുള്ളിൽ പടർന്നു. ‘ആഹാ...!’ പതിവുകാരിലാരുടെയോ നാവിൽ കൊതിയുടെ അലയിളകിയതാണ്.

vazhathoppu

ഏതോ സത്യൻ അന്തിക്കാട് സിനിമയുടെ ഫ്രെയിമിൽപ്പെട്ടതുപോലെ തോന്നിപ്പോയി ആദ്യം. കണ്ണെത്തുന്ന ദൂരത്തോളം കടൽപോലെ വെള്ളം നിറഞ്ഞുപരന്ന  പാടശേഖരത്തിനു നടുവിലെ വീതി കുറഞ്ഞ, തൈമരങ്ങളതിരിടുന്ന വഴിയിലൂടെച്ചെന്ന് ആ ചെറിയ പാലത്തിനടുത്തെത്തിയപ്പോൾ ഇടത്തേക്ക് മറ്റൊരു ചെറുവഴി. ഒരുവശത്ത് പാടം. മറുവശത്ത് വലിയൊരു കൈത്തോട്. നടുവിലെ വരമ്പുപോലെ തോന്നുന്ന വഴിയുടെയറ്റത്ത് തെങ്ങുകൾക്കിടയിൽ പലകഭിത്തിയുള്ള, ഷീറ്റ് മേഞ്ഞ ഷെഡ്. ടിഎസ് 59 എന്ന് ഔദ്യോഗിക പേരുള്ള വാഴത്തോപ്പ് ഷാപ്പ്.

toddyshop

ഷാപ്പിന്റെ മുൻവാതിലിനോടു ചേർന്നൊഴുകുന്ന കൈനടിത്തോടിന്റെ കരയിൽനിന്ന് ഷാപ്പുടമ സനീഷ് മോഹൻ പറഞ്ഞതത്രയും ഷാപ്പിലെ രുചി തേടിയെത്തുന്നവരെപ്പറ്റിയാണ്; പിന്നെ, അതുവഴി പണ്ടു സജീവമായിരുന്ന ബോട്ട് ഗതാഗതത്തെപ്പറ്റിയും. കൈനടിയിൽനിന്ന് കാവാലത്തിനും ചങ്ങനാശേരിക്കും കോട്ടയത്തിനും റോഡ് വന്നതോടെ ബോട്ടിന്റെ പ്രതാപകാലം കഴിഞ്ഞു. തോട്ടിൽ പോളയും പ്ലാസ്റ്റിക്ക് അഴുക്കുകളും നിറഞ്ഞു. ഇപ്പോൾ ഷാപ്പിനപ്പുറത്തെ ജട്ടിയിൽനിന്ന് ആലപ്പുഴയിലേക്ക് ഒരു സർവീസ് മാത്രം. പക്ഷേ കായൽയാത്രയിൽ കൊതിയുള്ള സഞ്ചാരികൾക്കായി സനീഷ് ഇപ്പോൾ ഹൗസ് ബോട്ട് നൽകുന്നുണ്ട്. പകൽയാത്രയും പകൽ—രാത്രി യാത്രയുമായി രണ്ടു പാക്കേജുകൾ. നാടൻ ഭക്ഷണം ബോട്ടിൽത്തന്നെ പാകം ചെയ്യും. (വിവരങ്ങൾക്ക്: 9249410006). ഷാപ്പുഭക്ഷണത്തോടു കൊതികൂടിയെത്തുന്നവരോടും ഇതേ കരുതൽ കാണിക്കുന്നുണ്ട് സനീഷും വാഴത്തോപ്പ് ഷാപ്പിലെ ജീവനക്കാരായ ബൈജു, ഷാജി, ഗിരീഷ്, കൊച്ചുമോൻ തുടങ്ങിയവരും. നാടൻ ഷാപ്പുകറികളുടെ തനതു രുചി അവരിവിടെയൊരുക്കുന്നു. 

beef-kappa

കുറിച്ചി- കൈനടി- കാവാലം റോഡിലാണ് വാഴത്തോപ്പ് ഷാപ്പ്. എംസി റോഡിൽ കുറിച്ചിയിൽനിന്നു തിരിഞ്ഞ് പോകുമ്പോൾ കൈനടി കവലയ്ക്കു 150 മീറ്റർ മുൻപുള്ള പാലം കയറുന്നതിനു മുൻപ് ഇടത്തുവശത്ത്. കാവാലത്തുനിന്നു വരുമ്പോൾ കൈനടി കവല കഴിഞ്ഞ് വലത്ത്.

പുറംകാഴ്ചയിൽ പ്രാചീനമായൊരു നാട്ടിൻപുറഷാപ്പാണ് വാഴത്തോപ്പ്. ഒരു തോട്ടിറമ്പിലൂടെ തെങ്ങുകളുടെയും വാഴകളുടെയും തണൽപറ്റി നടന്നെത്തുന്നത് പലകച്ചുവരുകളുള്ള, പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിനു മുന്നിലാണ്. മസാലയിൽ വേവുന്ന ബീഫിന്റെയും തിളയ്ക്കുന്ന മീൻകറിയുടെയും കൊതിപ്പിക്കുന്ന മണമാണ് അവിടെ. ചുവരിനോടു ചേർന്ന്, തോട്ടിലേക്കു ചാഞ്ഞുപടർന്ന് നിറയെ ഇലകളുമായി ഒരു മുരിക്ക്. അതിന്റെ തണലിൽ ഒരു വള്ളം കെട്ടിയിട്ടിരിക്കുന്നു. ഉള്ളിലെ ചെറുമുറികളിൽ ചെറിയ മേശകളും ബെഞ്ചുകളും. ജനാലയിലൂടെ പാടത്തെ കാറ്റ് സദാ ഉള്ളിലേക്കു വീശിക്കൊണ്ടിരിക്കും. ഷെഡിനു പിന്നിലെ മുറ്റത്ത്, പടർന്നുകിടക്കുന്ന പാവൽ പന്തലിനു താഴെ കനംകുറഞ്ഞ സ്‌ലാബുകൾ കൊണ്ടുള്ള ചെറുമേശകളും ബെഞ്ചുകളും. അതിനും പിന്നിൽ രണ്ടു ചെറിയ തുണിക്കുടിലുകൾ. ഷാപ്പിനെ പരിഷ്ക്കാരിയാക്കാൻ ഉദ്ദേശ്യമില്ലെന്ന് സനീഷ് പറയുന്നു. ആളുകളെത്തുന്നത് കാറ്റുകൊണ്ട് നല്ല നാടൻഭക്ഷണം കഴിക്കാനാണ്. തോട്ടിലൂടെ ബോട്ടിലെത്തുന്ന വിദേശികൾക്കിഷ്ടം പാവൽപന്തലിനുതാഴെയും വാഴത്തോട്ടത്തിലുമിരുന്ന് കഴിക്കാനാണ്.

narayanan

ഈര നാരായണൻ എന്ന നാരായണേട്ടനാണ് ഇവിടെ രുചിയുടെ രാജാവ്. 45 വർഷമായി കുശിനിപ്പണി ചെയ്യുന്ന നാരായണേട്ടന്റെ കൈപ്പുണ്യമാണ് വളരെയകലെനിന്നുപോലും ഭക്ഷണപ്രിയരെ വാഴത്തോപ്പിലെത്തിക്കുന്നത്. നല്ല പാചകക്കാരനായിരുന്ന അച്ഛൻ കുമാരന്റെ പിൻഗാമിയായാണ് നാരായണനും പാചകത്തിലെത്തിയത്. പോർക്കും ഞണ്ടും ബീഫും കക്കയുമൊക്കെ പലതരം വിഭവങ്ങളായി ഇവിടെയുണ്ടെങ്കിലും മീനാണ് വാഴത്തോപ്പിലെ പ്രധാന താരം. കടൽമീൻ, കായൽമീൻ വിഭവങ്ങൾക്കൊപ്പം നല്ല പുഴമീൻ വിഭവങ്ങളും ഇവിടെയുണ്ട്. വരാലും പള്ളത്തിയും കാരിയുമൊക്കെ ഷാപ്പിലെത്തിക്കുന്നത് നാടൻ മീൻപിടുത്തക്കാരാണ്. ഫ്രഷ് മീനാണ് സ്വാദിന്റെ പ്രധാന കാരണമെന്ന് നാരായണൻ പറയുന്നു. വാഴത്തോപ്പിലെ ജനപ്രിയ വിഭവമായ മുരശുപീരയ്ക്ക് അതാതുദിവസം മുരശ് എത്തിക്കുന്നത് കായലിലെ വലക്കാരാണ്. 

beef-special

ചെമ്മീൻ മപ്പാസ്, ചെമ്മീൻ റോസ്റ്റ്, കരിമീൻ പൊള്ളിച്ചത്, കരിമീൻ പൊരിച്ചത് തുടങ്ങിയവ ഓർഡർ അനുസരിച്ചുണ്ടാക്കി ചൂടോടെ വിളമ്പുകയാണ്. ചെമ്മീൻ വിഭവങ്ങളാണ് ഈര നാരായണേട്ടന്റെ മാസ്റ്റർപീസ്. നല്ല മീനും മായമില്ലാത്ത മസാലയും കറിക്ക് മസ്റ്റെന്ന് നാരായണേട്ടൻ; പിന്നെ ഒരു കൈവഴക്കവും. ശരിയാണ്. മീൻകറിയുടെ കാര്യത്തിൽ കുട്ടനാട്ടുകാർ വിട്ടുവീഴ്ച കാട്ടില്ല; കൊടുക്കുന്ന കാര്യത്തിലും കഴിക്കുന്ന കാര്യത്തിലും. 

നാരായണേട്ടന്റെ ചെമ്മീൻ മപ്പാസിന് ആരാധകരേറെയാണ്. ആവി പറക്കുന്ന ഇളംഓറഞ്ച് നിറമുള്ള ഗ്രേവിയിൽ വെന്തുചുരുണ്ടു കിടക്കുന്ന ചെമ്മീൻ. വിളമ്പുമ്പോൾ തേങ്ങാപ്പാലിന്റെയും മസാലയുടെയും മണം. അപ്പവും കപ്പയും പൊറോട്ടയുമൊക്കെ ഇതിനൊപ്പം ഗംഭീരമാണെന്ന് നാരായണേട്ടൻ. കൊഴുത്ത ഗ്രേവി നാവിൽതൊട്ടുവച്ചാൽ തേങ്ങാപ്പാലിന്റെയും തക്കാളിയുടെയും നേർത്ത മധുരവും പച്ചമുളകിന്റെയും മീൻമസാലയുടെയും ചെറിയ എരിവും. നന്നായി വെന്തു വെണ്ണക്കഷണം പോലെയായ ചെമ്മീൻകഷണം കടിച്ചുചവയ്ക്കുമ്പോൾ ചെറിയ തരിതരിപ്പ്. നന്നായി വെന്തുകുഴഞ്ഞ കപ്പ മപ്പാസിന്റെ ഗ്രേവിയിൽ മുക്കിക്കഴിച്ചാൽ നാവിൽ കപ്പലോടിക്കാം. മൊരിഞ്ഞ പൊറോട്ടയുടെ പാളികളടർത്തി മപ്പാസിലിട്ടു കഴിക്കാം. അപ്പമാണ് പക്ഷേ മപ്പാസിനൊപ്പം രാജാവ്. ഗ്രേവിയിൽ കുതിർന്ന അപ്പം നാവിൽവച്ചാൽത്തന്നെ അലിഞ്ഞിറങ്ങും. ഒപ്പം ചെമ്മീനും ചവച്ചുകഴിക്കാം. 

നാരായണേട്ടന്റെ ചെമ്മീൻ മപ്പാസ് ഉണ്ടാക്കാം.

ചേരുവകൾ

ചെമ്മീൻ - 1 കിലോ വൃത്തിയാക്കിയത്

ചുവന്നുള്ളി- 3 എണ്ണം അരിഞ്ഞത്

സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത്

പച്ചമുളക് - 3 എണ്ണം നെടുകെ കീറിയത്

ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത്

വെളുത്തുള്ളി - മൂന്നോ നാലോ അല്ലി

കറിവേപ്പില- രണ്ടോ മൂന്നോ തണ്ട്

തക്കാളി - 1 എണ്ണം നേർപ്പിച്ച് അരിഞ്ഞത്

കുരുമുളകു പൊടി - അര ടീസ്പൂൺ

മീൻ മസാല - 1 ടീസ്പൂൺ

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

മല്ലിപ്പൊടി- അര ടീസ്പൂണ്‍

മുളകുപൊടി- അര ടീസ്പൂണ്‍

പുളി വെള്ളം - ഒരു ചെറിയ കഷണം പുളി പിഴിഞ്ഞത്

തേങ്ങാപ്പാൽ - പകുതി തേങ്ങയുടെ പാൽ പിഴിഞ്ഞത് 

                      (ഒന്നാംപാലും രണ്ടാം പാലും പ്രത്യേകം)

കടുക് - ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

പാചകം

ചട്ടിയിൽ എണ്ണയൊഴിച്ച് കടുകു വറുത്ത ശേഷം അതിൽ പച്ചമുളകും കറിവേപ്പിലയും ചുവന്നുള്ളി, സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞതും ഉപ്പും ചേർത്തു നന്നായി വഴറ്റുക. പിന്നെ അതിൽ മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മീൻ മസാലയും ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം പുളിവെള്ളം ചേർത്ത് വീണ്ടും വഴറ്റുക. ഗ്രേവി ആയ ശേഷം, വൃത്തിയാക്കിവച്ചിരിക്കുന്ന ചെമ്മീൻ അതിലേക്കിടുക. ചെമ്മീൻ വെന്തശേഷം തേങ്ങയുടെ രണ്ടാംപാൽ ചേർത്ത് വേവിക്കണം. ഉപ്പു നോക്കി ആവശ്യമെങ്കിൽ ചേർക്കാം. രണ്ടാംപാലിൽ നന്നായി വെന്തശേഷം പാകം നോക്കി ഒന്നാംപാൽ ചേർത്ത് ചെറുതായി തിളപ്പിക്കുക. പിന്നെ കുരുമുളകു പൊടി തൂവി ചേർത്തിളക്കി ഇറക്കാം. ചെറുചൂടോടെയാണ് മപ്പാസ് വിളമ്പേണ്ടതും കഴിക്കേണ്ടതും.