Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാട്ടിറച്ചിയെക്കാൾ പ്രോട്ടീൻ പ്രാണി ഫ്രൈയിൽ!

ഡോ. കെ. സുരേഷ് കുമാർ
Author Details
Insects-ruchilokam

പ്രാണികളെ തിന്നാത്ത മനുഷ്യരില്ല. മുട്ട പോലും കഴിക്കാത്ത തീവ്ര വെജിറ്റേറിയന്മാർ പോലും അറിയാതെ ഓരോ കൊല്ലവും മുക്കാൽ കിലോയിലധികം പ്രാണികളെ ഭക്ഷിക്കുന്നു എന്നാണ് അമേരിക്കൻ സായിപ്പിന്റെ കണക്ക്. പച്ചക്കറികൾ, അരി, പാസ്റ്റ, കോളിഫ്ലവർ, ബീയർ തുടങ്ങിയവയാണ് തിരിച്ചറിവില്ലാതെ പ്രാണികളെ തിന്നുന്നവരുടെ പ്രധാന പ്രാണി ഭക്ഷണ ഉറവിടം. എന്നാൽ തിരിച്ചറിവോടെ പ്രാണികളെ പലവിധ ഭക്ഷ്യവിഭവങ്ങളാക്കി കഴിക്കുന്ന ഇരുപത് കോടിയിലധികം മനുഷ്യർ ഈ ലോകത്തിന്റെ പല ഭാഗത്തായുണ്ട്. മനുഷ്യൻ അരിഭക്ഷണം കഴിച്ചു തുടങ്ങുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപേയുള്ള ഭക്ഷ്യവിഭവമാണ് പ്രാണി.

ദക്ഷിണേഷ്യൻ രാജ്യങ്ങളിലൂടെയും ചൈനയിലൂടെയും യാത്ര ചെയ്യുമ്പോൾ വൈകുന്നേരങ്ങളിൽ റോഡരികിൽ പ്രാണികളെ കപ്പലണ്ടി പോലെ വറുത്തു ഉപ്പും മസാലയും പുരട്ടി വിൽ‍പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. നമ്മുടെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഗ്രാമച്ചന്തകളിൽ പ്രാണികൾ ഒരു പ്രധാന വിഭവമാണ്. എന്റെ തുടക്കം പത്തു കൊല്ലം മുമ്പ് തായ്‌ലൻഡിലെ ഒരു ചെറിയ പട്ടണത്തിലെ രാത്രിചന്തയിൽ നിന്നാണ്. വറുത്ത പുൽച്ചാടി (പച്ചക്കുതിര) ഒരു പൊതി വാങ്ങിയപ്പോൾ അത് മുളംപുഴു (Bamboo Worm) ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് ഒരു കാഴ്ചക്കാരൻ ഉപദേശിച്ചു. രണ്ടു പൊതിയും കൂടി ഇരുപത് ബാത്ത് (നാൽപ്പത് രൂപ). ആദ്യമായതു കൊണ്ട് കൊറിച്ചുതീർക്കാൻ ഒരു മണിക്കൂറെടുത്തു. പിന്നീട് പല സ്ഥലത്തും പല കാലത്തുമായി ഈ മേഖലയിൽ സാമാന്യം ഭേദപ്പെട്ട പുരോഗതി കൈവരിക്കാൻ പറ്റിയിട്ടുണ്ട്. പക്ഷേ പത്തു വർഷം ശ്രമിച്ചിട്ടും ഈ ലോകത്തെ ഭക്ഷ്യയോഗ്യമായ ആയിരത്തി അഞ്ഞൂറോളം പ്രാണികളിൽ (ഐക്യ രാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കൃഷി വിഭാഗത്തിന്റെ Food and Agriculture Organisation – FAO) കണക്കനുസരിച്ച് 1462 ) ഇക്കാലം കൊണ്ട് ഒരു ശതമാനം പോലും സ്വാദ് നോക്കിത്തീർന്നിട്ടില്ല എന്നതും പറയാതെ വയ്യ.   

ഓരോ പ്രാണിക്കും ഓരോ തരം സ്വാദാണ്. ഉദാഹരണമായി വറുത്ത പട്ടുനൂൽ പുഴു ഏതാണ്ട് പോപ്‌കോൺ പോലിരിക്കും. പുൽച്ചാടികളും വെട്ടുകിളികളും വറുത്താൽ ഏതാണ്ട് നിലക്കടലയുടെ രുചിയാണ്. ഉപ്പിട്ട്, മുളകുപൊടി പുരട്ടിയോ, ചെറുനാരങ്ങാ പിഴിഞ്ഞോ കഴിക്കാം. വലിയ പുൽച്ചാടിയാണെങ്കിൽ തിന്നുമ്പോൾ കാലുകൾ ഒഴിവാക്കി തിന്നുന്നതാണ് നല്ലത്. വെള്ളത്തിൽ കാണുന്ന മിക്ക പ്രാണികളെയും തിന്നാൻ പറ്റും. പക്ഷേ, വലിയ രുചിയൊന്നും ഇല്ല. 

നമുക്ക് ചുറ്റുമുള്ള എല്ലാ പ്രാണികളെയും തിന്നാൻ പറ്റില്ല എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കടുത്ത നിറങ്ങളിലുള്ള പ്രാണികൾ, ദേഹത്തു രോമമുള്ള പ്രാണികൾ, പൂമ്പാറ്റയുടെ പുഴു എന്നിവയെ ഒഴിവാക്കാനാണ് മെക്സിക്കോയിലെ പ്രാണിവിഭവ മേളയിൽ ഒരിക്കൽ പരിചയപ്പെട്ട ഒരു കുക്കിൽ നിന്നു കിട്ടിയ ഉപദേശം. പൂമ്പാറ്റയുടെ ലാർവ പറ്റില്ലെങ്കിലും നിശാശലഭങ്ങളുടെ ലാർവകൾ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ജനപ്രിയ വിഭവങ്ങളായ ഏഷ്യൻ രാജ്യങ്ങളിലെ മുളംപുഴു മെക്സിക്കോയിലെ അഗാവ് പുഴു ഒക്കെ ഇക്കൂട്ടത്തിൽപ്പെടും. വറുത്തു ഉപ്പും മുളകും പുരട്ടിയ മുളംപുഴു ഒരു അപാര വിഭവമാണ്. 

പ്രാണികൾ ഭാവിയിൽ നമ്മുടെ തീന്മേശകളിൽ ഒരു വിഭവമായി കയറി വരാനുള്ള സാധ്യതകൾ ചെറുതല്ല. വളരെ ഉയർന്ന പോഷകമൂല്യം, പാരിസ്ഥിതിക പരിഗണനകൾ (25 കിലോ സസ്യങ്ങളാണ് ഒരു കിലോ ആട്ടിറച്ചി-മാട്ടിറച്ചി പ്രോട്ടീൻ ആയി മാറുന്നത്. എന്നാൽ, ഗുണപരമായി അതിലും മെച്ചപ്പെട്ട ഒരു കിലോ പുൽച്ചാടി പ്രോട്ടീൻ ഉണ്ടാവുന്നത് വെറും രണ്ടു കിലോ സസ്യങ്ങളിൽ നിന്നാണ്), മാനുഷിക പരിഗണനകൾ ( പ്രാണികൾക്ക് വേദന അറിയില്ല എന്നാണ് ഇന്നുള്ള അറിവ്) ഒക്കെ ശക്തമായ കാരണങ്ങളാണ്. പോരാത്തതിന് സംഗതി 100% ജൈവവുമാണ് (ഓർഗാനിക്).

പ്രാണികളെ കൂടുതൽ മെച്ചപ്പെട്ട ഭക്ഷ്യവിഭവങ്ങളാക്കി മാറ്റുന്ന പദ്ധതികൾ ഇന്ന് ലോകത്ത് പലഭാഗത്തുമുണ്ട്. ധാരാളം പുതിയ പാചക വിധികൾ ലഭ്യമാണ്. ചിപ്സ് പോലെ നൈട്രജൻ പാക്കിൽ വറുത്ത പുൽച്ചാടികളും മുളംപുഴുവും പട്ടുനൂൽ പുഴുവും കിട്ടാനുണ്ട്. പുൽച്ചാടികളെ പൊടിച്ചു ചേർത്ത ചോക്കലേറ്റ് ബാറുകൾ ഇന്ന് യൂറോപ്യൻ–അമേരിക്കൻ മാർക്കറ്റിൽ ലഭ്യമാണ്. അമേരിക്കയിൽ നിന്നുള്ള EXO പുൽച്ചാടി ചോക്കലേറ്റിൽ  ഒരെണ്ണത്തിൽ 40 പുൽച്ചാടി എന്ന സ്റ്റാൻഡേർഡ് പോലും വച്ചിട്ടുണ്ട്.  നമുക്കും ഒരു കൈ നോക്കാവുന്നതേയുള്ളു. പുൽച്ചാടികളെ വറുത്തെടുത്തു ഉപ്പും മുളകും പുരട്ടി വൈകുന്നേരത്തെ ചായയുടെ കൂടെ കഴിക്കാം. പട്ടുനൂൽ പുഴുവിനെ വളർത്തി വറുത്തെടുക്കാം. (പട്ടുനൂൽ പുഴുവിന്റെ കൊക്കൂണിൽ നിന്നു പട്ടുനൂൽ എടുത്തതിനു ശേഷമാണ് ബാക്കിവരുന്ന ഉള്ളിലുള്ള പുഴുവിനെ വറുക്കുന്നത്). തനതു വിഭവങ്ങളും ആലോചിക്കാവുന്നതാണ്. പുൽച്ചാടി പക്കവട, തേങ്ങാക്കൊത്തിട്ട പട്ടുനൂൽ പുഴു ഡ്രൈ ഫ്രൈ അങ്ങനെ പല പല സാധ്യതകളുമുണ്ട്. വെജിറ്റേറിയന്മാർ മാറിനിൽക്കേണ്ട കാര്യമില്ല. പല കാരണങ്ങൾ കൊണ്ടും അവർക്കും കഴിക്കാവുന്ന വിഭവമാണ്.