ആഹാരം കഴിക്കാം, പാത്രവും കഴിക്കാം

വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ശേഷം വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം അതു വിളമ്പിയ പാത്രങ്ങൾ കൂടി കഴിച്ചാലോ!. കഴിക്കുന്നയാൾക്കും സന്തോഷം, പാത്രം കഴുകുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടാത്തതിനാൽ സദ്യ തന്നയാൾക്കും സന്തോഷം. അമ്പരക്കേണ്ട, സമീപഭാവിയിൽ തന്നെ ഭക്ഷ്യയോഗ്യമായ പാത്രങ്ങൾ നമ്മുടെ തീൻ മേശകളിലെത്തുമെന്നുറപ്പാണ്.   

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗജമുഖ എന്റർപ്രൈസസ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് കഴിക്കാൻ സാധിക്കുന്ന പാത്രങ്ങൾ, സ്പൂണുകൾ, ഫോർക്കുകൾ. ഐസ്ക്രീം സ്റ്റിക്കുകൾ തുടങ്ങിയവയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമചാർ എന്നിവർ ചേർന്നാരംഭിച്ച സ്റ്റാർട്ടപ്, ‘എഡിബിൾ പ്രോ’ എന്ന പേരിലാണ് ഇവ വിൽക്കുന്നത്. 

സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന പദാർഥങ്ങളിൽ നിന്നാണു തങ്ങളുടെ ഉൽപന്നങ്ങൾ നിർമിക്കപ്പെടുന്നതെന്നു ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇവ ലയിച്ചു ചേരും. 

ചന്ദന നിറമുള്ള, മനം മയക്കുന്ന ഗന്ധമുള്ള ഈ പാത്രങ്ങൾ അത്രയെളുപ്പം ഭക്ഷിക്കാൻ സാധിക്കില്ല. കുറച്ചു കനമുണ്ട് ഇവയ്ക്ക്. കനമില്ലെങ്കിൽ ഭക്ഷണസാധനങ്ങൾ അതിൽ കരുതാൻ സാധിക്കില്ലല്ലോ. അൽപം നനവുള്ള ഭക്ഷണസാധനങ്ങൾ പാത്രങ്ങളിൽ വച്ചാൽ അവ നേർത്തതാകും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളും അകത്താക്കാം. 

ആദ്യമായല്ല കഴിക്കാവുന്ന പാത്രങ്ങൾ ഇന്ത്യയിലെത്തുന്നത്. കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) രണ്ടു വർഷംമുൻപ് കഴിക്കാവുന്ന ‘റൈസ് ബോളുകൾ’ തങ്ങളുടെ സ്റ്റോറുകളിലെത്തിച്ചിരുന്നു. കെഎഫ്സി ഔട്‍‌െലറ്റുകളിൽ ഇവ ഹിറ്റായിരുന്നു.  

ഇതിന്റെ ചുവടുപിടിച്ച്, ഹൈദരാബാദ് ആസ്ഥാനമായ ‘ബേയ്ക്കീസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി ഭക്ഷ്യയോഗ്യമായ സ്പൂണുകൾ പുറത്തിറക്കി. ഭക്ഷ്യയോഗ്യമായ സ്പൂണുകൾ നിർമിക്കുക വഴി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യവും ബേയ്ക്കീസിനുണ്ടായിരുന്നു. 100 സ്പൂണുകളടങ്ങിയ ഒരു ബോക്സിനു 300 രൂപയാണ് അവർ ഈടാക്കുന്നത്. ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എങ്കിലും ഒന്നരവർഷം വരെ ഇവ കേടുകൂടാതെ ഇരിക്കും. അമേരിക്കയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നു തങ്ങൾക്കു ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നു കമ്പനി അധികൃതർ പറയുന്നു.

എന്തായാലും തീൻമേശകളിൽ ഇനി വിപ്ലവം സൃഷ്ടിക്കാൻ പോകുന്നത് ഭക്ഷ്യയോഗ്യമായ പാത്രങ്ങളാകുമെന്നുറപ്പാണ്. ഇവ പ്ലാസ്റ്റിക് ഉപയോഗത്തെ കുറച്ചെങ്കിലും ചെറുക്കാൻ സഹായിക്കും. ഓരോ ദിവസവും ഉപേക്ഷിക്കപ്പെടുന്ന, മണ്ണിൽ ലയിച്ചു ചേരാത്ത കോടിക്കണക്കിനു പാത്രങ്ങളും കപ്പുകളും രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഭക്ഷ്യയോഗ്യമായ പാത്രങ്ങൾ ഇതിനുമൊരു പരിഹാരമാണ്.    

സ്റ്റീൽ പാത്രങ്ങൾ പുനരുപയോഗിക്കാമെങ്കിലും ഭക്ഷ്യയോഗ്യമായ പാത്രങ്ങൾ കഴുകേണ്ട ആവശ്യമില്ല. കൂടാതെ ഏതു രൂപത്തിലും അവ നിർമിക്കുകയും ചെയ്യാം.