Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടലിന്റെ ലുക്ക് നോക്കിയാണോ ഭക്ഷണം കഴിക്കുന്നത്?

ship കണ്ണൂർ താവക്കരയിലെ നൗക റസ്റ്ററന്റിന്റെ ഉൾവശം

അടിമുടി ന്യുജെൻ ആവാൻ കുതിച്ചു പായുകയാണ് മലബാർ. കെട്ടിലും മട്ടിലും പുതുമ ‘പറന്നിറങ്ങാൻ’ കാത്തിരിക്കുന്ന മലബാറുകാർക്ക് ഭക്ഷണത്തിനോടുള്ള മൊഹബത്ത് നാട്ടിലെങ്ങും പാട്ടാണ്. കിണ്ണത്തപ്പത്തിൽ മുതൽ ബിരിയാണിക്കൂട്ടിൽ വരെ ട്വിസ്റ്റ് ഇഷ്ടപ്പെടുന്ന നാടിനെ കറക്കി വീഴ്ത്തുന്ന രീതിയിലാണ് ഇന്ന് രുചി ലോകത്തെ വിപ്ലവം. എന്നാൽ ഇന്ന് രുചി വൈവിധ്യത്തിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നില്ല. മാറുന്ന ലോകത്തിനൊപ്പം അൽപം ‘വെറൈറ്റി’ ആയി ചിന്തിച്ച നവയുഗ ഹോട്ടലുകളും കഫേകളും ഇന്നു തീൻമേശയിൽ വിളമ്പുന്നത് പുതിയൊരു ഭക്ഷണസംസ്കാരം.

ship02 തലശ്ശേരി കോടതി റോഡിലെ കഫേ 916 ന്റെ ഉൾവശം. ട്രെയിൻ ബോഗിയുടെ മാതൃകയിലാണ് രൂപ കൽപന.

മാറുന്ന ഭക്ഷണസംസ്കാരം

വിശപ്പ് എന്ന പൊതുവികാരത്തിനപ്പുറം വിനോദത്തിനും ഉല്ലാസത്തിനുമുള്ള ഇടമായിട്ടാണ് ഇന്നു ഭക്ഷണശാലകളെ ആളുകൾ നോക്കി കാണുന്നത്. സുഹൃത്തുക്കളുമായിട്ടോ കുടുംബവുമായിട്ടോ കുറച്ചു സമയം ഒത്തുചേരാനും സൗഹൃദസംഭാഷണങ്ങൾക്കും ആശയവിനിമയത്തിനും ഭക്ഷണശാലകൾ വേദിയാകുമ്പോൾ മാറിമറിയുന്നത് ഭക്ഷണശാലയുടെ ലിഖിത നിയമങ്ങളാണ്. നാലു നേരം ഭക്ഷണം വിളമ്പുന്ന ഇടം എന്ന ചിന്തയ്ക്ക് അപ്പുറം ആവശ്യമുള്ളപ്പോൾ ഭക്ഷണം എന്ന ചിന്തയിലെത്തി നിൽക്കുമ്പോൾ തകർക്കപ്പെടുന്നത് ഭക്ഷണശാലയ്ക്ക് ‘ഒരു കെട്ടിടം വേണം’ എന്ന സങ്കൽപമാണ്. ഇന്ന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നവ മുതൽ വാഹനങ്ങളിലും റോഡരികിൽ പ്രവർത്തിക്കുന്ന തട്ടുകടകളുമെല്ലാം ഭക്ഷണശാലകൾ എന്ന ഒറ്റവാക്കിൽ അർഥപൂർണമാകുന്നു

ഭക്ഷണത്തിനപ്പുറം സൗകര്യം

ഭക്ഷണശാലയുടെ വൃത്തി മുതൽ വാഹനങ്ങളുടെ പാർക്കിങ് സൗകര്യമടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാണ് ആളുകൾ ഇന്നു ഭക്ഷണശാലകൾ തിരഞ്ഞെടുക്കുന്നത്. അതിൽ വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്. ഭക്ഷണം നൽകുന്ന ഗ്ലാസ് മുതൽ കുടിക്കാൻ നൽകുന്ന വെള്ളം വരെ ആളുകൾ ശ്രദ്ധിക്കും എന്ന് സാക്ഷ്യപ്പെടുത്തുന്നു ഒരു ഹോട്ടലുടമ. പല ഹോട്ടലുകളിലും കഴിക്കാൻ നൽകുന്ന പ്ലെയിറ്റ് വരെ ചൂടുവെള്ളത്തിൽ കഴുകിയതാണോയെന്നു ചോദിക്കുന്നവരുമുണ്ട്.

പണ്ട് സീലിങ് ഫാൻ ഹോട്ടലുകൾക്ക് ആഡംബരമായിരുന്നെങ്കിൽ  ഇന്ന് എസി ഹോട്ടലുകൾ സർവസാധാരണമാണ്. ഇതിനു പുറമെ ഭക്ഷണത്തോടൊപ്പം മെച്ചപ്പെട്ട സൗകര്യങ്ങളും ഉപഭോക്താവിനു വാഗ്ദാനം ചെയ്യാൻ മത്സരിക്കുകയാണ് ഭക്ഷണശാലകൾ. കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, പ്ലേ ഏരിയ, ഉറക്കാൻ തൊട്ടിൽ തുടങ്ങി ഹോട്ടലുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് നൽകാൻ വരെ ആളുകളെ ഏർപ്പാട് ചെയ്തിട്ടുണ്ട് ഭക്ഷണശാലകൾ. 

ഓർമയുണ്ടോ ആ കാലം ? 

ഓലമേഞ്ഞ ചായപ്പീടികയിലെ നിലയുറയ്ക്കാത്ത ബെഞ്ചിൽ രാഷ്ട്രീയ സാംസ്കാരിക ‘നാട്ടുവർത്തമാനങ്ങളും ചർച്ചകളും’ നടത്തിയ ഒരു തലമുറയ്ക്ക് ഒരുപക്ഷേ, ഇന്നത്തെ ഭക്ഷ്യസംസ്കാരം ഒരു അദ്ഭുതമാവും. ഒരണയ്ക്കും രണ്ടണയ്ക്കും ചായക്കോപ്പയിലെ തിളച്ച പാലിൽ നുരച്ചു പൊന്തിയ ചായയും പലഹാരക്കൂട്ടങ്ങളും രുചിച്ചുവളർന്ന തലമുറയുടെ മുൻപിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മെനു കാർഡിലെ വിഭവങ്ങൾ നിരത്തിയാൽ അദ്ഭുതം കൂറുമെന്നതിൽ സംശയമില്ല. പോയവർഷങ്ങളിൽ നാടൻ പലഹാരങ്ങളും ചായക്കോപ്പകളും ഇരുന്ന സ്ഥാനങ്ങളിൽ ഇന്ന് മുഖചിത്രമാകുന്നത് ലോകമെമ്പാടുമുള്ള രുചിക്കൂട്ടുകളും വിദേശ നിർമിത ഫിൽറ്റർ കോഫി മെഷീനുകളുമാണ്. പുത്തൻ രുചികൾ പരീക്ഷിക്കാൻ വെമ്പൽ കൊള്ളുന്ന പുതുതലമുറയെ തൃപ്തിപ്പെടുത്താൻ മത്സരിക്കുന്ന ഹോട്ടലുടമകൾ ഭക്ഷണങ്ങളിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് അപ്പുറമായി ഇന്ന് വിപണിയിൽ പിടിച്ചു നിൽക്കാനുളള പരീക്ഷണങ്ങളും ഭക്ഷണശാലകളിലേക്കു വ്യാപിപ്പിച്ചിരിക്കുകയാണ്. ഭക്ഷണശാലകളെ വ്യത്യസ്തമായി അണിയിച്ചൊരുക്കുന്ന ഇത്തരം തീമാറ്റിക് റസ്റ്ററന്റുകൾ ദാ, ഇപ്പോൾ കണ്ണൂരിലും വേരൂന്നി തുടങ്ങി.   

  എന്താണ് തീമാറ്റിക് റസ്റ്ററന്റ്

ഒരു പ്രത്യേക ആശയത്തിന്റെ മേൽ പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് തീമാറ്റിക് റസ്റ്ററന്റ്സ്. രണ്ടു തരത്തിലാണ് ഇത്തരം ഹോട്ടലുകളുടെ പ്രവർത്തന രീതി. ഭക്ഷണത്തിനെക്കാൾ ഉപരി ഹോട്ടലിന്റെ ലുക്ക് അടിമുടി മാറ്റുന്നതാണ് ആദ്യത്തേത്. ആളുകളുടെ കണ്ണ് ഉടക്കുന്ന രീതിയിൽ വസ്തുക്കളുടെ പ്രദർശനമോ അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനിങ്ങിലോ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്ന തരത്തിലുള്ളതാണിത്. ആളുകൾക്ക് കൗതുകവും താൽപര്യവും ഉണർത്തുന്ന രീതിയിലാവും രൂപകൽപന. വലിയ കപ്പലിന്റെ മുകൾത്തട്ടിലോ ട്രെയിൻ കംപാർട്മെന്റിൽ ഇരിക്കുന്ന രീതിയിലുമൊക്കെയാവും കടകളുടെ ഇരിപ്പിടങ്ങൾ തയാറാക്കുക. മേശയിലും കസേരയിലും മുതൽ ഹോട്ടലിന്റെ വർണച്ചില്ലുകളിൽ വരെ ഇത്തരം മാറ്റങ്ങളാവും വരുത്തുക. വിദേശത്തും സ്വദേശത്തുമായി നിരവധി കടകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ 916 ഉം ഇതിനുദാഹരണമാണ്. ആർക്കിടെക്ച്ചറിൽ വരുത്തുന്ന മാറ്റങ്ങൾക്കു പുറമെ ചിലർ ഭക്ഷണങ്ങളിലും തീമാറ്റിക് മാറ്റങ്ങൾ വരുത്താറുണ്ട്.. ഇത്തരം പരീക്ഷണങ്ങൾ ബിസിനസ്സിന്റെ വളർച്ചയ്ക്ക് ഉതകുന്നതാണെങ്കിലും, പരീക്ഷണങ്ങളോടൊപ്പം വിളമ്പുന്ന രുചിയും മികച്ചതാണെങ്കിൽ മാത്രമേ ഇവ വിജയിക്കു എന്നതാണ് പ്രധാന വെല്ലുവിളി. 

കഫേകളും ലസ്സി ഷോപ്പുകളും

തീമാറ്റിക് റസ്റ്ററന്റുകൾക്കു പുറമെയാണ് കണ്ണൂരിൽ കഫേകളും ലസ്സിഷോപ്പുകളും ട്രെൻഡാകുന്നത്. പ്രധാനമായും യുവതീയുവാക്കളെ ലക്ഷ്യംവച്ചാണ് ആരംഭിച്ചതെങ്കിലും പ്രായഭേദമന്യേ കഫേകളിലേക്ക് ആളുകളെത്തുന്നത് സൂചിപ്പിക്കുന്നത് കണ്ണൂരിലെ ഭക്ഷ്യസംസ്കാരത്തിൽ വന്ന പ്രകടമായ മാറ്റമാണ്. പാൽ, ഫ്രൂട്ട് സിറപ്പുകൾ, സോഡ എന്നിവയെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ തരം ലഘു പാനീയങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. ഭക്ഷണശാലകളുടെ നാലിലൊന്നു സ്ഥല സൗകര്യമേയുള്ളുവെങ്കിലും മെനുകാർഡിലെ രുചി വൈവിധ്യമാണ് ആളുകളെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്നത്. 

ഭക്ഷണം കൈക്കുമ്പിളിൽ

ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിലേക്ക് എത്തിക്കാൻ ഒട്ടേറെ മാർഗങ്ങളാണ് ഇന്നു ഭക്ഷണശാലകൾ ഒരുക്കുന്നത്. ഹോം ഡെലിവറിയും, ടേക് എവേ കൗണ്ടറും തുടങ്ങി ഓൺലൈൻ – ആപ്ലിക്കേഷൻ മാർഗം വഴിയും ഇന്ന് ഇഷ്ടഭക്ഷണം വീട്ടിലിരുന്ന് ആസ്വദിക്കാം. ഇതിനു പുറമെ വാഹനങ്ങളിലിരുന്നു കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷ്യയിടങ്ങളും  കണ്ണൂരിൽ ചുവടുറപ്പിക്കുന്നതോടെ ഭക്ഷണശാലകളിലെ മാറ്റത്തിന്റെ നേർക്കാഴ്ചകളാണ് വെളിവാകുന്നത്. കസ്റ്റമേഴ്സിനു മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കാനാണ് ഇത്തരം പദ്ധതികൾ എന്ന് ഉടമസ്ഥർ ആണയിടുമ്പോഴും വെളിവാകുന്നത് ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള ഭക്ഷണശാലകളുടെ തന്ത്രങ്ങളാണ്.