Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീല നിറമുള്ള ചായ, ചോറിന് കാർമുകിൽ കറുപ്പ്! തൃശ്ശൂർ റസ്‌റ്റൊറന്റിലെ കൗതുക കാഴ്ചകൾ ഇങ്ങനെ!

blue-tea ഇവിടുത്തെ ബ്ലൂ ടീയ്‌ക്ക് ഒരു ചെറിയ വ്യത്യാസം കൂടിയുണ്ട്. ഇത് സെർവ് ചെയ്യുമ്പോൾ മാത്രമായിരിക്കും നീല നിറം,കുടിക്കുന്ന സമയത്ത് നല്ല പർപ്പിൾ കളാറാകും - അരുൺ ഘോഷ്

കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഒരു ചായ തരംഗം തുടങ്ങിയിട്ട്! ഗ്രീൻ ടീയോ, ലെമൺ ടീയോ, ഹണി ടീയോ, ഐസ് ടീയോ, ജിഞ്ചർ ടീയോ ഒന്നുമല്ല അവിടുത്തെ താരം. ചില്ലു ഗ്ലാസിൽ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരിയെ എവിടെ കിട്ടും എന്ന് അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത കൂടി. "മ്മടെ തൃശ്ശൂര് ഗഡീസിലേക്ക് പോരൂട്ടോ... നല്ല അസ്സല് നീല ചായ കുടിക്കാം..."- പറയുന്നത് നടനും നിർമ്മാതാവുമായ അരുൺ ഘോഷ്. 

"തൃശ്ശൂരിൽ ഗഡീസ് ഊട്ടുപുരയെന്ന പേരിൽ ഞാനീ റസ്‌റ്ററന്റ് തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി. ഇവിടെ ചായ കുടിക്കാൻ വരുന്നവർക്കെല്ലാം ഒരു കാര്യത്തിൽ നിർബന്ധമുണ്ട്. ചായയ്‌ക്കൊപ്പം ഒരു സെൽഫി മസ്റ്റാണ്. ബ്ലൂ ടീയാണ് അവരുടെ കോ- സ്റ്റാർ. മുതിർന്നവർ മാത്രമല്ല കോളജ്, സ്‌കൂൾ കുട്ടികൾ വരെ ഇപ്പോൾ ബ്ലൂ ടീയുടെ ആരാധകരാണ്. ഒരുപക്ഷെ ഞങ്ങളായിരിക്കും കേരളത്തിൽ ആദ്യമായി ബ്ലൂ ടീ പരിചയപ്പെടുത്തുന്നത്. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബട്ടർഫ്‌ളൈ പീ ഫ്ളവർ ആണ് ചായയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. പിന്നെ ഇവിടുത്തെ ബ്ലൂ ടീയ്‌ക്ക് ഒരു ചെറിയ വ്യത്യാസം കൂടിയുണ്ട്. ഇത് സെർവ് ചെയ്യുമ്പോൾ മാത്രമായിരിക്കും നീല നിറം. കുടിക്കുന്ന സമയത്ത് നല്ല പർപ്പിൾ കളാറാകും. ചായയിൽ മധുരത്തിനായി പഞ്ചസാരയ്‌ക്ക് പകരം തേൻ ചേർക്കും, ഒപ്പം നാരങ്ങാനീരും. ഇതാണ് ബ്ലൂ ടീയുടെ നിറം മാറ്റത്തിന്റെ ടെക്‌നിക്."- അരുൺ ഘോഷ് പറയുന്നു. 

tea-special

5 ഗ്രീൻ ടീ = 1 ബ്ലൂ ടീ തീർത്തും ഓർഗാനിക്, കഫീനില്ല, അതുപോലെ ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ് ബ്ലൂ ടീ എന്നറിയപ്പെടുന്ന ബട്ടര്‍ഫ്ളൈ പീ ടീ. മലയാളികൾക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ ശംഖുപുഷ്പമാണ് ഇതിന്റെ പ്രധാന ചേരുവ. ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പും കൊളസ്ട്രോളും ഇല്ലാതാക്കും. ഓർമ്മശക്തി വർധിപ്പിക്കും, ഉത്കണ്ഠ, പ്രമേഹം, ആസ്മ എന്നീ അസുഖങ്ങൾക്ക് ഫലപ്രദം കൂടിയാണിത്. അഞ്ചു ഗ്രീൻ ടീ കുടിക്കുന്നതിന് സമമാണ് ഒരു ടീയെന്നും പറയുന്നു. 50 രൂപയാണ് വില. 

black-rice

രുചിയിലും കറുപ്പഴക് ഗഡീസിലെ മറ്റൊരു വ്യത്യസ്ത വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. കാഴ്ചയ്‌ക്ക് സുന്ദരനൊന്നുമല്ലെങ്കിലും ആരോഗ്യത്തിന് കേമനാണ്. ബ്ലാക് റൈസ് ഇതുപയോഗിച്ച് ഉണ്ടാക്കുന്ന പോഷകസമ്പുഷ്ടമായ വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. ആയൂർവേദത്തിന്റെ യഥാർത്ഥ ഗുണങ്ങളുള്ള ഈ അരിയിൽ പച്ചക്കറിയാണ് ചേർക്കുക. മഷ്‌റൂമാണ് പ്രധാന ചേരുവ. മുകളിലായി രണ്ടു എഗ് ബുൾസൈ വച്ച് അലങ്കരിക്കും. ഭൂട്ടാൻ, ബർമ്മ, ചൈന എന്നിവിടങ്ങളിൽ സുലഭമായ അരിയാണ് ബ്ലാക്ക് റൈസ്. ഇന്ത്യയിൽ മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. 240 രൂപയാണ് ഒരു പ്ളേറ്റിന്. 

സൗഹൃദത്തിന്റെ സ്വാദ് തൃശ്ശൂർ മിഷൻ കോർട്ടേഴ്‌സ് റോഡിലാണ് ഗഡീസ് ഊട്ടുപുര. ഈ സ്ഥാപനത്തെ കുറിച്ചു പറയുമ്പോൾ മറ്റൊരു വേദനിപ്പിക്കുന്ന ഓർമ്മ കൂടിയുണ്ട് അരുൺ ഘോഷിന്. തന്റെ സുഹൃത്തും പാര്ട്ണറുമായ ബിജോയ് ചന്ദ്രനുമായി ചേർന്നാണ് ഗഡീസ് ഊട്ടുപുരയെന്ന സംരംഭം ആരംഭിക്കുന്നത്. ഇരുവരും ചേർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ സ്ഥാപനം തുടങ്ങുന്നതിന് ഒരു മാസം മുൻപേ ബിജോയ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

gadies തൃശൂരിലെ തീം ബേസ്ഡ് റെസ്റ്റോറന്റാണ് ഗ‍‍ഡീസ് ഊട്ടുപുര, ജൂബി ഹോസ്പിറ്റലിനടുത്ത മിഷൻ ക്വാർട്ടേഴ്സിലാണ്

"ബിജോയും ഞാനും ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു ഗഡീസ് ഊട്ടുപുര. ഞങ്ങളുടെ സൗഹൃദത്തിൽ നിന്നാണ് ഈ പേരു പോലും ഉണ്ടായത്. സൗഹൃദത്തിന്റെ സ്വാദ് എന്നാണ് ഗഡീസ് അറിയപ്പെടേണ്ടത്. ഇന്നത് നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ സന്തോഷമുണ്ട്."- അരുൺ പറയുന്നു. അരുണിന്റെ സഹോദരൻ വരുൺ ഘോഷ്, കസിൻ പ്രവീൺ ഘോഷ് എന്നിവരാണ് ഗഡീസിന്റെ സാരഥികൾ. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമൻസ്, ഉത്സാഹക്കമ്മറ്റി, ഒരു സെക്കൻഡ് ക്ലാസ് യാത്ര, ജോർജ്ജേട്ടൻസ് പൂരം, വികടകുമാരൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച ചാന്ദ്വി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഗഡീസ് ഊട്ടുപുര.