Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യ!

Food

ലോകത്ത് ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന രാജ്യം സൗദി അറേബ്യയാണെന്ന് റിപ്പോർട്ട്. ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മുപ്പത് ശതമാനവും പാഴാക്കുന്നതായി സൗദി  കാർഷികമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം എൺപത്തിയെണ്ണായിരം കോടി രൂപയ്ക്കുള്ള എൺപത്തിമൂന്ന് ലക്ഷം ടൺ ഭക്ഷ്യവസ്തുക്കൾ സൗദിയിലെ ജനങ്ങൾ പാഴാക്കുന്നുവെന്നാണ് റിപ്പോർട്ട്.

 രാജ്യാന്തരതലത്തിൽ ഒരാൾ പ്രതിവർഷം പാഴാക്കുന്നത് ശരാശരി 115കിലോഗ്രാം ഭക്ഷണമാണ്. എന്നാൽ, സൗദിയിൽ ഇത് 250 കിലോഗ്രാമിന് മുകളിലാണ്. റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് പുറമേ വിവാഹപാർട്ടികൾ, മറ്റ് വിരുന്നുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറ്റവുമധികം പാഴാക്കുന്നത്. ഒരുവർഷത്തിനിടെ ജിദ്ദയിലെ ഫുഡ് കോർട്ടിൽ 1.44 ലക്ഷം ആളുകള്‍ക്കുളള  49 ടണ്‍ ഭക്ഷണം പാഴാക്കിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വൻകിട ഹോട്ടലുകൾ ഒരുക്കുന്ന പാർട്ടികളിൽ നല്ല പങ്ക് ഭക്ഷണവും പാഴാക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊങ്ങച്ചത്തിനായി കൂടുതൽ ഭക്ഷണം ഒരുക്കുന്നതും പാഴാക്കപ്പെടുന്നു.

 അതേസമയം, ചീത്തപ്പേര് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സൗദി ഭരണകൂടം. ഭക്ഷണം പാഴാക്കുന്നത് തടയാൻ ശക്തമായ നിയമനിർമാണമാണ് ലക്ഷമിടുന്നത്. ഭക്ഷണം പാഴാക്കുന്ന ഹോട്ടലുകൾ, വ്യക്തികൾ എന്നിവയ്ക്ക് പിഴ ഈടാക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥ. കരടുനിയമം ഈ മാസംതന്നെ പരിഗണനയിൽ വരുമെന്നാണ് കരുതുന്നത്. അതിനൊപ്പം ബോധവർക്കരണ ക്യാംപെയിനുകളും സംഘടിപ്പിക്കും.

ഭക്ഷണം പാഴാക്കുന്ന സമൂഹത്തിന് ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. സൗദി ജനസംഖ്യയുടെ അൻപത്തിഒൻപത് ശതമാനവും അമിതവണ്ണം നിമിത്തമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്ന് ശതമാനം പേർ പ്രമേഹത്താൽ വലയുന്നു. നാൽപ്പത് ശതമാനം പേർക്ക് രക്തസമ്മർദമുണ്ടെന്നും കണക്കുകൾ പറയുന്നു.