Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസുവേട്ടന്റെ കടയിലെ ക‍ഞ്ഞി വെറും കഞ്ഞിയല്ല

Author Details
kanjikkada

കഞ്ഞി കുടിക്കുന്നവരെല്ലാം കഞ്ഞികളല്ല. അങ്ങനെ ആരെങ്കിലും ആക്ഷേപിച്ചാൽ അവൻമാരെയും അവളുമാരെയും പിടിച്ചു കയ്യും കാലും കെട്ടി ചാലക്കുടിക്കു സമീപത്തുള്ള വാസുവേട്ടന്റെ കടയിലേക്കു കൊണ്ടുവരണം, രാവിലെതന്നെ. കഞ്ഞിയുടെയും അനുസാരികളുടെയും ലോകമാണത്. മഴ പെയ്തു കുതിർന്ന ഭൂമിയിൽനിന്നു പിടിവിടുവിച്ച്, ഹൃദയത്തിന് അൽപം ചൂടുപകരാൻ കുഴിയൻ സ്റ്റീൽ പാത്രത്തിൽ കഞ്ഞി പകർന്നു കൊടുക്കണം. എന്നിട്ടുവേണം കയ്യും കാലും അഴിച്ചുവിടാൻ. 

വാസുവേട്ടന്റെ കടയിലെ ക‍ഞ്ഞി വെറും കഞ്ഞിയല്ല. അതിന്റെകൂടെ പലതുണ്ട് ആസ്വദിക്കാൻ. അതെല്ലാംകൂടി നിരന്നു കഴിയുമ്പോൾ കഞ്ഞി വിരുദ്ധൻമാർ നിരുപാധികം കീഴടങ്ങും. പിന്നെ കഞ്ഞി കോരിക്കുടിക്കുന്ന ശ്‌ശ്...ർർ... ശബ്ദങ്ങൾ മാത്രമേ കേൾക്കൂ. ‘മട്ട വടി’ അരികൊണ്ടുണ്ടാക്കിയ കഞ്ഞി. രുചിയുടെ നേർത്ത വെള്ളത്തൂവാല ചാലിച്ചിട്ടതുപോലെ ചൂടുള്ള ക‍ഞ്ഞിവെള്ളം. അതിൽനിന്നുയരുന്ന ആവി. വാസുവേട്ടന്റെ മകൻ ശിവൻ കുഴിയുള്ള പാത്രത്തിൽ കഞ്ഞി പകർന്നു തന്നിട്ട്, സാമാന്യം വലിപ്പമുള്ളൊരു സ്പൂണും ഇട്ടു തന്നിട്ട്  അനുസാരികൾ കൊണ്ടുവരാനായി അടുക്കളയിലേക്കു നീങ്ങും. സ്പൂൺകൊണ്ടു പ്ലേറ്റിൽ ആദ്യ ബെല്ലടിക്കുമ്പോഴേക്ക് ശിവൻ വാഴയിലക്കീറുമായി വരും. എന്ന്ട്ടൊരു കീറാണ്‌ട്ടാ...നടുവിൽ വിശാലമായി കുറച്ചു കപ്പ. മഞ്ഞളൊക്കെയിട്ടു പാകപ്പെടുത്തിയത്. കപ്പ ഡ്രൈഫ്രൈ. പിന്നെ, രുചിയുടെ പൂക്കളമിടലാണ്. 

നടുവിൽ മഞ്ഞനിറത്തിൽ കപ്പ. അതിനു ചുറ്റും കാബേജ് തോരൻ, ഉണക്കച്ചെമ്മീൻ ചമ്മന്തി, തൈരും സവാളയരിഞ്ഞതും ചേർത്ത സാലഡ്, ബീറ്റ്‌റൂട്ട് അച്ചാർ. പിന്നെ പപ്പടം. ചെറിയൊരു ഗ്ലാസ് മോര് കറിവേപ്പിലയൊക്കെ അരിഞ്ഞിട്ടു മനോഹരമാക്കിയത്. കാബേജ് തോരനു പകരം ചില ദിവസങ്ങളിൽ പച്ചക്കായും പയറും ചേർത്ത് മണിമണിയായി വീഴുന്ന പരുവത്തിൽ. മെഴുക്ക് അധികമില്ലാത്ത മെഴുക്കുപുരട്ടി. ചില ദിവസങ്ങളിൽ വാഴക്കൂമ്പു തോരൻ (നിപ്പയുടെ പേടി പരന്നതോടെ വാഴക്കൂമ്പു തോരൻ തൽക്കാലം പടിക്കുപുറത്ത്). ഇത്രയും സാധനങ്ങൾ വാഴയിലയിൽ നിരക്കുമ്പോൾത്തന്നെ മനസ്സിലാകും വാസുവേട്ടന്റെ കടയിലെ കഞ്ഞി വെറും കഞ്ഞിയല്ലെന്ന്. അപ്പോൾ അതാവരുന്നു, രുചിയുടെ അണക്കെട്ടു പൊട്ടിക്കുന്ന പോത്തിറച്ചിക്കറി. നേരിയതായി നെയ് തെളിഞ്ഞ ചാറിൽ  മസാലക്കൂട്ട് കുറുകുറു കുറുകനെ. അതിൽമുങ്ങി ഇറച്ചിക്കഷണങ്ങൾ.

കപ്പയും മറ്റ് അനുസാരികളും നിരന്നു കഴിയുമ്പോൾത്തന്നെ സ്പൂൺ അതിവേഗത്തിൽ പണി തുടങ്ങിയിരിക്കും. പക്ഷേ വേണ്ടാ... സ്പൂൺ വേണ്ടാ. മലയാളിക്കു നല്ല രുചിയുള്ള വിരലുകളുള്ളപ്പോൾ സ്പൂൺ എന്തിന്? മാറ്റിവെക്ക് സാറേ... കൈകൊണ്ടു കഞ്ഞിയിൽപ്പിടി... പിടിയോടു പിടി. നെയ്തെളിഞ്ഞ മസാലക്കൂട്ടോടുകൂടിയ ബീഫ് പ്ലേറ്റ് അപ്പാടെ കമിഴ്ത്തി, കപ്പയുടെ മുകളിൽ അടിക്കണം. എന്നിട്ടു വേഗത്തിൽ, കഞ്ഞിയുടെ ചൂടിനോടു മൽസരിച്ചു കൈകൊണ്ടു കോരിക്കോരി കുടിക്കണം. അതിനിടെ ആവേശം ഒട്ടും വിടാതെ ബീഫും കപ്പയുംകൂടി കുഴച്ച്, അതിൽനിന്നു കുറേശ്ശെ എടുത്തു കഞ്ഞിയിൽ കലക്കി വിടണം, കഴിക്കണം.  കംപ്യൂട്ടറും അനിമേഷനുമൊന്നും ഉണ്ടാകുന്നതിനു മുൻപേ വാസു തുടങ്ങിയ കടയാണിത്. ചാലക്കുടി  ടൗണിൽനിന്നു മൂന്നു കി.മീ അകലെ അതിരപ്പിള്ളി വഴിയിൽ എലിഞ്ഞിപ്ര എന്ന സ്ഥലത്ത്. വാസുവേട്ടൻ മൂന്നു വർഷം മുൻപ് ജീവിതത്തിന്റെ രുചിക്കൂട്ട് ഉപേക്ഷിച്ച് യാത്രയായി. ഭാര്യ പാറുക്കുട്ടിയെ കടയേൽപിച്ച്. പക്ഷേ നേരത്തേതന്നെ, ചൂടുള്ള കഞ്ഞിയിൽ അനിമേഷൻ സൃഷ്ടിക്കുന്നത് എങ്ങനെയെന്നു വാസുവേട്ടൻ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു. കഞ്ഞിയുടെ വെള്ളത്തൂവാലയിലേക്കാണു പോത്തിറച്ചിയുടെ നെയ്യും അതുവെന്ത മസാലയും വന്നുവീഴുന്നത്. അതും ഒരുമാതിരി ആക്രാന്തം പിടിച്ചതുപോലെ വിരൽകൊണ്ടുള്ള ചായമടി. പോത്തിറച്ചിയുടെ നെയ്മയം കഞ്ഞിയിൽ ഒഴുകുന്ന മഞ്ഞപ്പൊട്ടുകളുണ്ടാക്കും. എരിവിന്റെ കുഞ്ഞുകുഞ്ഞു തടാകങ്ങൾ. അതു കോരിക്കുടിക്കുമ്പോൾ ബീറ്റ്‌റൂട്ട് അച്ചാറൊന്നു തൊട്ടുനക്കണം. ബ്യൂട്ടിഫുൾ എന്നേ പറയാനാവൂ. ആ വിരലുകൾ വീണ്ടും കഞ്ഞിയിലേക്കു മുങ്ങുമ്പോൾ കഞ്ഞിക്കു വയലറ്റ് നിറം, അച്ചാറിന്റെ വീര്യം. അതുംകഴിച്ചു മുന്നേറുമ്പോൾ തൈരു ചേർത്ത സാലഡ് കുറച്ചു കോരിയെടുത്തു കഞ്ഞിയിൽ ചേർക്കണം. തൈരിന്റെ വെളുത്ത അലകൾ, സവാളത്തുണ്ടുകളുടെ തരിപ്പ്. ഉണക്കച്ചെമ്മീൻ ചമ്മന്തിയുടെ തരികൾ കഞ്ഞിയിൽ സീഫുഡ് രസം പകരും, കണ്ണുകൾക്കും നാവിനും. കാബേജ് തോരൻ ചേർക്കുമ്പോൾ ക‍ഞ്ഞിക്കു തോരണമായി, കൊറിക്കാനും വകയായി. ഇതിനിടെ പാവം പപ്പടത്തെ മറന്നുകളയരുതേ... കഞ്ഞി തീരുന്ന മുറയ്ക്കു ശിവൻ വന്നു ചോദിക്കും, കഞ്ഞിവേണോ എന്ന്. പാറുക്കുട്ടിയമ്മ വന്നു വീണ്ടും തിരക്കും: ‘‘കഞ്ഞി വേണോ...?’’ സ്നേഹമാണ്. അതുകൊണ്ടു വയറു പൊട്ടുവോളം കഴിച്ചുപോകും. തീർന്നു എന്നു തോന്നുമ്പോൾ വാഴയിലയിലെ ഇറച്ചി മസാലക്കൂട്ടിൽ ശേഷിക്കുന്നതു വിരലുകൾകൊണ്ടു വടിച്ചെടുക്കണം. എന്നിട്ടു വടിച്ചുതിന്നണം, രുചിയുള്ള വിരലുകളിൽനിന്ന്. മോരുകുടിച്ച് സമാപനം.

വാസുവേട്ടന്റെ കടയിൽ രാവിലെ ഒൻപതോടെ കഞ്ഞി റെഡിയാകും. പിന്നെ ഉച്ചവരെ കഞ്ഞിയാണ്. ഉച്ചയ്ക്ക് ഊണ്. പോത്തിനു പുറമെ ആട്ടിറച്ചി, താറാവ്, കോഴി, പന്നി എന്നിവയും കറികളായി നിരക്കും. മീൻകറി, വറ്റിച്ചത്, പൊള്ളിച്ചത്. ഏതെടുത്താലും 100 രൂപയിൽത്താഴെ മാത്രം. വൈകിട്ടു തീരുമ്പോൾ തീർന്നു. രാത്രി കച്ചവടമില്ല. ശിവന്റെ ഭാര്യ വിജിയാണ് പാചകറാണി. പാറുക്കുട്ടിയമ്മയുടെ ചേരുവ, വിജിയുടെ കൈപ്പുണ്യം. 

പോത്തിറച്ചിയുടെ അപാര രുചി

ആദ്യം സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയ്ക്കൊപ്പം വറുത്തു പൊടിച്ച മുളകും മല്ലിയുമിട്ട് ഇറച്ചി വേവിക്കും. പിന്നെ ഉരുളിയിലാണു കളി. പച്ചമുളക്, ഇഞ്ചി, ചതച്ച സവാള, വെളുത്തുള്ളി എന്നിവ വഴറ്റിയശേഷം അൽപം മുളകുപൊടിയും ചേർക്കും. നന്നായി മൂത്തുവരുമ്പോൾ വേവിച്ചുവച്ച ഇറച്ചിക്കഷണങ്ങൾ ഉരുളിയിലേക്കു മറിക്കും. എല്ലാം നന്നായി ചേർന്നു മസാല തിളച്ചു കുറുകിവരുമ്പോൾ ഇറക്കിവയ്ക്കും. അന്നേരം പെരുംജീരകവും ഇറച്ചി മസാലയും ചേർക്കും. കോഴിക്കറിയാണെങ്കിൽ പെരുംജീരകം ചേർക്കില്ല. ബാക്കി പാചകം ഏതാണ്ടെല്ലാം സമാന രീതിയിൽത്തന്നെ.