Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകവാവിന്റെ രുചിയോർ‍മകൾ

വി. മിത്രൻ
Author Details
karkkidaka-vavu ചിത്രം : രാഹുൽ ആർ. പട്ടം

ഇന്ന് കർക്കടക വാവ്. ഓർമയിലേക്ക് നടന്നുപോയ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി പ്രീതിപ്പെടുത്തുന്ന ദിവസം. ജീവിച്ചിരുന്ന കാലത്ത് അവർ പകർന്നുതന്ന സ്നേഹവാൽസല്യങ്ങൾ മനസ്സിൽ നിറയുന്നു. ഒരു ഉരുള ബലിയായർപ്പിച്ച് അവരുടെ ആത്മശാന്തിക്കായുള്ള പ്രാർഥനാ മന്ത്രങ്ങൾ ഉച്ചരിച്ച് നനഞ്ഞ കൈകൊട്ടി ബലിക്കാക്കകളെ വിളിക്കുന്നു.‘നനഞ്ഞ കൈ കൊട്ടുന്ന ശ്രാദ്ധമുറ്റത്തേക്ക് പിതൃക്കളുടെ കണ്ണുമായ്’ എത്തുന്ന ബലിക്കാക്കകളെക്കുറിച്ച് കവി പാടിയിട്ടുണ്ട്.

പിതൃബലി അർപ്പിക്കുന്നവർ ഇന്നലെ ഒരിക്കലൂണ് കഴിച്ചാണ് വ്രതമെടുക്കുന്നത്. ഉള്ളിയോ പപ്പടമോ അച്ചാറോ പോലുള്ളവ കഴിക്കാറില്ല. ഒരുനേരം മാത്രം അന്നാഹാരം കഴിച്ച് തികച്ചും സാത്വികാവസ്ഥയിലേക്ക് മനസ്സിനെ പാകപ്പെടുത്തുന്നു. മനസ്സിന്റെ തന്ത്രികൾ അതിലോലമാവാൻ ശരീരവും കനമില്ലാത്തതാവണം. നാവിനെ കീഴ്പ്പെടുത്താത്ത ലളിതമായ ആഹാരം മാത്രം. 

പുലർച്ചയ്ക്കു കുളിച്ച ശേഷം തർപ്പണത്തിനെത്തുന്നവർ പിണ്ഡം തയാറാക്കിയശേഷം നവദേവതകളെയും മനസ്സിൽ സങ്കൽപ്പിച്ച് ദർഭാസനത്തിൽ പിതൃക്കളെ ആവാഹിച്ചിരുത്തുന്നു. എള്ളും ജലവും കൊണ്ടു തിലോദകം അർപ്പിക്കുന്നു. നാക്കിലയിലെ ദർഭാസനത്തിൽ മന്ത്രോച്ചാരണത്തോടെ അർപ്പിക്കുന്ന പിണ്ഡത്തിൽ പിതൃക്കളെ ആവാഹിച്ചിരുത്തി ആത്മശാന്തിക്കായുളള പ്രാർഥനാമന്ത്രങ്ങൾ ഉരുവിടുന്നവർ.

പിണ്ഡത്തിൽ പിതൃക്കളെ സങ്കൽപ്പിച്ചാണു പൂജ. രാമ, കൃഷ്ണമന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് പിണ്ഡം ജലത്തിൽ ഒഴുക്കുകയോ(ജലബലി) കാക്കകൾക്കു നൽകുകയോ (കാകബലി)ചെയ്യും. തടാകത്തിലോ നദിയിലോ പാപനാശിനിയായ ഗംഗയെ ആവാഹിച്ചാണു പിണ്ഡം ഒഴുക്കുന്നത്. ഇതിനുള്ള സൗകര്യം ഇല്ലാത്തിടത്താണു സാധാരണ കാകബലി നടത്തുക. 

‘കർക്കടകം കഴിഞ്ഞാൽ ദുർ‌ഘടം തീർ‌ന്നു’ എന്നാണ് ചൊല്ല്. പൊന്നിൻചിങ്ങത്തിനായുള്ള കാത്തിരിപ്പാണ് കർക്കടകം. ഇടമുറിയാത്ത മഴയുടേയും മൂക്കറ്റം മൂടുന്ന വെള്ളത്തിന്റേയും കഷ്ടപ്പാടുകൾ നീന്തിക്കടക്കുമ്പോൾ പ്രകൃതിയോടിണങ്ങിയ ഭക്ഷണമാണ് ആരോഗ്യം കാത്തുസൂക്ഷിക്കുക. നമ്മുടെ  ഓരോ ആചാരവുമായി ബന്ധപ്പെട്ട‌ു രുചിയോർമകളുമുണ്ട്. കർക്കടകവാവുമായി ബന്ധപ്പെട്ടും ചില പ്രത്യേക രുചിക്കൂട്ടുകളുണ്ട്. പല ദേശത്തും പല കാലത്തും പല രീതികളാണ് ഭക്ഷണത്തിൽ പിൻതുടരുന്നത്. എങ്കിലും പൊതുവെ പിൻതുടരുന്ന ഭക്ഷണ ശൈലി തികഞ്ഞ ലാളിത്യവും  ഗ്രാമീണതയും നിറഞ്ഞ സാത്വിക ഭക്ഷണമാണ്. അമിതമായ എരിവോ ഉപ്പോ പുളിയോ മുന്നിട്ടുനിൽക്കില്ല. എണ്ണയുടെ അംശം കുറവായിരിക്കും. പാചകത്തിന് അര മണിക്കൂറിലധികം സമയമെടുക്കില്ല. കർക്കടകവാവുമായി ബന്ധപ്പെട്ട് ഓർമയിൽ തങ്ങി നിൽക്കുന്ന ചില രുചിക്കൂട്ടുകളുണ്ട്.

തൃപ്തം ബലിശേഷം 

ബലിശേഷം കഴിക്കുക എന്നൊരു രീതി പണ്ടുമുതൽ പിൻതുടരാറുണ്ട്. വാവുബലിയുടെ രുചിയായി ഓർമകളിൽ തങ്ങിനിൽക്കുന്നത് ഇതായിരിക്കും . പിണ്ഡമുരുട്ടാനുള്ള ചോറ് തിളപ്പിച്ച് വറ്റിച്ചാണ് തയാറാക്കുന്നത്. വെള്ളം ഊറ്റിക്കളയരുത്. തിളച്ചുവറ്റിവരുമ്പോൾ അരി വെന്തുകാണും. പിണ്ഡമുരുട്ടി ചടങ്ങുകൾ നടത്തിയ ശേഷം കുളിച്ച് ഭസ്മം ധരിച്ച് വരുന്നവർ ബലിശേഷം കഴിക്കുന്നു. ബാക്കി വന്ന ചോറാണ് ബലിശേഷമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉള്ളി ചേർക്കാതെ പച്ചക്കായ മെഴുക്കുപുരട്ടി, ഇഞ്ചിയും നാളികേരവും ആവശ്യത്തിന് ഉപ്പും ചേർത്തരച്ച് അതിലേക്ക് കൃത്യം അളവിൽ തൈരു ചേർത്തുണ്ടാക്കുന്ന ഇഞ്ചിത്തൈര് അഥവാ ഇഞ്ചിക്കറി, അൽപം തൈര് ഇതുമൂന്നും ചേർത്ത് ചോറു കുഴച്ചുണ്ണുന്നതാണ് പഴയ രീതി.

ദാഹംവയ്പ്

കേരളത്തിലെ ചില പ്രദേശങ്ങളിൽ കർക്കടക വാവിന്റെ ഒരു പ്രധാന ചടങ്ങാണു ദാഹംവയ്പ്. ജാതി, ദേശ ഭേദമനുസരിച്ച് ഇതിനു വ്യത്യാസങ്ങളുണ്ട്. ശർക്കരയും തേങ്ങയും വിളയിച്ചെടുത്ത് അരിപ്പൊടിയിൽ തയാറാക്കുന്ന അടയാണ് ഇതിലെ പ്രധാന നിവേദ്യം. വറപൊടിയും വറപൊടി പലഹാരങ്ങളുമാണു പിതൃക്കൾക്കു പ്രധാനമെന്നാണു വിശ്വാസം. ദാഹംവയ്പിന് എടുക്കുന്നത് ഓട്ടടയാണ്. (വറുത്തെടുത്ത അട). കരിക്കിന്റെ മൂടു വെട്ടിയെടുത്ത് അതിൽ വറുത്തെടുത്ത അരിപ്പൊടിയും തേനും ചേർത്താൽ മധുവായി എന്നാണു സങ്കൽപം. എന്നാൽ ദേവപൂജയ്ക്കെടുക്കുക മുഖം ചെത്തിയ കരിക്കാണ്. അവിൽ, മലർ, ശർക്കര, നവധാന്യങ്ങൾ തുടങ്ങിയവയും ദാഹം വയ്പിനുണ്ടാകും. ചിലർ പുട്ടും കടലയും മുറുക്കാനും പിതൃക്കൾക്കായി കാത്തുവയ്ക്കാറുണ്ട്.

താളിന്റെ ലാളിത്യം

കർക്കടകവാവിന്റെ മറ്റൊരു രുചിക്കൂട്ടാണ് താളുകറി. കേരളത്തിലെ ധന്വന്തരീക്ഷേത്രങ്ങളിൽ വാവുദിവസം താളുകറി പ്രധാന വഴിപാടാണ്. കർക്കടകമെന്ന പഞ്ഞമാസത്തിൽ പറമ്പിൽ തഴച്ചുവളരുന്ന ചേമ്പിന്റെ തണ്ട് കറിയാക്കുന്ന രീതിയും പണ്ടുമുതലുണ്ട്. പുളി ചേർത്ത് താളു കറി വെയ്ക്കുന്നതാണ് രീതി. എന്നാൽ കർ‍ക്കടകവാവിന് തൊട്ടാൽ ചൊറിയുന്ന കാട്ടുചേമ്പിന്റെ താ‍ൾ കഴുകിയരിഞ്ഞാണണ് കറിയുണ്ടാക്കുന്നത്. മല്ലിയും മുളകും വറുത്ത്പൊടിച്ചു ചേർക്കും. താളുകറി കഴിച്ചാൽ അൾസർ പോലുള്ള രോഗങ്ങൾ ശമിക്കുമെന്നാണ് വിശ്വാസം.