Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കടയിൽ അകം ചുവന്ന മുട്ടയാണ് താരം

Author Details
Egg

തനി നാടൻ എന്നു ചായംകൊണ്ട് എഴുതാതെ രുചികൊണ്ട് എഴുതിയ ഭക്ഷണശാലകളുടെ കൂട്ടത്തിൽ ഇന്നു പരിചയപ്പടാം കുമ്പളം തീരത്തെ ഷിബുവിന്റെ പുട്ടുകടയിലെ മട്ടണും ബീഫും കോഴി വറുത്തതും...കുമ്പളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പർ കെട്ടിടമേത്? ചോദിച്ചാൽ ചിലപ്പോൾ നാട്ടുകാരിൽ പലർക്കും സംശയമാകും. ഏതാണാവോ? കണ്ടുപിടിക്കാനൊരു എളുപ്പവഴിയുണ്ട്. രാത്രി എട്ടരയോടെ കുമ്പളത്തെ ഒരു അടുക്കളയിൽനിന്ന് മസാലയി‍ൽ വെന്തു തിളച്ചുമറിയുന്ന ആട്ടിറച്ചിയുടെ മണം ഉയരും. പിടിച്ചാൽ കിട്ടൂല സാറേ... പിടിച്ചാൽ കിട്ടില്ല എന്നു പറയുന്നതു മറ്റൊന്നുമല്ല. മനസ്സിന്റെ നിയന്ത്രണം. അതു വെറുതെ മട്ടൻ കറിയിൽനിന്ന് ഉയരുന്ന ആവിപോലെ ആയിപ്പോകും. 

കുമ്പളം പഞ്ചായത്തിലെ ഒന്നാം നമ്പർ വാർഡിലെ ഒന്നാം നമ്പർ കെട്ടിടത്തിൽ നിന്നാണ് മസാലയിൽ കിടന്നു വെന്തുതിളച്ചു തീറ്റഭ്രാന്തൻമാരെ മദോൻമത്തരാക്കുന്ന ആട്ടിറച്ചിയുടെ മണം വരുന്നത്. ആട്ടിറച്ചി ചാറുകുറുകി കറിയായി മാറുമ്പോൾ ഒരു പ്രത്യേക മണമാണ്. സ്വാദേറിയ മണം. പക്ഷേ ചില അരസികൻമാർക്ക് ആ മണം തീരെ പിടിക്കുന്നില്ല. അങ്ങനെയുള്ളവർക്കും കുറച്ചു കസേര കരുതിയിട്ടിട്ടുണ്ട് കടയുടമ എ.ജെ. ഷിബു. അവർക്ക് ആട്ടിറച്ചിക്കു പകരം മാട്ടിറച്ചി കഴിക്കാം. ചില അരസികൻമാർക്ക് ആട്ടിറച്ചിയാണ് ഇഷ്ടമില്ലാത്തതെങ്കിൽ വേറേ ചില അരസികൻമാർക്ക് മാട്ടിറച്ചി പിടിക്കില്ല. മനസ്സിലും നാവിലും വയറ്റിലും. അങ്ങനെയുള്ളവരെ പടിഞ്ഞാട്ട് ഓടിച്ച് പൊഴേ ചാടിക്കണം എന്നു നാട്ടുഭാഷയിൽ പലരും പറയുന്നുണ്ടെങ്കിലും ഷിബുവിന്റെ ക്ഷമ വേറെയാണ്. അരസികൻമാരിൽ അരരസം പോലുമില്ലാത്തവർക്കായി കോഴിക്കറി കരുതുന്നുണ്ട്. കോഴിയെ ചാറിൽ വീഴ്ത്തരുത് എന്നു വാദിക്കുന്നവർക്കുവേണ്ടി മൊരുമൊരാന്നുള്ള ചിക്കൻ ഫ്രൈയുണ്ട്. ബീഫുമുണ്ട് ഫ്രൈ. പിന്നെ, ചൊമചൊമാന്നു ചുവന്നു തുടുത്ത കട്ട്ലക്കറിയുണ്ട്. രണ്ടുതുണ്ടും മീനും ചാറുംകൂടി പൊള്ളുന്ന അരിപ്പുട്ടിലേക്കു വീഴ്ത്തിയാൽ, വീഴ്ത്തുന്നതിനു മുൻപ് പുട്ടിനെയൊന്നു പിളർത്തണം. അതിലേക്കു ലാവ ഒഴുകുംപോലെ മീൻചാറങ്ങു ചെല്ലണം. അതിൽ പുട്ട് കുതിരണം. രുചിയുടെ കുതിരക്കുളമ്പടി ഉയരുന്നത് അങ്ങനെയാണ്.

kumbalam-special

കുമ്പളം പള്ളിക്കു സമീപത്തുള്ള ബോട്ട് ജെട്ടിയോടു ചേർന്നുള്ള ഷിബുവിന്റെ പുട്ടുകടയിൽ കലാപരിപാടി വേറെയുമുണ്ട്. മട്ടൺ കറി വാങ്ങി പുട്ടിന്റെ ഒരുവശം ഇടിച്ചുനിരപ്പാക്കി ഗ്രേവികൊണ്ടൊരു പുശങ്ങുപൂശണം. മട്ടൺകറിയുടെ എരിവും തരിപ്പും ചൂടുള്ള പുട്ടിനെ കീഴടക്കുമ്പോൾ ചുമ്മാ ആക്രാന്തം കാണിക്കരുത്. തീരവാസികളുടെ ഭാഷയിൽ ഷിബുവിനോടു പറയണം: ‘‘ഒരു താറാമ്മുട്ടകൂടിത്താ...’’ ഷിബു തരും. ആരുടെയും നാവിനെ മനപ്പൂർവം നിരാശപ്പെടുത്താൻ ഷിബുവിനു കഴിയില്ല. പുഴുങ്ങിയ മുട്ട മേശപ്പുറത്ത് എത്തുമ്പോൾ, വീണ്ടും പറയട്ടെ, ആക്രാന്തം കാട്ടരുത്, തോടു കളഞ്ഞ മുട്ടയുടെ വെള്ള ഒന്നു കടിച്ച്, ആട്ടിറച്ചിയുടെ എരിവിനെ ഒന്നു സുഖിപ്പിക്കാം. എന്നിട്ട് മുട്ടയുടെ മഞ്ഞ പൊടിച്ച് മട്ടൻ‍ ഗ്രേവിയിലേക്കു ചേർക്കണം. മുട്ടയുടെ മഞ്ഞ എന്നു പറഞ്ഞാൽ തീരെ ശരിയല്ല. മഞ്ഞയ്ക്കു പകരം ചുവപ്പാണ്. മുട്ടയ്ക്കകത്ത് മഞ്ഞയില്ല. കട്ട ചുവപ്പ്. എന്താ കഥ... മുട്ടയുടെ ചുവപ്പുകൂടി മട്ടൻ ഗ്രേവിയിലേക്കു പതിക്കുമ്പോൾ അതൊന്നുകൂടി കുറുകും. 

പുട്ടുറുമീസുമാർക്ക് കോൾമയിർകൊള്ളാം. പുട്ട്, മട്ടൺ, മുട്ട... ആഹാ... ഉശിരൻ കോമ്പിനേഷൻ. മുട്ടയുടെ മഞ്ഞ ചുവപ്പായതിന്റെ കഥകൂടി പറഞ്ഞുതീരുമ്പോൾ പുട്ടും മട്ടണും മുട്ടയും നിറഞ്ഞ പ്ലേറ്റ് കാലിയാകും. കായലിലും പുഴയിലും നല്ല നന്തനും ചെമ്മീനുമൊക്കെ ആവോളം തട്ടിവിടുന്ന താറാവ് ഇടുന്ന മുട്ടയ്ക്കാണ് അകത്തു മഞ്ഞയ്ക്കുപകരം ചുവപ്പ് എന്നു പഴമക്കാർ പറയും. ഒന്നുകൂടി കേട്ടോ, ചൈനയിൽ അകത്തു ചുവപ്പുള്ള മുട്ടയ്ക്കും ആ മുട്ടയിടുന്ന താറാവിനും വൻ ഡിമാൻഡാണ്. ചെറിയ കാശിനൊന്നും ഈ സാധനം അവിടെ കിട്ടില്ല. പക്ഷേ നമുക്ക് ആഹ്ലാദിക്കാം, ഉല്ലസിക്കാം. കുമ്പളത്തെ ഷിബുവിന്റെ കടയിൽ അകം ചുവന്ന മുട്ട കിട്ടുമല്ലോ. പോകുക, ഓർഡർ ചെയ്യുക, കഴിക്കുക, ഭക്ഷണത്തോടും ഷിബുവിനോടും നീതി പുലർത്തുക. കാശുകൊടുക്കും മുൻപ് നല്ലൊരു കട്ടനുമടിക്കാം, അൽപനേരം കായൽക്കാറ്റും ആസ്വദിക്കാം. പോരേ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.