കൊച്ചിയിലെവിടെയും ഇനി ഭക്ഷണം ചൂടോടെ വീട്ടിലെത്തും...

കോളജിൽ പോകുന്നതിനു മുൻപും വന്നതിനു ശേഷവുമുള്ള സമയത്തു ചെയ്യാവുന്ന ഒരു സ്റ്റൈലിഷ് ജോലി. അല്ലെങ്കിൽ ഓഫിസ് ജോലിക്കു ശേഷം അധിക വരുമാനത്തിനുവേണ്ടി ചെയ്യാവുന്ന ഒരു ഈവ്നിങ് ഷിഫ്റ്റ് ജോലി. വലിയ ടെൻഷനുകളൊന്നുമില്ലാതെ ജോലി ചെയ്യാം. ആകെ രണ്ടു ഡിമാൻഡുകൾ മാത്രം. ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കാനറിയണം, ടൂ വീലർ ഓടിക്കാനറിയണം – കൊച്ചിയിലിപ്പോൾ മൂവായിരത്തിലേറെ ചെറുപ്പക്കാർക്ക് പാർട്‌ടൈം, ഫുൾടൈം ജോലി നൽകുന്ന ഫുഡ് ഡെലിവറി ആപ്പുകളെക്കുറിച്ചാണു പറഞ്ഞുവരുന്നത്. സ്വിഗ്ഗി, സൊമാറ്റോ, ഊബർ ഈറ്റ്സ്, ഫൂഡ് പാണ്ട... കൊച്ചിക്കാരുടെ ഭക്ഷണ ശീലം ആപ്പിലാകുമ്പോൾ സൗകര്യങ്ങൾ മാത്രമല്ല, തൊഴിലവസരങ്ങളും കൂടുകയാണ്. 

വലിയ തൊഴിലവസരങ്ങൾ

പാർട്‌ടൈം ജോലിയായോ ഫുൾ ടൈം ജോലിയായോ, ഫ്രീടൈം ജോലിയായോ ഡെലിവറി ബോയ്സിന്റെ ജോലി സ്വീകരിക്കാമെന്നതാണ് ഫൂഡ് ഡെലിവറി രംഗത്തേക്കു ചെറുപ്പക്കാരെ ആകർഷിക്കുന്നത്. ഡെലിവറി ബോയ്സായി എത്തുന്ന കോളജ് വിദ്യാർഥികളുടെ എണ്ണവും കൂടുകയാണ്. ഓരോ കമ്പനിയും ആയിരത്തിലേറെ ചെറുപ്പക്കാർക്കു ഡെലിവറി സർവീസിൽ മാത്രം തൊഴിൽ കൊടുക്കുന്നുണ്ടെന്നു പ്രമുഖ ഫുഡ് ഡെലിവറി സൈറ്റുകളുടെ കൊച്ചി ബിസിനസ് മേധാവികൾ പറയുന്നു. ശരാശരി ഓർഡറുകൾ ലഭിച്ചാൽ ഏറ്റവും കുറഞ്ഞത് 20,000 രൂപ വരെ മാസം വരുമാനം ലഭിക്കുമെന്നു ഡെലിവറി ബോയ്സും സാക്ഷ്യപ്പെടുത്തുന്നു. പാർട്ടൈം ജോലിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 10,000 രൂ സമ്പാദിക്കാം. പഠനാവശ്യങ്ങളും നിത്യച്ചെലവുകളും ഇന്ധനച്ചെലവും ഇതിൽനിന്നു കണ്ടെത്തുന്ന വിദ്യാർഥികളുമുണ്ട്. എപ്പോഴൊക്കെ ഓൺലൈനാവണമെന്നു സ്വയം തീരുമാനിക്കാം. കമ്പനികൾ വ്യത്യസ്ത ഷിഫ്റ്റുകളും നൽകുന്നുണ്ട്. ഓഫറുകളുള്ളപ്പോൾ കൂടുതൽ ഓർഡറുകൾ അടുത്തടുത്ത സ്ഥലങ്ങളിൽ നിന്നു ലഭിക്കാറുണ്ടെന്നും ഡെലിവറി ബോയ്സ് പറയുന്നു.

മാറുകയാണ്, കൊച്ചിയുടെ ഭക്ഷണശീലം

രാത്രി 12 മണിക്ക്, കോരിച്ചൊരിയുന്ന മഴയത്തും ചൂടുള്ള ഭക്ഷണം വാതിൽക്കൽ ലഭിക്കും–ഫുഡ് ഡെലിവറി ആപ്പുകളോട് കൊച്ചിക്കാർക്കു സ്നേഹം കൂടാൻ ഒട്ടേറെ കാരണങ്ങളുണ്ട്. അതിഥികൾ വീട്ടിൽ വരുമ്പോഴും ഇപ്പോൾ ഫോണിലൂടെയുള്ള ഭക്ഷണമൊരുക്കലാണു കൂടുതൽ. ചായ ചൂടാറാതെയും തണുത്ത ഐസ്ക്രീം ഉരുകാതെയും വാതിൽക്കലെത്തും. കമ്പനികളുടെ വൈദഗ്ധ്യമുള്ള പായ്ക്കിങ്ങും ഉപയോക്താക്കളെ കമ്പനികളിലേക്ക് അടുപ്പിക്കുന്നുണ്ട്. ജോലിക്കും പഠനത്തിനുമായി കൊച്ചിയിൽ താമസിക്കുന്ന വിദ്യാർഥികളും അവിവാഹിതരുമാണ് കമ്പനികളുടെ പ്രധാന ഉപയോക്താക്കൾ. ഹോസ്റ്റലുകളിലേക്കും ഫ്ലാറ്റുകളിലേക്കുമാണു കൂടുതൽ ഡെലിവറിയെന്നും ഡെലിവറി ബോയ്സ് പറയുന്നു. 

ഓഫിസ് ജോലികളും 

ആയിരത്തിലേറെ സ്റ്റാഫുകൾ ഫീൽഡിലുള്ളപ്പോൾ മുപ്പതിലേറെ ഓഫിസ് ജോലിക്കാരെയും നഗരത്തിൽ നിയമിച്ചിട്ടുണ്ട് പ്രധാന കമ്പനികൾ. ഗൂഗിൾ മാപ്പിനെ അടിസ്ഥാനമാക്കി ജോലി ചെയ്യുന്ന ഡെലിവറി ബോയ്സിനു സാങ്കേതിക സഹായമൊരുക്കാൻ ഓഫിസിൽ ഒരു ടെക്നിക്കൽ ടീമുണ്ടാകും. കസ്റ്റമർ റിലേഷനും ക്ലയന്റ് റിലേഷനും ജീവനക്കാരുണ്ട്. 

നഗരത്തിലെവിടെയും

നഗരത്തിനു പുറത്തേക്കും ഭക്ഷണം ഓൺലൈനിലെത്തിക്കുന്നുണ്ട് സൊമാറ്റോ. അങ്കമാലി, നെടുമ്പാശേരി, ആലുവ, തൃപ്പൂണിത്തുറ മേഖലകളിലെല്ലാം സേവനം ലഭ്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ 200 റസ്റ്ററന്റുകളുടെ ലിസ്റ്റുമായാണ് ഊബർ ഈറ്റ്സ് ആരംഭിച്ചത്. കലൂർ, പനമ്പള്ളിനഗർ, ഇളംകുളം, എംജി റോഡ് പ്രദേശങ്ങളിൽ മാത്രമായിരുന്നു ആദ്യ സർവീസെങ്കിൽ ഇപ്പോൾ നഗരത്തിലെവിടെയും ഊബർ ഈറ്റ്സിലൂടെ ഭക്ഷണം വാങ്ങാം. ഫൂഡ് ഓർഡർ ചെയ്യാനുള്ള സൗകര്യം മാത്രമേ ആദ്യം സൊമാറ്റോ നൽകിയിരുന്നുള്ളൂ എങ്കിലും ഡെലിവറിയും ഇപ്പോൾ നൽകുന്നുണ്ട്. ഫൂഡ് പാണ്ടയിലൂടെയും നഗരത്തിലെവിടെനിന്നും ഭക്ഷണം ഓഡർ ചെയ്യാം. ഈ മാസം അവസാനത്തോടെ തൃപ്പൂണിത്തുറ, കളമശേരി തുടങ്ങിയ മേഖലകളിലേക്ക് സ്വിഗ്ഗി സേവനം വ്യാപിപ്പിക്കും. 

ട്രാഫിക് തന്നെ വെല്ലുവിളി

ഭക്ഷണവുമായി വേഗത്തിലെത്താൻ നഗരത്തിലെ തടസ്സം ഉയർന്ന ട്രാഫിക് തന്നെയെന്നു ഡെലിവറി ബോയ്സ് പറയുന്നു. കൂടുതൽ ഓർഡറുകൾ സ്വീകരിക്കാൻ കഴിയാത്ത വിധത്തിൽ കുടുങ്ങിപ്പോയ അവസരങ്ങളുമുണ്ട്. എങ്കിലും ബൈക്കിൽ പറന്നെത്തുന്ന അന്നദാതാക്കളുടെ ജോലി ആസ്വദിക്കുന്നുണ്ട് ചെറുപ്പക്കാർ.

കൊച്ചിയിൽ ഡെലിവറി ഗേൾസും; നിഖിൽ ശശി – കൊച്ചി ബിസിനസ് ഹെഡ് – സ്വിഗ്ഗി 

'ഡെലിവറി ബോയ്സ് മാത്രമല്ല, നഗരത്തിൽ ഡെലിവറി ഗേൾസുമുണ്ട്. പെൺകുട്ടികളും ജോലി തേടിയെത്തുന്നുണ്ട്. അഞ്ചുമണി വരെയുള്ള ഷിഫ്റ്റുകളാണ് പെൺകുട്ടികൾക്കു കൊടുക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾക്ക് നഗരത്തിൽ ഇപ്പോൾ വളർച്ചയുടെ കാലഘട്ടമാണ്. കഴിഞ്ഞ ഏപ്രിലിലാണ് സ്വിഗ്ഗി കൊച്ചിയിൽ സേവനം ആരംഭിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു വളർച്ച.  ഇപ്പോൾ 400 ഹോട്ടലുകളാണ് സ്വിഗ്ഗി ആപ്പിലുള്ളത്. ഓഫറുകൾ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ല. മികച്ച സേവനത്തിലൂടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുകയാണ്. ഏറ്റവും വേഗത്തിൽ ഭക്ഷണമെത്തിക്കുക എന്നതാണു ലക്ഷ്യം. കൂടാതെ റസ്റ്ററന്റുകളിലെ സാധാരണ വിലയിൽ തന്നെയാണ് ഓൺലൈനായും ഭക്ഷണം നൽകുന്നത്. വിലയിൽ വ്യത്യാസമുണ്ടെങ്കിൽ ആ റസ്റ്ററന്റിനെ ലിസ്റ്റ് ചെയ്യില്ല.' -