Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരശ്ശീലയ്ക്ക് മുന്നിലെ രുചിത്തട്ടിൽ കല്ലുമ്മക്കായ പൊരിച്ചത്

വി. മിത്രൻ
Author Details
tea-shop

കാലമിങ്ങനെ ഒഴുകുകയാണ്. ആ യാത്രയിലേക്ക് നിശ്ചലമായി നോക്കിക്കിടക്കുയാണ് മ്മടെ കോഴിക്കോട്. മാനാഞ്ചിറ മൈതാനവും പാർക്കും ലൈബ്രറിയും...ഉള്ളിലലിഞ്ഞു ചേർന്നു കിടക്കുന്ന നഗരക്കാഴ്ചകൾ. പബ്ലിക് ലൈബ്രറിയുടെ താഴെ കരിങ്കല്ലു വിരിച്ച ഇത്തിരിവട്ടത്ത് ഇലകൾ തീർക്കുന്ന തണൽ. നേരെ വടക്കോട്ടു നോക്കിയാൽ വഴിയങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു.

മഴയിൽ ഈ വഴിയിലേക്കു നോക്കിയിരുന്നിട്ടുണ്ടോ? പറയാതെ പോയൊരു പ്രണയം പോലെ വിരഹത്തിന്റെ സുഖം നെഞ്ചിലൂറുന്നതായി തോന്നും. വേനലിലെ നട്ടുച്ചയ്ക്ക് ഈ വഴി കണ്ടിട്ടുണ്ടോ?  എങ്ങോട്ടോ തിരക്കിട്ടോടുന്ന യുവാവിനെപ്പോലെ തോന്നും. തിരക്കിലമരുന്ന ഓണക്കാല സന്ധ്യകളിൽ ഈ വഴി തുള്ളിച്ചാടിക്കടന്നുപോവുന്ന കുട്ടിയെപ്പോലെ തോന്നും. കൂടെയാരുമില്ലെങ്കിലും ഈ വഴിയിൽവന്നു നിൽക്കുമ്പോൾ ലോകം മുഴുവൻ കൂടെയുണ്ടെന്നു തോന്നും.

നേരെ നടന്നാൽ കോംട്രസ്റ്റിനു മുന്നിലേക്കെത്തുന്ന വളവ്. അവിടെ ചെങ്കല്ലിൽ‍ തീർത്ത കവാടം. പണ്ട് ഇതിലെ റോഡായിരുന്നു. ഒരു  വശത്ത് ചിറ, മറ്റേ വശത്ത് ടഗോർ പാർക്ക്.തമ്മിൽ തൊടാൻ കഴിയാത്ത ആ പ്രണയികൾക്കിടയിൽ അതിരുതീർത്ത് ഒരു റോഡ്. 

ഈ മതിലിൽ ചാരി നിന്നു മഴ കണ്ടിട്ടുണ്ടോ? അകലെ ടൗൺഹാളിന്റെ മേൽക്കൂരയ്ക്കുപിന്നിൽനിന്ന് മഴ അടുത്തേക്കു വരും. ഒരറ്റത്തുനിന്ന് മഴത്തുള്ളികൾ പെയ്തുപെയ്തു മാനാഞ്ചിറയുടെ ഇക്കരെവരെയെത്തും. ചിറയിലെ വെള്ളം രോമാഞ്ചം കൊള്ളുകയാണെന്നു തോന്നും. പിന്നെ മഴ നമ്മളെ വന്നുതൊടും.

ഈ വഴിയിൽ പടിഞ്ഞാറുനിന്നു വീശുന്ന കാറ്റിന് ഒരു മാദകഗന്ധമുണ്ട്. തിളയ്ക്കുന്ന  എണ്ണയിൽ വറുത്തു കോരുന്നതിന്റെ ഗന്ധം. ഉള്ളിയും എണ്ണയും ഒന്നായലിയുന്ന ഗന്ധം. എരിവിന്റെ ചെറിയൊരു മേമ്പൊടിയുമുണ്ട് കൂടെ. കണ്ണടച്ച് ആ ഗന്ധം ഉള്ളിലേക്ക് ആവാഹിക്കുമ്പോൾ വയറ്റിൽ ഒരു കുഞ്ഞുവിശപ്പ് തലയുയർത്തിത്തുടങ്ങും. പിന്നെ രക്ഷയില്ല. നേരെ ടൗൺഹാളിനരികിലേക്ക്...

പത്തുതൊണ്ണൂറു വയസ്സായിട്ടും യുവാവായി നിൽക്കുന്ന ക്രൗൺ തിയറ്റർ. മുപ്പതുകൾ മുതൽ ഇംഗ്ലിഷ് ക്ലാസിക് സിനിമകൾ നിറഞ്ഞോടുന്ന തിരശ്ശീല. കോഴിക്കോട്ടുകാർ‍ക്ക് മർലിൻ ബ്രാന്റോയേയും സീൻകോണറിയേയുമൊക്കെ സുപരിചിതമാക്കിയ തിയറ്റർ. അക്കാലത്ത് കേരളത്തിൽ ആദ്യമായി 70 എംഎം പ്രൊജക്ടറുണ്ടായിരുന്ന തിയറ്റർ.  ഏഴുപതുകളിൽ സിനിമയുടെ ഇന്റർവെൽ സമയത്ത് ആളുകൾ പുറത്തേക്കോടും. തിയറ്ററിന്റെ വാതിലിന്റെ വിടവിലൂടെ അകത്തേക്കെത്തുന്ന മാദകഗന്ധം തേടിയാണ് ഓട്ടം. മതിലിനു പുറത്ത് ചെറിയൊരു കടയുണ്ട്. ഉന്തുവണ്ടിയിൽ ആവിപറക്കുന്ന ചായയും ചൂടുള്ള പക്കവടയും മൊരിഞ്ഞ ഉള്ളിവടയും നോക്കി ചിരിക്കുന്നുണ്ടാവും. അവയ്ക്കിടയിൽ താരമായി കല്ലുമ്മക്കായ ഫ്രൈ കിടന്നു ചിരിക്കും.

kallumaykai-fry കല്ലുമ്മക്കായ ഫ്രൈ

കല്ലുമ്മക്കായ ഫ്രൈ  തോടോടെ

എണ്ണ  തിളച്ചുമറിയുകയാണ്. കുഞ്ഞിമുഹമ്മദിന്റെ കയ്യിൽ പാത്രത്തിൽ മാവുണ്ട്. തോടുകളയാത്ത ഓരോ കല്ലുമ്മക്കായെടുത്ത് മാവിൽ മുക്കി എണ്ണയിലേക്കിടുന്നു. ചട്ടി നിറയുമ്പോൾ ഒരു  ചട്ടുകമെടുത്ത് ഒന്നിളക്കി നന്നായി വറുത്തുകോരുന്നു. ചെറിയ മുളകും ഉള്ളിയും  കറിവേപ്പിലയുമൊക്കെ മൊരിഞ്ഞങ്ങനെ കല്ലുമ്മക്കായക്കകത്ത് ലയിച്ചു കിടക്കുകയാണ്. തൊട്ടപ്പുറത്ത് കോയക്കുട്ടി ഗ്ലാസിലേക്ക് നീട്ടിയടിച്ച് ചായ പകരുന്നു. കല്ലുമ്മക്കായ പൊരിച്ചത് ഒന്നുകടിച്ചിറക്കി  ചൂടുള്ള ചായ ഒരിറക്കു കുടിക്കുമ്പോൾ മനസു നിറയും.

നാൽപതു കൊല്ലമായി ഉന്തുവണ്ടി ഇവിടെയുണ്ട്.  എഴുപതുകളുടെ അവസാനമാണ് മലപ്പുറം മങ്കടയ്ക്കടുത്ത് രാമപുരം സ്വദേശി കുഞ്ഞിമുഹമ്മദ് കച്ചവടത്തിന് ഇറങ്ങുന്നത്. അക്കാലത്ത് കല്ലുമ്മക്കായ ഫ്രൈ കണ്ടുപിടിച്ചിരുന്നില്ല. ഉള്ളിവടയും പരിപ്പുവടയുമൊക്കെയാണ് അന്നുണ്ടാക്കിയിരുന്നത്. കല്ലുമക്കായ തോടോടുകൂടെ ഫ്രൈ ചെയ്തു വച്ചപ്പോൾ പലരും വന്ന് അദ്ഭുതത്തോടെ എടുത്തുനോക്കി. എന്താണെന്നറിയാനുള്ള കൗതുകം കൊണ്ട് വാങ്ങിക്കഴിച്ചു നോക്കി. അങ്ങനെയങ്ങനെ ക്രൗണിനുമുന്നിലെ കല്ലുമ്മക്കായ പൊരിച്ചത് നാട്ടിലെങ്ങും പാട്ടായി. കല്ലുമ്മക്കായ എണ്ണയിൽ മൊരിയുന്ന  ഗന്ധം നഗരത്തിനുമുകളിലൂടെ ഒഴുകിപ്പരന്നു.ആ ഗന്ധത്തിന്റെ ഉറവതേടിയെത്തുന്ന ആളുകൾ കല്ലുമ്മക്കായ ഫ്രൈയും തിന്ന് നാടൻപാട്ടുംപാടി കടന്നുപോവുന്നു...

മാനാഞ്ചിറ നിന്നും 

സൈക്കിളെടുത്തിട്ട് 

വട്ടത്തിൽ ചവുട്ട്യപ്പോ 

നീളത്തിൽ പോയോരേ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.