കനോലി കനാലും വെറൈറ്റി തട്ടുദോശയും

‘‘സമയമാവുന്നു പോകുവാൻ, രാത്രിതൻ നിഴലുകൾ നമ്മൾ പണ്ടേ പിരിഞ്ഞവർ...’’

വിരഹത്തിന്റെ, വേർപിരിയലിന്റെ നൊമ്പരവും മനസിൽ തൊടുന്ന വരികൾ. ഉള്ളിലൊരു ഗസലിന്റെ തേങ്ങലുമായി സന്ധ്യകൾ വന്നെത്തുകയാണ്. ഇത്തരം സന്ധ്യകളിൽ ഒറ്റയ്ക്കു  നടക്കണം. നഗരവീഥികളിലെ തിരക്കിലൂടെ അലിഞ്ഞ് നടക്കുമ്പോൾ നമ്മൾ ആ തിരക്കിൽ അലിഞ്ഞില്ലാതാവും. ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായി, നിസാരനായി, കാറ്റിൽപ്പെട്ട ഒരാലില പോലെ അങ്ങനെ ഒഴുകി നടക്കാം.

കോഴിക്കോട്...ഈ നഗരത്തിലെ കാൽനടയാത്രകൾ അവസാനിക്കുന്നില്ല. ഓരോ വഴിയിലും കാത്തിരിക്കുന്നത് ഓരോ കഥകളാണ്. ഓരോ തെരുവിലും ഒളിച്ചിരിക്കുന്നത് ഒരായിരം കഥകളാണ്. അതറിയാൻ തിരക്കിട്ട് ഒരോട്ടപ്രദക്ഷിണം പോര. ‘മരണവേഗത്തിലോടുന്ന വണ്ടികൾ, നഗരവീഥികൾ  നിത്യപ്രയാണങ്ങൾ...’എന്ന് കവി പാടിപ്പോവുന്നു..

ചരിത്രം തുടങ്ങിയ കാലം തൊട്ട് നഗരത്തിലേക്കു നാലഞ്ചു പ്രധാനവീഥികളുണ്ട്. പല നഗരങ്ങളിൽനിന്നുള്ള വഴികൾ വന്നുതീരുന്ന കടപ്പുറനഗരം. കാടുംമേടുംകടന്ന് ചുരമിറങ്ങി വരുന്ന കാറ്റ് വയനാട് റോഡിലൂടെ നഗരത്തിലേക്ക് ഒഴുകിയെത്തുന്നു.

കനോലി സായ്പിന്റെ സ്വപ്നമായിരുന്ന കനാൽ. അതിനു കുറുകെ എരഞ്ഞിപ്പാലം.ഇന്ന് പരന്നുകിടക്കുന്ന നാലുംകൂടിയ ജംക്‌ഷൻ. കനാലിൽ പണ്ട് ഇവിടൊരു കടവുണ്ടായിരുന്നെന്ന് പഴയകാല രേഖകളിലുണ്ട്. കനാലിലൂടെ ചരക്കുമായി വരുന്ന വഞ്ചികൾ ഇതുവഴി കടന്നുപോവും. കടവിൽ സാധനങ്ങളിറക്കും. നഗരത്തിലേക്കു വരുന്ന വഞ്ചികളിൽനിന്ന് ചുങ്കം പിരിക്കാനുള്ള കേന്ദ്രവും ഇവിടെയുണ്ടായിരുന്നു. എത്രയെത്ര കഥകൾ പറയാനുണ്ട്  ഈ പാലത്തിന്. ഈ നഗരത്തിലെ ഏതു വഴിയിലൂടെ ചെരിപ്പിടാതെ നടന്നാലും ചരിത്രം മണ്ണിൽനിന്നുയർന്നു കാലിൽ ഇക്കിളിയിടും.

ദോശചുടൽ ഒരു കലയാണ്

സന്ധ്യകൾ രാത്രികൾക്കു വഴിമാറുന്നു. എരഞ്ഞിപ്പാലം കോടതി കഴിഞ്ഞ് നഗരത്തെ ലക്ഷ്യമാക്കി മുന്നോട്ടു വരുമ്പോൾ വലതുവശത്ത് തായാട്ട് ക്ഷേത്രത്തിന്റെ ബോർഡു കാണാം. അൽപം മുന്നിലായി ഒരു നഴ്സറി.നഴ്സറിക്കടുത്ത് സിഡി ഷോപ്പിനോടു ചേർന്ന് മരച്ചുവട്ടിൽ ഒരു തട്ടുകട.

ഇലകളിൽ മിന്നിക്കത്തുന്ന കുഞ്ഞു വിളക്കുകൾ.കത്തിനിൽക്കുന്ന റാന്തലുകൾ. കറുത്ത ബോർഡിൽ തട്ടുകടയിലെ വിഭവങ്ങൾ ഒരു ചോക്കുകൊണ്ട് എഴുതി കെട്ടിത്തൂക്കിയിരിക്കുന്നു.

ഹോട്ടലുകളിൽപോലും കാണാത്ത പേരുകളാണ് ബോർഡിൽ നിറയെ. എഗ്ഗ് റോൾ ദോശ, ബീഫ് റോൾ ദോശ,ചീസ് എഗ്ഗ്ദോശ എന്നിങ്ങനെ തുടങ്ങി തട്ടുദോശയും പൊടിദോശയും വരെയുണ്ട്. ബോർഡു വായിച്ചാൽ മനസിൽ ചോദിച്ചുപോവും ‘ഇതെന്താ, ദോശകളുടെ സംസ്ഥാനസമ്മേളനമാണോ!’

ഒരു ബീഫ് റോൾ ദോശയ്ക്ക് ഓർഡർ നൽകി. മാവ് കുഞ്ഞുപാത്രംകൊണ്ട് തട്ടിൽപകർന്ന്, വൃത്തിയായി പരത്തി..ഇത്തിരി ചീസ് ഒഴിച്ച്, സവാള അരിഞ്ഞത് നിരത്തി...കലാപരമായ ദോശയുണ്ടാക്കൽ. കൈവിരലുകളിൽ രുചിക്കൂട്ടുകൾ നൃത്തംവെയ്ക്കുന്നു. ഭക്ഷണം അനുഭൂതിയാണെന്ന് തിരിച്ചറിവുള്ള പാചകക്കാരൻ.

കടയുടമയും ഷെഫുമെല്ലാം ഒരാളാണ്; ടി.എസ്. ലെനിൻരാജ്.സഹായിക്കാൻ  രണ്ടു സുഹൃത്തുക്കളുമുണ്ട്. സിഡി കട നടത്തിയ ലെനിൻരാജ് കടയ്ക്കടുത്ത് തട്ടുകട തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 

മൂന്നു വർഷത്തോളം മനസിലിട്ടു വളർത്തിയ ആശയമാണ് വെറൈറ്റി  ദോശകൾ കിട്ടുന്ന തട്ടുകട. സുഹൃത്തിന്റെ പക്കൽനിന്ന് അത്യാവശ്യം നുറുങ്ങുവിദ്യകൾ പഠിച്ചു. തട്ടുകടയിലെ വെറൈറ്റി ദോശകൾ ഓരോന്നോരോന്നായി ലെനിൻ‍ പരീക്ഷിച്ചു പഠിച്ചതാണ്. സ്വന്തമായി വികസിപ്പിച്ച ദോശമെനുകൾ. ദോശ വെന്തു.. ഒന്നു മറച്ചിട്ടു. പിന്നെ മടക്കി രണ്ടായി മുറിച്ച് പ്ലേറ്റിലേക്കിട്ട്, സാമ്പാറും ചട്നിയും പകർന്ന് ലെനിൻ നീട്ടി. രുചിയുടെ ബല്യപെരുന്നാൾ ദോശയുടെ രൂപത്തിലങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു. ഹൃദയത്തിലേക്ക്  ഒരു പാലമിട്ട് ആ രുചിക്കൂട്ട് കൈയിലേക്ക് വന്നുചേർന്നു.