Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചവച്ച‌ു ചവച്ച് ബബിൾഗം 90–ാം വയസ്സിലേക്ക്!

babilgam

ഫിലാഡെൽഫിയയിൽനിന്നുളള കണക്കെഴുത്തുകാരനായ വാൾട്ടർ ഡീമറാണ് ബബിൾഗമ്മിന്റെ ഉപജ്‌ഞാതാവ്. 1928ൽ അമേരിക്കൻ ചൂയിങ്ഗം കമ്പനിയായ ഫ്രാങ്ക് എച്ച്. ഫ്ലീർ കോർപറേഷനുവേണ്ടി റെസിപ്പി തയാറാക്കുന്നതിനിടയിലാണ് ഡീമർ ബബിൾഗമ്മിന്റെ ജന്മത്തിന് വഴിതുറന്നത്. 

ഫ്ലീർ കമ്പനി 1906ൽ തന്നെ ച്യൂയിങ്ഗം ഉൽപാദനത്തിന് തുടക്കം കുറിച്ചിരുന്നെങ്കിലും അവയൊന്നും ജനപ്രീതി നേടിയില്ല. വല്ലാതെ ഒട്ടിപ്പിടിക്കുകയും ഒടിഞ്ഞു പോവുകയും ചെയ്യുന്ന തരത്തിലുള്ള ചൂയിങ്ഗമ്മുകളായിരുന്നു അവയൊക്കെ. രുചിയിലും മണത്തിലും സാധാരണ ച്യൂയിങ്ഗത്തിൽ നിന്ന് അവയൊന്നും വ്യത്യസ്‌തമായിരുന്നില്ല. വലിച്ചുനീട്ട‌ാവുന്നതും കവിളിൽ ഒട്ടിപ്പിടിക്കാത്തതുമായവ വിപണിയിൽ ഇറക്കാൻ അവർക്കു കഴിഞ്ഞില്ല. ഇങ്ങനെ കമ്പനി വല്ലാത്തൊരു പ്രതിസന്ധിയിലായിരിക്കെയാണ് വെറുമൊരു ‘കണക്കപ്പിള്ള’യായ ഡീമർ പുതിയ ച്യൂയിംങ്ഗം കണ്ടെത്തുന്നത്. 

ച്യൂയിങ്ഗം ചേരുവകളോട് പ്രത്യേക രുചിക്കൂട്ടുകളും പിങ്ക് നിറവും കൂട്ടിച്ചേർത്തത് ‘ചവ’രംഗത്ത് പുതിയ വിപ്ലവം സൃഷ്‌ടിക്കാൻ ഡീമറെ സഹായിച്ചു. പുതിയ ഉൽപന്നം അധികം ഒട്ടിപ്പിടിക്കാത്തതും കൂടുതൽ വലിച്ചു നീട്ടാനും പറ്റുന്നതായിരുന്നു. ഫ്ലീർ കമ്പനിയുടെ അധ്യക്ഷൻ പച്ചക്കൊടി കാട്ടി. പുതിയ ഉൽപന്നത്തിന് ഡബിൾ ബബിൾ എന്ന് അദ്ദേഹം പേരിട്ടു. ഡീമർക്ക് അന്ന് ഇരുപത്തിനാലു വയസ്സ് മാത്രമായിരുന്നു പ്രായം. ഡബിൾ ബബിൾ വിപണിയിലെത്താൻ പിന്നെയും വർഷങ്ങളെടുത്തു, 1937ൽ. ഇത് വൻവിജയമായിരുന്നു. 

1998 മുതൽ ഈ ബ്രാൻഡ് നാമം കാനഡയിലെ ടൊറന്റോയിലുളള കോൺകോർഡ് കൺഫെക്‌ഷൻസ് ഇൻകോർപറേറ്റഡ് സ്വന്തമാക്കി. ഒട്ടുമിക്ക രാജ്യങ്ങളിൽ ഡബിൾ ബബിൾ വിറ്റഴിക്കുന്നു. ബബിൾ ഗമ്മിൽ പ്രധാനമായും അഞ്ച് ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത് - ഗം ബേയ്‌സ്, പഞ്ചസാര, കോൺ സിറപ്പ്, സോഫ്‌റ്റ്‌നർ, ഫ്ലേവറുകൾ. 

ബബിൾ ഗമ്മിന് 90 വയസ്സാണ് പ്രായമെങ്കിൽ ച്യൂയിങ്ഗത്തിന്റെ ആദ്യരൂപം ശിലായുഗത്തിൽപോലും പ്രചാരത്തിലുണ്ടായിരുന്നതായി ബ്രിസ്‌ഫോർഡ് സർവകലാശാലയിലെ ഗവേഷക എലിസബത്ത് അപ്‌ലിംഗ് നേരത്തേ കണ്ടെത്തിയിരുന്നു. ബിസി 700നു മുൻപുപോലും ച്യൂയിങ്ഗം ഒരു വേദന സംഹാരിയായി ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു.