Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കളിയാക്കല്ലേ സാറേ, ഈ പ്രായത്തിൽ നല്ല വിശപ്പു കാണും’

വി. മിത്രൻ
hunger

ഒരു മനുഷ്യനു ജീവിക്കാൻ അത്യാവശ്യം വേണ്ടത് എന്താണ്? മനസ്സമാധാനം ആണെന്നു ചിലർ പറയും. പണം, സന്തോഷം, രാഷ്ട്രീയം, വിശ്വാസം, കല തുടങ്ങി എണ്ണിയാലൊതുങ്ങാ ത്തത്ര വലിയൊരു പട്ടിക തന്നെ നിരത്തും പലരും. പക്ഷേ അതൊന്നുമല്ല. ഭക്ഷണമാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. വിശപ്പടക്കുക എന്നതാണ് ഏതു ജീവിയുടെയും അടിസ്ഥാന ലക്ഷ്യം. വിശപ്പടങ്ങിയാൽ മാത്രമേ ബുദ്ധിയും ചിന്തയുമൊക്കെ പ്രസക്തമാവൂ. ഇതാ വിശപ്പ് വിഷയമായ ചില സിനിമകളുടെ കാര്യം നോക്കാം.

തൊണ്ടിമുതലിലെ വിശപ്പ്

ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമയായ തൊണ്ടിമുതലും ദൃക്സാക്ഷിയും ഒരു കുറ്റകൃത്യത്തിന്റെയും അതു തെളിയിക്കാനുള്ള കഷ്ടപ്പാടിന്റെയും കഥ പറയുകയാണ്. കാഴ്ചക്കാരനെ സംബന്ധിച്ച് എത്ര ലളിതമായ ആശയം. പക്ഷേ, അതിനപ്പുറം സിനിമ നമ്മളോടു സംവദിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് വിശപ്പ്.

മംഗളൂരുവിൽ നൈറ്റ് കടയിൽ ജോലിക്കാരനായ കഥാപാത്രമാണു പ്രസാദ്. പൊറോട്ടയടിയാണു ജോലി. വയറു നിറയ്ക്കേണ്ടേ സാറേ എന്നാണു താൻ ചെയ്ത കുറ്റത്തിനു കാരണമായി പറയുന്നത്.

പൊലീസ് പിടികൂടിയ പ്രസാദ് എന്ന കഥാപാത്രത്തെ മജി സ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുകയാണു പൊലീസ്. ഉമ്മറത്തിരുന്നു പുട്ടു പഴവും കഴിക്കുന്ന കുട്ടിയെ നോക്കി ‘ചെറുക്കൻ നല്ല വെട്ടാ’ണെന്നു പൊലീസുകാരൻ കളിയാക്കുന്നു.

അപ്പോൾ പ്രസാദ് പറയുന്നത് ‘കളിയാക്കല്ലേ സാറേ, ഈ പ്രായത്തിൽ നല്ല വിശപ്പു കാണും’ എന്നാണ്. താൻ കുറ്റവാളിയായതിന്റെ കാരണം വിശപ്പാണെന്നു പ്രേക്ഷകനോടു പറയാതെ പറയുകയാണ് പ്രസാദ്. പ്രസാദെന്ന പേരുപോലും കള്ളമാണ്. പക്ഷേ, അനാഥമായ ബാല്യത്തിൽ അനുഭവിച്ച വിശപ്പെന്ന സത്യം വളരെ ചുരുക്കി രണ്ടു വാക്കിൽ പ്രസാദ് അവതരിപ്പിക്കുന്നുണ്ട്.

ചാപ്ലിന്റെ വിശപ്പ്

ചാർളി ചാപ്ലിൻ സിനിമകളിൽ പ്രധാന വില്ലൻ വിശപ്പായിരുന്നു. ഗോൾഡ് റഷ് എന്ന സിനിമ ഓർമ്മയില്ലേ? വിശപ്പു സഹിക്കാനാവാതെ സ്വന്തം ഷൂ കഴിക്കുന്ന ചാപ്ലിൻ. മോഡേൺ ടൈംസിൽ ഉച്ചയ്ക്കു സൈറൺ മുഴങ്ങുമ്പോൾ പണി നിർത്തി ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന ചാപ്ലിൻ. ഭക്ഷണം എന്ന ലക്ഷ്യത്തിനാണ് അത്രനേരം പണിയെടുത്തത് എന്നതു വ്യക്തം.

കിട്ടുണ്ണിയുടെ വിശപ്പ്

മലയാളികളുടെ ഇഷ്ട സിനിമയായ കിലുക്കത്തിലും വിശപ്പ് ഒരു കഥാപാത്രമാണ്. കൃത്യമായ ഭക്ഷണച്ചിട്ടയുള്ള ജഡ്ജിയദ്ദേഹം. കിട്ടുണ്ണി എന്ന വേലക്കാരനെ ഓടിക്കുന്നതു മുഴുവൻ അടുക്കളപ്പണിക്കിടയിലാണ്. പക്ഷേ, ലോട്ടറിയടിച്ച് മുതലാളിയെ തെറിവിളിച്ചു പോവുന്ന കിട്ടുണ്ണി നാലു ദിവസം കഴിഞ്ഞാണു തിരിച്ചുവരുന്നത്. ഭക്ഷണം കഴിച്ചിട്ടു നാലു ദിവസമായി എന്ന് കരഞ്ഞു കൊണ്ടു പറയുന്ന കിട്ടുണ്ണി. സാധാരണ അതിൽ അലിയാത്ത മനസ്സാണു ജഡ്ജിയദ്ദേഹത്തിന്റേത്. പക്ഷേ കിട്ടുണ്ണിയില്ലാത്ത ഒരു ദിവസം പട്ടിണി കിടന്നതു കൊണ്ടു വിശപ്പിന്റെ വില അദ്ദേഹം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.