Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽക്കാറ്റേറ്റ്, കടൽകണ്ട് കഴിക്കാം കളിയോടത്തിലെ മുരിങ്ങയിറച്ചി!

Kaliyodam

രുചി നിറയുന്നതു വിളമ്പുന്നേടത്ത്. വിളമ്പുന്നേടം മനോഹരമായാലും രുചി നന്നാകണമെന്നില്ല. വിഭവത്തിന‌് നല്ല പേരിട്ടു വിളിച്ചാലും രുചി വിരുന്നിനെത്തണമെന്നില്ല. കഷണം വലുതായാലും രുചി വിളയാടണമെന്നില്ല. രുചി വിടരുന്നതും നിറഞ്ഞാടുന്നതും അടുക്കളയിലാണ്. കാഴ്ചയ്ക്കു മോടിയില്ലെങ്കിലും രുചി നിറച്ചുവച്ച  ഭക്ഷണശാലകൾ പരിചയപ്പെടാം. തനി നാടൻ  എന്നു ചായംകൊണ്ട് എഴുതാതെ രുചികൊണ്ട്  എഴുതിയ ഭക്ഷണശാലകൾ...................

നാവിന്റെ സ്വഭാവമാണത്. രുചിയുള്ള വിഭവങ്ങളെക്കുറിച്ച് ഓർത്താൽ, കേട്ടാൽ, കണ്ടാൽ വെള്ളമൂറും. രുചിയുള്ളവ കഴിച്ചാലോ ആരോടെങ്കിലും പറഞ്ഞേതീരൂ. പറഞ്ഞില്ലെങ്കിൽ രുചിയനുഭവം പൂർണമാവില്ല. നാവിന്റെ സ്വഭാവമാണത്. ആ സ്വഭാവം പുറത്തെടുക്കാതെ, നാവിനെ അടിച്ചമർത്തി വയ്ക്കുന്നവനെ നാവു പഴിക്കുന്നുണ്ടാകും. ആനബോറൻ എന്നു വിളിക്കുന്നുണ്ടാവും. 

നാവിനെ വിരുന്നൂട്ടുകയും അതേ നാവിനെക്കൊണ്ടുതന്നെ നാട്ടാരോടു നല്ലതു പറയിക്കുകയും ചെയ്തു വളർന്നൊരു ഭക്ഷണശാലയാണ് കെആർബി ഹോംലി സീഫുഡ്. ചെറായി നോർത്ത് ബീച്ച് റോഡിലൂടെ പോയാൽ ഇടത്തു കടൽ. വലത്ത് കെആർബി കാണാം. ഇതൊരു ഭക്ഷണശാലയാണോ എന്നു ചോദിച്ചാൽ, അതെ എന്നു പറയാം. ഇതുപക്ഷേ ഒരു വീടാണ്. കെ.ആർ. ബേബിയുടെ വീട്. അതുതന്നെയാണു കെആർബി എന്ന പേരിനു പിന്നിൽ. കാഴ്ചയ്ക്കു പ്രത്യേകതകളൊന്നും ഇല്ലാതിരുന്ന ഭക്ഷണശാലയാണ്. പിന്നെ ഒരു കെട്ടുവള്ളത്തിന്റെ മാതൃകയിൽ നാലഞ്ചു മേശയിടാവുന്ന സംവിധാനംകൂടി ഉണ്ടാക്കി. കളിയോടം എന്നു പേരുമിട്ടു. തീരപാതയിലൂടെ പോകുമ്പോൾ കെആർബിയിൽ കണ്ണുടക്കാൻ ഇതു ധാരാളം. 

കടലിൽനിന്നും കായലിൽനിന്നും കിട്ടുന്ന വിഭവങ്ങളാണു കെആർബിയുടെ പ്രത്യേകത. കൂന്തൽ, കക്ക, ഞണ്ട്, മീൻ അങ്ങനെയെല്ലാം വീട്ടുരുചിയിൽ കിട്ടും. അപ്പം, ചപ്പാത്തി, പത്തിരി തുടങ്ങിയവയ്ക്കു കൂട്ടാകുന്നു മീൻ വിഭവങ്ങൾ. മീൻ കഴിക്കാത്തവർക്കായി ചിക്കനുമുണ്ട്. പക്ഷേ, കെആർബിയിലെ താരം മുരിങ്ങ ഇറച്ചിയാണ്. എല്ലാ ദിവസവും കിട്ടണമെന്നില്ല. എല്ലാ നേരവും ഉണ്ടാകണമെന്ന‌ുമില്ല. പക്ഷേ, എറണാകുളം ജില്ലയിൽ മുരിങ്ങയിറച്ചി കിട്ടുന്ന അപൂർവം ഇടങ്ങളിലൊന്നാണിത്. 

ഓയിസ്റ്റർ എന്ന് ഇംഗ്ലിഷ് പേരുള്ള മുരിങ്ങ വരട്ടിയെടുക്കുകയാണ് ബേബിയുടെ രീതി. കുരുമുളകിന്റെ ആധിപത്യമാണ്. ചാറില്ലെങ്കിലും അപ്പത്തിനും പത്തിരിക്കും ചേരും. മുരിങ്ങയിൽ ചില നേരത്തു മൺതരികൾ കാണും. വായ് നിറയെ മണ്ണുകടിക്കുകയൊന്നുമില്ല. പക്ഷേ, ഒരു തരിയെങ്കിലും കിട്ടിയാൽ ‘അയ്യേ’ എന്നു പറയുന്നവരുണ്ടെങ്കിൽ ഈ വിഭവത്തെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. രുചിയുടെ ലോകത്തു വടിവൊത്ത ജീവിതം വേണമെന്നു ശഠിക്കുന്നവർക്കുള്ളതല്ല മുരിങ്ങയിറച്ചി. 

കെആർബിയിലെ ഞണ്ടും കക്കയും കരിമീനുമെല്ലാം സ്വാദിഷ്ഠമാണ്. മീൻപിടിത്തമാണ് അടിസ്ഥാനപരമായി ബേബിയുടെ തൊഴിൽ. അതുകൊണ്ടുതന്നെ നല്ല മീനേ വാങ്ങാറുള്ളൂ. നല്ല മീനാണോ എന്നറിയാൻ തൊട്ടുനോക്കേണ്ട കാര്യംപോലുമില്ല. അതുകൊണ്ടുതന്നെ 12 വർഷമായി ഈ ഭക്ഷണശാലയ്ക്ക് ഉലച്ചിലുകളുമില്ല. കടൽക്കാറ്റേറ്റ്, കടൽകണ്ട് വിഭവങ്ങൾ ആസ്വദിക്കാം. ചാറ്റൽമഴയുണ്ടെങ്കിൽ അന്തരീക്ഷം ഉഷാർ. 65 പേർക്ക് ഇരുന്നു കഴിക്കാം. മഴയില്ലെങ്കിൽ മുറ്റത്തും ഇരിക്കാം. 

muringa-fry

മുരിങ്ങയിറച്ചി ഫ്രൈ 

മുരിങ്ങ വൃത്തിയാക്കി ഉപ്പിട്ട് വേവിക്കുക. വെളിച്ചെണ്ണയിൽ സവാള വഴറ്റി പൊടികൾ ചേർക്കുക. കുരുമുളകുപൊടി കൂടുതൽ. വറ്റൽമുളകും പച്ചമുളകും ചേർക്കാം. നന്നായി വഴന്നുവരുമ്പോൾ മുരിങ്ങ ചേർത്ത് വെള്ളംവറ്റിച്ച് ഫ്രൈ ആക്കാം.