Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്നാൽ തിന്നാം പണോം പണ്ടോം

വി. മിത്രൻ
chicken-ghee-roast

ആഭരണങ്ങൾക്ക് മലബാറിൽ വിളിക്കുന്ന ചുരുക്കപ്പേരാണ് പണ്ടം. ‘പണ്ടോം പണോം’ എന്ന മലബാർ ഭാഷയ്ക്കു സ്വർണവും പണവുമെന്നാണു തെക്കൻ മലയാളം. സ്വർണാഭരണത്തെ സ്നേഹിക്കാത്ത സ്ത്രീകൾ മലബാറിൽ കുറവാണ്. അ‍ലുക്കത്തും മൂക്കുത്തിയും മുട്ടറ്റം വളകളും അരഞ്ഞാണവും പാദസരവും മിഞ്ചിയുമടക്കം ആഭരണങ്ങളുടെ കിലുക്കമാണ് അടുക്കളയിൽ മുഴങ്ങിക്കേട്ടിരുന്നത്. ആഭരണം പോലെ സ്ത്രീഹൃദയം കവർന്ന ഒരു രുചിക്കൂട്ട്. അതിനു പണ്ടമെന്നാണു വിളിപ്പേര്. തലശ്ശേരിക്കാർ ഭക്ഷണമുണ്ടാക്കുന്നതിനേക്കാൾ മിടുക്കാണ് അതിനു രസകരമായ പേരിടുന്നതിൽ പ്രകടിപ്പിക്കാറുള്ളത് എന്നു പലതവണ തോന്നിയിട്ടുണ്ട്. ‘തലശ്ശേരി ടച്ച്’ ഉള്ള കിടിലൻ ചിക്കൻ വിഭവമാണ് ഇറച്ചിപ്പണ്ടം. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാവുന്ന ചെറുകടിയാണ് ഇറച്ചിപ്പണ്ടം. നോമ്പുകാലത്തു വൈകുന്നേരത്തേക്ക് അടുക്കളയിൽ ശടപടേന്ന് തയാറാക്കാവുന്ന വിഭവം. ഒരുപക്ഷേ, പേരിലുള്ള കൗതുകം വിഭവത്തിലുണ്ടോ എന്നു സംശയം തോന്നിപ്പിക്കുന്നുമുണ്ട്. എങ്കിലും പണ്ടം ലളിതമാണ്, സുന്ദരവുമാണ്.

പണ്ടം പണിയാം

ചിക്കനിൽ ഒരു സ്പൂൺ മുളകുപൊടി, അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. ഒരു കുക്കറി‍ൽ അത്യാവശ്യത്തിനു മാത്രം വെള്ളമെടുത്ത് ചിക്കനിട്ട് മൂന്നോ നാലോ വിസിൽ വരുന്നതു വരെ വേവിക്കുക. അതിനുശേഷം എല്ലു മാറ്റി ചിക്കൻ ചെറുതായി നുറുക്കിയെടുക്കുക. 

ചട്ടിയിൽ രണ്ട് സ്പൂൺ എണ്ണയൊഴിച്ച് ചെറുതായി മുറിച്ച ഉള്ളി ചേർക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മിക്സിയിൽ അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ഒരു നുള്ള് മസാലപ്പൊടിയും മല്ലിച്ചപ്പും ചേർത്ത് ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ട് ഇളക്കുക. ചെറുചൂടിൽ മൂടി വയ്ക്കുക.