Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഥുന് പ്രണയമാണ് ഭക്ഷണത്തോട്!

Midhun മിഥുൻ ഭാര്യ ലക്ഷ്മിയ്ക്കൊപ്പം

അഭിനേതാവായി തുടങ്ങി പിന്നീട് ദുബായിൽ ആർ ജെ ആയി, അവിടെ നിന്നും അവതാരകനായി കുടുംബസദസുകളുടെ മനസ്സിലേക്ക് ലാൻഡ് ചെയ്ത വ്യക്തിയാണ് മിഥുൻ രമേശ്. മസിലു പിടിത്തമില്ലാത്ത അവതരണശൈലിയിലാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കിയത്. മിഥുനെ കണ്ടാൽ തന്നെ ആളൊരു ഭക്ഷണപ്രിയനാണെന്ന് മനസ്സിലാകും. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അങ്ങ് മൂന്നാറിൽ നിന്നും വരും എന്ന പഴമൊഴി മിഥുന്റെ കാര്യത്തിൽ വളരെ ശരിയാണ്. വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കാൻ വേണ്ടി മാത്രം കക്ഷി പെട്ടിയെടുത്തു പുറപ്പെടാറുണ്ട്. മിഥുന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കിയാൽത്തന്നെ പലതരം വിഭവങ്ങളുടെ ഘോഷയാത്ര കാണാം. മിഥുൻ തന്റെ ഭക്ഷണപ്രേമവും യാത്രകളും പങ്കുവയ്ക്കുന്നു.

ഓരോ കാലത്തും ഓരോ പ്രണയം... 

എന്റെ  രുചി ഓർമകൾ തുടങ്ങുന്നത് അമ്മ ഉണ്ടാക്കിത്തന്നിരുന്ന വിഭവങ്ങളിൽ നിന്നാണ്. അമ്മമാർ ഭക്ഷണം ഉണ്ടാക്കുമ്പോൾ അല്പം സ്നേഹം കൂടി ചേർക്കാറുണ്ട് എന്ന് പറയാറില്ലേ...അതായിരിക്കാം അമ്മ ഏതു ഭക്ഷണം ഉണ്ടാക്കിയാലും അതിന്റെ രുചി നാവിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്നത്.

midhun-family മിഥുൻ കുടുംബത്തോടൊപ്പം

സിനിമയിൽ എത്തിയ ശേഷമാണ് വ്യത്യസ്ത ഭക്ഷണങ്ങൾ തേടിയുള്ള യാത്രകൾ സജീവമാകുന്നത്. ആർ ജെ ആയി ദുബായിൽ എത്തിയതോടെ ഭക്ഷണം ജീവിതത്തിന്റെ തന്നെ ഭാഗമായി. ഭക്ഷണപ്രേമികളുടെ സ്വർഗമാണ് ദുബായ്. അങ്ങനെ പുതിയ രുചികൾ തേടിയുള്ള യാത്രകളിൽ ദുബായിലെ മിക്ക ഹോട്ടലുകാരും നമ്മുടെ ചങ്ങായിമാരായി. ഓരോ കാലഘട്ടത്തിലും ഓരോ ഭക്ഷണ സാധനങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ഒരു കാലത്ത് ബേക്ക് ചെയ്ത പൈ കേക്കുകളോട് ഭയങ്കര ഇഷ്ടം തോന്നിയിരുന്നു. അത് കഴിഞ്ഞു സ്റ്റഫ്ഡ് പൊറോട്ടയോടായി പ്രേമം. ഇടക്കാലത്ത് ബാർബെക്യൂവിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 

പൊറോട്ട ഇറച്ചിപ്പൊതിയും ഗഫൂർകാസ് തട്ടുകടയും...

പണ്ട് സ്‌കൂൾ കാലഘത്തിൽ എൻസിസിയിൽ സജീവമായിരുന്നു. അന്ന് ക്യാമ്പുകൾക്ക് പോകുമ്പോൾ ഭക്ഷണം റേഷൻ ആയിരുന്നു. വരിവരിയായി നിന്ന് ഭക്ഷണം വാങ്ങണം. മിക്കവാറും വാഴയിലയിൽ രണ്ടു പൊറോട്ട പൊതിഞ്ഞു തരുന്നതാണ് ഭക്ഷണം. അതിനിടയ്ക്ക് അല്പം ബീഫും കാണും. മിത ഭക്ഷണം ആയിരുന്നെങ്കിലും ആ വാഴയില അങ്ങോട്ട് തുറക്കുമ്പോൾ പരക്കുന്ന മണം വർഷങ്ങൾക്കിപ്പുറവും ഓർമകളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു. അങ്ങനെ ദുബായിൽ ഗഫൂർകാസ് തട്ടുകട എന്ന ഹോട്ടൽ നടത്തുന്ന സുഹൃത്തുക്കളോട് ഈ          വിഭവത്തെക്കുറിച്ച് പറഞ്ഞു. അങ്ങനെ അവർ അത് പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കി നോക്കി. സംഭവം ഹിറ്റായി. അങ്ങനെ അത് 'പൊറോട്ട ഇറച്ചി പൊതി' എന്ന പേരിൽ ഗഫൂർകാസ് തട്ടുകടയിലെ മെനുവിലും കയറിപ്പറ്റി. 

midhun-family മിഥുൻ ഭാര്യ ലക്ഷ്മിയ്ക്കും മകൾക്കുമൊപ്പം

മൂന്ന് ലെയറുള്ള ഒരു സാന്‍ഡ്‌വിച്ച്‌ പോലെയാണ് വിഭവം. ഒരു പൊറോട്ട അല്പം ബീഫ്. മുകളിൽ വീണ്ടും പൊറോട്ട-ബീഫ്, ഏറ്റവും മുകളിൽ വീണ്ടും ഒരു പൊറോട്ട... ഷവർമ പോലെ ഇത് വാഴയിലയിൽ പൊതിഞ്ഞു തരും. ആ വാഴയില അങ്ങോട്ട് തുറക്കുമ്പോൾ ഉള്ള ഒരു മണമുണ്ടല്ലോ എന്റെ സാറേ.... പിന്നെ കുറച്ചു നേരത്തേക്ക് ചുറ്റിനുമുള്ള ഒന്നും കാണാൻ പറ്റില്ല!

പാചകവും പഴഞ്ചോറും...

പലരും ശരീരം കണ്ടിട്ട് ചോദിക്കാറുണ്ട് കഴിപ്പ് മാത്രമേയുള്ളൂ അതോ സ്വന്തമായി ഫൂഡ് പ്രൊഡക്ഷനും ഉണ്ടോ എന്ന്. അത്യാവശ്യം ജീവിച്ചു പോകാനുള്ള തട്ടിപ്പുവിദ്യകൾ വശമുണ്ട്. പാചകം എന്ന് പറയാൻ പറ്റില്ല. ഒരു 'അവിയൽ ഉണ്ടാക്കൽ' എന്ന് പറയാം. തലേദിവസത്തെ ചോറിൽ അല്പം വെള്ളമൊഴിച്ചു വച്ച് ഒരു കാന്താരിമുളകും ചേർത്ത് ആസ്വദിച്ചു കഴിച്ചിരുന്ന കാലത്തിന്റെ ഓർമയിൽ, ഫ്രിഡ്ജിൽ ഇരിക്കുന്ന തലേദിവസത്തെ സാധങ്ങൾ കൂട്ടിക്കലർത്തി അല്പം 'റീമിക്സിങ്' ഇപ്പോഴും പരീക്ഷിക്കാറുണ്ട്.

midhun

ഡയറ്റിങ് ഒന്നും ചെയ്യാറില്ല. ഇടയ്ക്ക് ചില സിനിമകൾക്ക് വേണ്ടി തടി അല്പം കുറച്ചിരുന്നു. കഴിക്കാവുന്ന കാലം നന്നായി ആസ്വദിച്ചു കഴിക്കുക. ഇല്ലെങ്കിൽ പിന്നെ ഈ തിരക്ക് പിടിച്ചുള്ള ഓട്ടത്തിനൊന്നും ഒരു അർത്ഥവും ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അസ്സലായി പാചകം ചെയ്യുന്ന ഒരു ഭാര്യയെ കിട്ടിയതാണ് എന്റെ ഭാഗ്യം. ഭാര്യ ലക്ഷ്മി മേനോൻ വ്‌ളോഗറാണ്. ഒരു മകളാണ് ഞങ്ങൾക്ക്. ഞാൻ ഫൂഡി ആയതു കൊണ്ട് ഭാര്യ പുതിയ കാര്യങ്ങൾ കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷിക്കാറുണ്ട്. ബിരിയാണിയാണ് ഭാര്യയുടെ ഫേവറിറ്റ് ഡിഷ്.

പ്രിയ ഭക്ഷണം

എല്ലാത്തരം ഭക്ഷണവും ഇഷ്ടമാണെങ്കിലും ഏറ്റവും ഇഷ്ടം നാടൻ മട്ടൻ ബിരിയാണിയോടും മീൻകറിയോടുമാണ്. മട്ടൻ ബിരിയാണി+ ഫിഷ് ഫ്രൈ ഒരു കോംബിനേഷൻ തന്നെയുണ്ട്. ദുബായിൽ ഒന്നാന്തരം കുഴിമന്തി വിഭവങ്ങൾ കിട്ടുന്ന കടകളുണ്ട്. മന്തിയിൽ തന്നെ മട്ടൻ റിബ്സ് കൂടി വരുന്ന വലിയ ഒരു വിഭവമുണ്ട്. അതാണ് ഇപ്പോൾ എന്റെ ഫേവറിറ്റ്. സാധാരണ ഒരാൾക്ക് അത് ഒറ്റക്ക് കഴിക്കാനാകില്ല. ചോറ് കഴിക്കാതെ മന്തി മാത്രം കഴിക്കാൻ ഇഷ്ടമാണ്. 

കൊറിയയിൽ പോയപ്പോൾ കൊറിയൻ ബാർബെക്യൂ പരീക്ഷിച്ചിരുന്നു. അവിടെ കടകളിൽ നമുക്ക് ഇഷ്ടപെട്ട ചേരുവകൾ ചേർത്ത് ബാർബെക്യൂ ഉണ്ടാക്കിയെടുക്കാം. മധുരം ഇഷ്ടപ്പെടുന്നവരടെ സ്വർഗമാണ് കൊറിയ. വിവിധ തരം ഡെസേർട്ടുകൾ ഒരുക്കി വച്ച് ഹോട്ടലുകൾ കാത്തിരിക്കും.

ഞാൻ ദുബായിലാണ് താമസിക്കുന്നത്. ഷൂട്ടിങ് കാര്യങ്ങൾക്കായി മാസത്തിൽ രണ്ടുമൂന്ന് തവണ നാട്ടിൽ എത്താറുണ്ട്. ഷൂട്ടിങ് കഴിഞ്ഞു നേരെ അടുത്ത ഫ്‌ളൈറ്റ് പിടിക്കാറാണ് പതിവ്. അടുത്ത വരവിൽ നാട്ടിൽ പുതിയ രുചികൾ വല്ലതും റിലീസ് ആയിട്ടുണ്ടെങ്കിൽ പരീക്ഷിക്കാനാണ് പ്ലാൻ. എന്നിട്ട് ദുബായിൽ പോയി അവിടെയും റിലീസ് ചെയ്യാമല്ലോ...