കോഴിക്കോടൻ നന്മയുടെ ഈ രുചി അളക്കാൻ അളവുകോലുകളില്ല

‘മനസാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം വരുംകാലമാണ്...’

കഴിഞ്ഞയാഴ്ച യാത്ര നിർത്തിയപ്പോൾ ചൊല്ലിയ കവിതയയിലെ നാലുവരികൾ. നിനയ്ക്കാതെ വന്ന ദുരിതമായിരുന്നു ഇത്തവണത്തെ യാത്രകൾ. അലമുറയിട്ടു കരഞ്ഞു കലങ്ങിയ മുഖഭാവമാണ് നാടിന്. വന്നെത്തിയ ദുരിതപ്പെയ്ത്തിനെ നമ്മൾ കരുത്തോടെ നേരിട്ടു തിരിച്ചയച്ചു. എങ്കിലും മനസിലൊരു  വിങ്ങൽ തങ്ങിനിൽക്കുന്നു;ഒരു നെടുവീർപ്പ്.. മഴയിൽ കുതിർന്ന വഴികൾ തളർന്നു കിടക്കുന്നു; ദുരിതക്കടൽ നീന്തി അക്കരെയെത്തിയ ക്ഷീണത്തോടെ...ബുധനാഴ്ച മുതൽ മൂന്നു ദിവസം നഗരത്തിലെ വഴികൾ വെള്ളത്തിൽ‍ മുങ്ങിക്കിടക്കുകയായിരുന്നു.ഏതു യാത്രയും ചെന്നെത്തുന്നത് വെള്ളം കയറിയ മേഖലകളിലേക്കാണ്.

നിറഞ്ഞൊഴുകി കല്ലായിപ്പുഴയും കനോലികനാലും

കല്ലായിപ്പുഴക്കരയിൽ നിന്നാണ് മഴവെള്ളംകണ്ട് യാത്ര തുടങ്ങിയത്. മൂരിയാടിനു സമീപം കനോലി കനാൽ കല്ലായിപ്പുഴയിൽ ചേരുന്ന  ഭാഗം. വെള്ളമങ്ങനെ കുത്തിയൊലിക്കുകയായിരുന്നു. മനുഷ്യരോടുള്ള സകല ദേഷ്യവും ആ കുത്തൊഴുക്കിൽ ഒളിഞ്ഞിരിപ്പുണ്ടെന്നു തോന്നും. കല്ലായിപ്പുഴയിൽ മരക്കഷ്ണങ്ങൾ ഒഴുകി നടക്കുന്നു. മൂരിയാടുഭാഗത്തെ തടിമില്ലുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

മൂരിയാടുനിന്ന് പുതിയപാലത്തേക്കുള്ള വഴി.മുട്ടിനുമുകളിൽ വെള്ളമുണ്ട്. പാന്റു മടക്കിക്കയറ്റിയും മുണ്ട് മടക്കിക്കുത്തിയും നാട്ടുകാർ പതുക്കെ നടന്നുപോവുന്നു. വാഹനങ്ങൾ വെള്ളത്തിൽ പെടാതിരിക്കാൻ പലയിടത്തും  റോഡിനു കുറുകെ അപായചിഹ്നമായി മരക്കുറ്റികൾ വെച്ചിട്ടുണ്ട്. വശങ്ങളിൽ താഴ്ചയുള്ള ഭാഗം തിരിച്ചറിയാൻ പലയിടത്തും കയറു കെട്ടിയിട്ടിട്ടുണ്ട്.

പുതിയപാലത്തുനിന്ന് ജയിലിനുസമീപത്തേക്കുള്ള വഴിയിലൂടെയായി യാത്ര. സമീപത്തെ ചെറിയ വീടുകളെല്ലാം വെള്ളത്തിലാണ്. കനോലിക്കനാൽ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. അരയിടത്തുപാലത്തുനിന്ന് എരഞ്ഞിപ്പാലം ബൈപാസിലേക്ക് തിരിഞ്ഞതോടെ സ്ഥിതി രൂക്ഷമായി. സരോവരം ബയോപാർക്കിനു സമീപത്തേക്ക് കടന്നുചെല്ലാൻ കഴിയാത്തത്ര വെള്ളം. കനോലിക്കനാൽ റോഡിനെ മുറുക്കികെട്ടിപ്പിടിച്ചുകിടക്കുന്നു.

ദുരിതക്കയത്തിലായിരുന്നു പല വീടുകളും. നഗരത്തിന്റെ പുറത്തേയതിരിനോടു ചേർന്നു കിടക്കുന്ന  ചെറുവീടുകൾ. നിസ്സഹായരായ മനുഷ്യർ. ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ മഴയ്ക്കു കൈനീട്ടം നൽകേണ്ടി വന്നവർ. അവർ ദുരിതാശ്വാസക്യാംപുകളിലേക്ക് താമസം മാറിയത് ആശങ്കയോടെയാണ്. തിരികെ ചെല്ലുമ്പോൾ കിടപ്പാടം ബാക്കിയുണ്ടാവുമോ എന്ന ആശങ്ക.

രുചിയുടെ സ്നേഹസ്പർശം

ചാലപ്പുറം ഗവ.അച്ചുതൻ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ‍ അനേകം പേരുണ്ട്. പുറത്ത് മഴ പെയ്യുമ്പോൾ അവർ ആശങ്കയോടെ നോക്കിയിരിക്കുന്നു. ഇവിടെയാണ് ജില്ലയിലെ പതിനഞ്ചോളം ക്യാംപുകളിലേക്ക് ഭക്ഷണം പാകം ചെയ്യുന്നത്. ഈ അടുപ്പിൽ വേവുന്നത് കോഴിക്കോട്ടുകാരുടെ നന്മയാണ്. ഓരോ അരിമണിയിലും അലിഞ്ഞു ചേരുന്നത് കോഴിക്കോട്ടുകാരുടെ സ്നേഹമാണ്, കരുതലാണ്. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കോഴിക്കോട് അൽഹിന്ദ് ഫൗണ്ടേഷന്റെ ഹ്യുമാനിറ്റി ട്രസ്റ്റ്, ടൗൺബാങ്ക് എന്നിവരാണ് ഭക്ഷണമൊരുക്കുന്നത്.കൗൺസിലർ ഉഷാദേവി, പി.കെ.എം സിറാജ്,കെ.പി. വിദ്യാനന്ദ് തുടങ്ങിയവർ ഓടിനടന്നു പണിയെടുക്കുന്നു. 

അടുപ്പത്തെ ചെമ്പിൽ ബിരിയാണി വെന്തുവരുന്നുണ്ട്. പാത്രങ്ങളിൽ അച്ചാറും സലാഡും പകർന്നുവെയ്ക്കുന്നുണ്ട്. കുറ്റിച്ചിറയിൽനിന്നുള്ള പാചകക്കാരാണ് പാചകം ചെയ്യുന്നത്. 15 മുതൽ എല്ലാ ദിവസവും  മൂന്നുനേരമാണ് നഗരപരിധിയിലെ വിവിധ ക്യാംപുകളിലേക്ക്  ഭക്ഷണം കൊടുത്തയയ്ക്കുന്നത്.

ഗതാഗതം മുടങ്ങിയതിനാൽ അനേകം പേർ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുടുങ്ങിക്കിടന്നിരുന്നു. ഇവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് കാലടിയിൽനിന്നുമെത്തിയ വിദ്യാർഥികൾക്കും ഭക്ഷണമുണ്ടാക്കി നൽകി.

ഓരോ ദുരിതാശ്വാസ ക്യാംപിലും അനേകംപേർ അരിയും ഭക്ഷ്യധാന്യങ്ങളും പലചരകക്കുസാധനങ്ങളുമായെത്തുന്നുണണ്ട്. കോഴിക്കോട് നഗരത്തിൽ പലിയടത്തായി പല സംഘടനകളും രാപ്പകൽ വ്യത്യാസമില്ലാതെ ഭക്ഷണമൊരുക്കുന്നു.ഇതു കോഴിക്കോട്ടുകാർക്കു വേണ്ടി മാത്രമല്ല. അങ്ങു  ചെങ്ങന്നൂരിലും തിരുവല്ലയിലും  ഹെലികോപ്റ്റരിൽനിന്ന് പട്ടാളക്കാർ താഴേക്ക് ഇട്ടുകൊടുക്കുന്ന ഭക്ഷണപ്പൊതികളിൽ പലതും നമ്മൾ കോഴിക്കോട്ടുകാർ തയാറാക്കി നൽകിയതാണ്.കോഴിക്കോടൻ നന്മയുടെ ഈ രുചി അളക്കാൻ അളവുകോലുകളില്ല.