പാവം ചോറ്, രുചിയോ ജോറ്!

നയതന്ത്രത്തിൽ പല വഴികളുണ്ട്. സൗഹൃദം, അനുനയിപ്പിക്കൽ, മുന്നറിയിപ്പ്, ഭീഷണി, ഉപരോധം, പുറത്താക്കൽ അങ്ങനെയങ്ങനെ. സൗഹൃദത്തിന്റെ വഴിയിലാണു ജോസ് തോമസിന്റെ നയതന്ത്രം. അഥവാ ജോസിന്റെ ബോസ് ആയ അംബാസഡറുടെ നയതന്ത്രം. രുചിയുള്ള വിഭവങ്ങളിലൂടെ നയതന്ത്ര വിജയങ്ങൾ കൈവരിക്കുന്ന അംബാസഡറുടെ കരുത്താണ് കൈപ്പുണ്യമുള്ള ഷെഫ്. അത്തരമൊരു ഷെഫാണു കൊച്ചിക്കാരൻ ജോസ് തോമസ്. കൃത്യമായി പറഞ്ഞാൽ വൈപ്പിൻ ദ്വീപിൽ കർത്തേടം ദേശത്ത് വെളിയിൽ വീട്ടിൽ ജോസ് തോമസ്. റഷ്യയിലെ ജോർദാൻ സ്ഥാനപതിയുടെ എക്സിക്യൂട്ടീവ് ഷെഫാണു ജോസ്. വർഷങ്ങളായി ഈ നയതന്ത്രം തുടരുന്നു. ഇന്ത്യ, ജോർദാൻ, റഷ്യ എന്നീ നാടുകളുടെ സംസ്കാര സമന്വയം ജോസിന്റെ അടുക്കളയിലെ പാത്രങ്ങളിലാണ്. അതു സ്വാദിഷ്ട വിഭവങ്ങളായി തീൻമേശയിൽ എത്തുമ്പോൾ കഴിക്കാൻ തയാറായിരിക്കുന്നതു മോസ്കോയിലെ ജോർദാൻ സ്ഥാനപതി മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അതിഥികളാണ്. ജോസ് ഇന്ത്യൻ വിഭവങ്ങളുണ്ടാക്കാൻ മിടുക്കനാണ്. തീർന്നില്ല, ‘പുട്ട് പുട്ട്’ പോലെ മെഡിറ്ററേനിയൻ, കോണ്ടിനെന്റൽ വിഭവങ്ങളും ഉണ്ടാക്കും. മെട്രോ മനോരമയുടെ ‘രസഗുള’ പേജിന്റെ വായനക്കാർക്കായി ജോസ് തോമസ് നിർദേശിക്കുന്ന വിഭവം ‘മഖ്‌ലൂബെ’ ആണ്. ഷെഫ് ജോസിനെപ്പോലെതന്നെ കാഴ്ചയ്ക്കു വെറും പാവം. ഒരുപാത്രം നിറയെ പാവം ചോറ്. അതിൽ കുറച്ച് ഇറച്ചി. ആട്ടിറച്ചിയാവാം, കോഴിയുമാവാം. പിന്നെ കുറച്ചു പച്ചക്കറികൾ. പക്ഷേ, കഴിച്ചു തുടങ്ങുമ്പോൾ മനസ്സിലാകും. 

ജോസിനെപ്പോലെതന്നെ, കാഴ്ചയ്ക്കു പാവമാണെങ്കിലും മഖ്‌ലൂബെ ആളൊരു പുലിയാണ്. മഖ്‌ലൂബെ പലസ്തീനിൽനിന്നുള്ള വിഭവമാണ്. ഉണ്ടാക്കാൻ എളുപ്പം, നമ്മുടെ നാട്ടിലും കിട്ടും ചേരുവകൾ. കൈപ്പുണ്യമുള്ളവർ ഉണ്ടാക്കുക, മറ്റുള്ളവരെ സൽക്കരിക്കുക, ആസ്വദിക്കുക.

കൊച്ചിക്കാരൻ ജോസ് തോമസ് മോസ്കോയിൽനിന്നു ‘രസഗുള’ വായനക്കാർക്കായി സ്നേഹപൂർവം സമ്മാനിക്കുന്നു, മഖ്‌ലൂബെയുടെ രുചി....ഉണ്ടാക്കാം, ആസ്വദിക്കാം മഖ്‌‌ലൂബെ...മഖ്‌ലൂബെയുടെ താരനിര

ചേരുവകൾ:

സവാള – 1 (നാലായി മുറിച്ചത്)
കരയാമ്പൂ – 4
വെളുത്തുള്ളി അല്ലി – 4 (ചെറുതായി അരിഞ്ഞത്)
തക്കാളി – 3 (വട്ടത്തിൽ അരിഞ്ഞത്)
ഇടത്തരം വഴുതനങ്ങ – 2 (വട്ടത്തിൽ അരിഞ്ഞത് )
കോളിഫ്ലവർ – 1 (ചെറുത് – പൂക്കൾ അടർത്തിയത്)
കോഴി – 1 കിലോഗ്രാം (ഇടത്തരം വലുപ്പത്തിൽ മുറിച്ചത്)
ബസ്മതി അരി – 2 കപ്പ്
മഞ്ഞൾ – 2 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഗരം മസാലപ്പൊടി – 2 ടീസ്പൂൺ
ബേ ലീവ്സ് – 2
ഒലിവ് ഓയിൽ – 200 മില്ലിഗ്രാം
കുരുമുളക് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്

ഗാർണിഷ് ചെയ്യാൻ 

പാഴ്സലി ഇല ചെറുതായി അരിഞ്ഞത് 

വറുത്ത ആൽമണ്ട്

മഖ്‌ലൂബെ വരുന്നവഴി

ഇളം ചൂടുവെള്ളത്തിൽ മഞ്ഞളും ഉപ്പും ഇട്ട് അരി കുതിർത്തു വയ്ക്കുക. 

കോളിഫ്ലവറും വഴുതനങ്ങയും ഒരു പാനിൽ വറുത്തെടുക്കണം.

കഷണങ്ങളാക്കിയ കോഴി ഒരു വലിയ പാത്രത്തിൽ ഇട്ട് നികരാൻവേണ്ടത്ര വെള്ളം ഒഴിച്ച്, സവാള, ഗരം മസാല, ബേ ലീവ്സ് എന്നിവ ചേർത്തു വേവിക്കുക. വെന്ത കഷണങ്ങൾ എടുത്തു മാറ്റി വയ്ക്കുക. 

തക്കാളി, വറുത്തെടുത്ത കോളിഫ്ലവർ, വഴുതനങ്ങ എന്നിവ മറ്റൊരു പാത്രത്തിൽ അടുക്കുക. അതിനു മീതേ വെന്ത കോഴിക്കഷണങ്ങൾ നിരത്തണം. വെളുത്തുള്ളിയും ജീരകവും വിതറിയ ശേഷം അതിനു മുകളിലേക്കു കുതിർത്തിയ അരി കുടഞ്ഞിടുക. കോഴിവെന്ത വെള്ളത്തിൽ കുറച്ചു മഞ്ഞളും ജീരകവും ചേർത്ത് അരിയുടെ മുകളിൽ ഒഴിച്ച് നല്ല തീയിൽ ഏഴു മിനിറ്റ് വേവിക്കണം. തീ കുറച്ച് അരമണിക്കൂർ കൂടി വേവിച്ചതിനു ശേഷം വലിയൊരു േപ്ലറ്റിലേക്കു ശ്രദ്ധയോടെ കമഴ്ത്തുക. ആൽമണ്ടും പാഴ്സലിയും മുകളിൽ വിതറി അലങ്കരിക്കാം.