Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ചുട്ട കോഴീന്റെ മണം... തായത്തെരു മുതൽ കണ്ണൂർ സിറ്റി വരെ

Author Details
ahammad-ka-thattukada കണ്ണൂർ സിറ്റിയിലെ റമസാൻ കാലത്തെ രാത്രി ഫുഡ് സ്റ്റാളിൽ കബാബ് ചിക്കൻ തയാറാവുന്നു

‘നല്ല ചുട്ട കോഴീന്റെ മണം’. തായത്തെരു മുതൽ കണ്ണൂർ സിറ്റി വരെ റമസാനിൽ ആരംഭിക്കുന്ന രാത്രിയിലെ നോമ്പുകാല സ്റ്റാളുകൾക്കു മുന്നിലൂടെ പോകുന്ന ആരുടെയും മനസ്സിലേക്ക് സമാനമായ സിനിമാ ഡയലോഗ് ഓടിയെത്തും. നോമ്പുകാലത്ത് വൈകിട്ട് കണ്ണൂർ സിറ്റി രൂപം മാറും. പലതരം ചിക്കൻ വിഭവങ്ങളുടെ സ്റ്റാളുകളിൽ നിന്നു കൊതിയൂറും മണം മൂക്കിലേക്ക് അരിച്ചെത്തും.

വെറും ചുട്ട കോഴികളല്ല, പലതരം ചുട്ടകോഴികളാണ് ഇവിടുത്തെ സ്റ്റാളുകളിലുള്ളത്. കബാബ്, ഗ്രിൽഡ്, മുഗളായ്, അൽഫാം, ഷവാഹ്, സ്പ്രിങ് തുടങ്ങി ചിക്കൻ വകഭേദങ്ങളുടെ നീണ്ട നിര. 12 വർഷം മുൻപാണു തായത്തെരുവിൽ ആദ്യമായി ഒരു കബാബ് സ്റ്റാൾ നോമ്പുകാലത്ത് ആരംഭിച്ചത്. പിന്നീട് പലതരം രുചികളെല്ലാം മിഡിൽ ഈസ്റ്റിൽ നിന്നു കപ്പലുകയറി ഇവിടേക്ക് എത്തി. ഒരോ സ്റ്റാളുകളും അറേബ്യൻ രുചികളിൽ വൈദഗ്ധ്യം നേടിയ പാചകക്കാരെ ഇവിടേക്ക് എത്തിച്ചു മത്സരിച്ചു.

pettennoru-kababu കണ്ണൂർ തായത്തെരുവിലെ കബാബ് തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയവർ

ഇവയൊക്കെ ഓർഡർ ചെയ്തു കഴിക്കുന്നവർക്കുമറിയില്ല, ഓരോ വെറൈറ്റിയും തമ്മിൽ എന്താണു വ്യത്യാസമെന്ന്. കബാബ് ചിക്കൻ എന്നാൽ ഗ്രിൽഡ് ചിക്കന്റെ വകഭേദമാണ്. ഗ്രില്ലിനു മുകളിലോ തീയിലോ ഇട്ടു ചുട്ടെടുക്കുന്ന ചിക്കനാണ് ഗ്രിൽഡ് ചിക്കൻ എന്നു വിളിക്കുന്നത്. സാധാരണ ഉണങ്ങിയ മസാലകളാണ് കബാബ് ചിക്കനിൽ ഉപയോഗിക്കുന്നത്.

അൽഫാം ചിക്കനും കബാബ് ചിക്കനെപോലെയാണ് തയാറാക്കുന്നതെങ്കിലും കൂടുതലും അറേബ്യൻ പലവ്യഞ്ജനങ്ങളാണു മസാലയായി ഉപയോഗിക്കുക. മുഗളായ് ചിക്കനിൽ പച്ച മാസലയാണ് ഉപയോഗിക്കുന്നത്. പച്ച ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേർത്തതാണ് മസാല. എട്ടു മണിക്കൂറുകളോളം മാസല പുരട്ടിവച്ചു ചുട്ടെടുക്കുന്നതാണ് ഷവാഹ് ചിക്കൻ. 

പ്രത്യേകം അവ്നിൽ അഥവാ തന്തൂരിൽ ചുട്ടെടുക്കുന്ന ചിക്കനാണ് തന്തൂരി ചിക്കൻ. ബാർബിക്യു ചിക്കൻ തീനാളത്തിൽ ആണു ചുട്ടെടുക്കുക. മറ്റൊരിനമാണ് ചിക്കൻ ടിക്ക. എല്ലില്ലാത്ത മാംസംകൊണ്ടുള്ള വിഭവങ്ങളെയാണ് ടിക്ക എന്നു വിളിക്കുന്നത്. എണ്ണ ഉപയോഗിക്കില്ല എന്നതാണ് ഈ വിഭവങ്ങളുടെയെല്ലാം പ്രധാന പ്രത്യേകത.

ഈ ഇനങ്ങളിലെല്ലാം ചിക്കൻ, ബീഫ്, മട്ടൻ വൈവിധ്യങ്ങൾ സ്റ്റാളുകളിൽ ലഭ്യമാണ്. ചിക്കൻ വിഭവങ്ങൾക്കു കൂട്ടായി കുബ്ബൂസ്, നൈസ് പത്തിരി, ബട്ടർ നാൻ, പുട്ടുകൾ, അപ്പം എന്നിവയും ഉണ്ട്.

ദീപാലങ്കൃതമായ സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റാളുകളിലെല്ലാം കുടുംബസമേതം വന്നു ഭക്ഷണം കഴിക്കാൻ ഇരിപ്പിട സൗകര്യങ്ങളുമുണ്ട്. കിളിക്കൂട്, പഴം നിറച്ചത്, കുഞ്ഞപ്പത്തല് തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും സ്റ്റാളുകളിലുണ്ട്. കുഴിമന്തി പോലുള്ള റൈസ് ഇനങ്ങളും ലഭിക്കും. ഭക്ഷണം കഴിച്ചു കഴി‍ഞ്ഞാൽ ഐസ് ചിരണ്ടിയതും ഉപ്പിലിട്ടതും കഴിക്കാം.

ഇടക്കാലത്ത് റമസാനിലെ സ്റ്റാളുകളിലെ തിരക്ക് അൽപം കുറ‍ഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമായെന്നു പതിറ്റാണ്ടുകളായി തായത്തെരുവിൽ ചേംബർ ഹോട്ടൽ നടത്തുന്ന നിസാർ പറയുന്നു. ചേംബർ ഹോട്ടലിന്റെ മുന്നിലും വൈകിട്ട് മുതൽ പാതിരാത്രി വരെ റമസാൻ സ്പെഷൽ കബാബ് സ്റ്റാളുണ്ട്.