Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം നഗരത്തിൽ 40 രൂപയ്ക്ക് പൊതിച്ചോർ

x-default

ആവശ്യത്തിനു ചോറും പുഴുങ്ങിയ മരച്ചീനിയും. കൂടെ മീൻകറിയും അച്ചാറും. പോരാത്തതിനു രസമോ പുളിശേരിയോ ഏതെങ്കിലും ഒന്ന്. സാദാ ഹോട്ടലിലാണെങ്കിൽ കുറഞ്ഞത് 80 രൂപ മുടക്കണം ഇത്തരത്തിലൊരു ഉച്ചയൂണു കഴിക്കാൻ. എന്നാൽ വെറും 40 രൂപയ്ക്കു തിരുവനന്തപുരത്ത്, സെക്രട്ടേറിയറ്റിനു മുന്നിൽ ഈ വിഭവങ്ങളെല്ലാമുള്ള ഊണു ലഭിക്കും. ചോറിന്റെ അളവ് അൽപം കൂടുതലും വറുത്ത മീനുമുണ്ടെങ്കിൽ  പോലും പരമാവധി വില 60 രൂപ. പോക്കറ്റിൽ പണമില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസമാകുകയാണു വീടുകളിൽ തയാറാക്കുന്ന ഇത്തരം ഭക്ഷണപ്പൊതികൾ. 

ഉച്ചയ്ക്ക് 12 മുതൽ രണ്ടരവരെയാണു മൊബൈൽ ഭക്ഷണശാലകളുടെ പ്രവർത്തനം. ഭക്ഷണം വീടുകളിൽ തയാറാക്കും. ശേഷം പൊതികളിലാക്കി നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കും. വീടുകളിൽ തയാറാക്കുന്ന അതേ കൈപ്പുണ്യത്തോടെ പാകം ചെയ്യുന്നതിനാൽ ആവശ്യക്കാർ ഏറെ. ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ പണം തികയാത്തവർക്കും ആശ്വാസമാണ് ഇത്തരം കൂട്ടായ്മകൾ. ചെറിയ വരുമാനം ലക്ഷ്യംവച്ച് വീട്ടമ്മമാരാണു ഭക്ഷണ പൊതികൾ തയാറാക്കുന്നത്. 

വിതരണത്തിനായി സഹായികളെ ഏർപ്പാടാക്കും. കൂടുതൽ പൊതികൾ ആവശ്യമായ സാഹചര്യങ്ങളിൽ സഹായത്തിന് ഒന്നോ രണ്ടോ പേരെ പാചകത്തിലും മറ്റുമായി നിയോഗിക്കുമെന്നു സെക്രട്ടേറിയറ്റ് കന്റോൺമെന്റ് ഗേറ്റിനു മുൻവശം ഉച്ചയൂണു പൊതി വിൽക്കുന്നവർ പറയുന്നു.  ദിവസം നൂറു പൊതികൾ വരെ വിറ്റുപോകുമെന്നതിനാൽ ചെറിയ വരുമാനം ലഭിക്കുന്നുണ്ടെന്നു വീട്ടമ്മമാർ പറഞ്ഞു.

നഗരത്തിൽ മിക്കവാറും സ്ഥലങ്ങളിൽ വീട്ടമ്മമാരുടെ ഇത്തരം കൂട്ടായ്മകൾ ഭക്ഷണപ്പൊതി വിതരണം നടത്തുന്നുണ്ട്. 

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ, വൻകിട നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണു പ്രധാനമായും ഉച്ചയൂണ് വിതരണം ചെയ്യുന്നത്.