അർജന്റീനയുടെ രുചിച്ചെപ്പ്

ലോകത്ത് കാൽപന്തിനെ നെഞ്ചോടുചേർത്തുപിടിക്കുന്ന രാജ്യമാണ് അർജന്റീന. ഭൂവിസ്തൃതിയിൽ ലോകത്തെ എട്ടാമത്തെ രാജ്യമായ അർജന്റീന ഒട്ടേറെ തനതു രുചികളുടെ കൂടി ഈറ്റില്ലം കൂടിയാണ്. മാംസാഹാരികളുടെ സ്വപ്നഭൂമികയാണിവിടം, ലോകത്തുതന്നെ മികച്ച ബീഫ് ലഭിക്കുന്ന രാജ്യം. മൂന്നുനേരവും ഭക്ഷണത്തിനൊപ്പം ബീഫ് കഴിക്കുന്നവരാണ് അർജന്റീനക്കാർ. അർജന്റീനക്കാരിലൊരാൾ വർഷത്തിൽ ശരാശരി 100 കിലോ ബീഫ് വരെ കഴിക്കുന്നുണ്ടെന്നാണു കണക്ക്. ലോകത്തു തന്നെ ബീഫ്, പോർക്ക്, പൗൾട്രി എന്നിവയുടെ ഉൽപാദനവും ഉപഭോഗവും കൂടുതലുള്ള രാജ്യം കൂടിയാണ് അർജന്റീന. 

രുചി ചരിത്രം

വൈദേശിക അധിനിവേശത്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് അർജന്റീനയ്ക്ക്. യൂറോപ്യൻ സംസ്കാരത്തിന്റെ വൻ സ്വാധീനമുള്ള സൗത്ത് അമേരിക്കൻ രാജ്യം കൂടിയാണിത്. 3 നൂറ്റാണ്ടോളം സ്പെയിന്റെ കോളനിയായിരുന്ന ഈ രാജ്യം അതിനു മുൻപു ഇൻകാ സാമ്രാജ്യത്തിന്റെ അധിനിവേശത്തിൽ കീഴിലായിരുന്നു. 1502ലാണ് യൂറോപ്യൻസ് ആദ്യമായി അർജന്റീനയിലേക്കു വരുന്നത്. 1580 മുതൽ സ്പെയിന്റെ കോളനിയായി മാറി. 1536ലാണ് സ്പെയിനിൽ നിന്ന് വലിയ രീതിയിലുള്ള കുടിയേറ്റം തുടങ്ങിയത്. ഇന്ന് ലാറ്റിനമേരിക്കയിലെ സ്പാനിഷ് സംസാരിക്കുന്ന വലിയ രാജ്യം കൂടിയാണ് അർജന്റീന. ഫലഭൂയിഷ്ഠമായ പുൽമേടുകളുള്ള ഇവിടെ സ്പെയിൻകാരുടെ വരവോടെയാണ് കാലിവളർത്തൽ വൻതോതിൽ തുടങ്ങി. 1816ൽ അർജന്റീന സ്വതന്ത്രമായതിനു ശേഷം ഇറ്റലി, ജർമനി, പശ്ചിമേഷ്യ, റഷ്യ, ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ കുടിയേറ്റമുണ്ടായി. 1853 മുതൽ 1955വരെ മാത്രം 66 ലക്ഷം പേർ കുടിയേറിയെന്നാണ് കണക്ക്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇറ്റാലിയൻ കുടിയേറ്റം ശക്തിപ്പെട്ടത്. ബ്രിട്ടിഷുകാരാണ് ഇവിടേക്ക് ചായ കൊണ്ടുവന്നത്. എന്നാൽ അർജന്റീനിയൻ ക്യുസീനിൽ വലിയ സ്വാധീനം ചെലുത്തിയത് സ്പാനിഷ്, ഇറ്റാലിയൻ ഡിഷുകളാണ്. ഇന്നും അർജന്റീനിയൻ ഡിഷുകളിലെ പ്രധാനപ്പെട്ടവയിലെല്ലാം ഈ സ്വാധീനം പ്രകടമാണ്. 

രുചിക്കൂട്ട്

അർജന്റീനയുടെ പരമ്പരാഗത വിഭവങ്ങളിൽ പലതിലും പൊട്ടറ്റോ, ചോളം, ഗോതമ്പ്, കടല, കുരുമുളക്, സ്ക്വാഷ്, തക്കാളി തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്. 16–ാം നൂറ്റാണ്ടിൽ കാലികളെ മേയ്ക്കുന്ന കൗബോയ്സ് ആണ് തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി ഗ്രില്ലു ചെയ്തു കഴിക്കാൻ തുടങ്ങിയത്. പാഴ്സ്‌ലി, സിലാൻട്രൊ, ഒറിഗാനോ, വിനാഗിരി, വെളുത്തുള്ളി, ജാലപ്പിനോ, ഉപ്പ്, കുരുമുളക് എന്നിവ എണ്ണയിൽ വറുത്തെടുത്തുള്ള മസാലക്കൂട്ടാണ് ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത്. ചിമിച്യുരി എന്നാണിതിനെ വിളിക്കുന്നത്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, എണ്ണക്കുരു എന്നിവ വൻതോതിൽ കൃഷിചെയ്യുന്നു. ആപ്പിൾ, പിയർ, പീച്ച്, കിവിപ്പഴം, അവക്കാഡോ, പ്ലം തുടങ്ങിയ പഴങ്ങളുടെയെല്ലാം വൻ കയറ്റുമതിയുമുണ്ട്. സാലഡുകൾക്ക് പ്രധാന സ്ഥാനമാണ് അർജന്റീനിയൻ ഡിഷുകളിലുള്ളത്. തക്കാളി, സവാള, ലെറ്റ്യൂസ്, വഴുതനങ്ങ, സ്ക്വാഷ്, സുചൈൻ തുടങ്ങിയവ ഉപയോഗിച്ചാണ് സാലഡുകൾ ഉണ്ടാക്കുന്നത്.

പരമ്പരാഗത വിഭവങ്ങൾ

ഇവിടത്തെ പരമ്പരാഗത ജനവിഭാഗങ്ങൾ കപ്പ ഉപയോഗിച്ചുണ്ടാക്കുന്ന റൊട്ടിയാണ് ചിപ. പരമ്പരാഗത ഡിഷുകൾക്കൊപ്പം സൈഡ് ഡിഷ് ആയി കപ്പ ഫ്രൈ ചെയ്തും കഴിക്കും. ആട്, ചെറിയ ചെമ്മരിയാട് എന്നിവയെ മൊത്തമായി ബാർബക്യു ചെയ്തെടുക്കുന്ന അസാഡോസിനെ അർജന്റീനയുടെ ദേശീയ ഭക്ഷണമെന്നു വിളിക്കാം. പരമ്പരാഗത സ്റ്റ്യൂകളിലൊന്നാണ് ലോക്രോ. പോർക്ക്, വൈറ്റ് ബീൻസ്, ചോളം എന്നിവയിട്ടുണ്ടാക്കുന്നതാണിത്. ചിക്കനും മത്തനും ചേർത്തുണ്ടാക്കുന്ന സ്റ്റ്യൂ ആണ് കസ്യേല ഗാച്ചോ. പാറ്റഗോണിയ പ്രവിശ്യയിൽ നിന്നുള്ള വിഭവമാണ് കുറന്റോ. മണ്ണിൽ കുഴിയുണ്ടാക്കി തീ കത്തിക്കും. ശേഷം ഇതിലേക്ക് കല്ലുകളിടും. ഇവ ചൂടാകുമ്പോൾ പ്രത്യേകതരം ചെടിയുടെ ഇലകളിട്ട് ഇതിനു മുകളിൽ പാകം ചെയ്യാനുള്ള ഇറച്ചി, മധുരക്കിഴങ്ങ്, ആപ്പിൾ തുടങ്ങിയവയിടുന്നു. ഇതിനെ ഇല കൊണ്ടുമൂടി നനഞ്ഞ തുണി മുകളിലിട്ട് മണ്ണിട്ടു മൂടിയാണ് ഈ വിഭവം തയാറാക്കുന്നത്. 

വടക്കൻ അർജന്റീനയിൽ മഞ്ഞുകാലത്ത് കഴിക്കുന്ന വിഭവമാണ് കർബൊനാഡ. മത്തങ്ങ തുരന്ന് ഇറച്ചി, കിഴങ്ങ്, കാരറ്റ്, കുരുമുളക്, ചോളം, ഉണക്കമുന്തിരി, ആപ്രിക്കോട്ട് എന്നിവ വച്ച ശേഷം ബാർബക്യുവിലാണിത് തയാറാക്കുന്നത്. പാകമാകുമ്പോൾ സ്റ്റ്യൂപോലെയാകുമിത്. മീഡിയലുന പ്രഭാത ഭക്ഷണമാണ്. ബ്രഡിനും ബണ്ണിനും സമാനമായ ഒന്നാണിത്. രാവിലെ ചായയ്ക്കൊപ്പം കഴിക്കുന്നു.  

 മറ്റു വിഭവങ്ങൾ

ഇറ്റാലിയൻ സ്വാധീനമുള്ളൊരു ഡിഷാണ് മിലനേസ. ഇറച്ചി ഇടിച്ചു മൃദുവാക്കി ബ്രഡിന്റെ പൊടിയിൽ മുക്കി ബേക്ക് ചെയ്തോ ഫ്രൈ ചെയ്തോ എടുക്കും. ഇതിനു മുകളിൽ തക്കാളി സോസ്, ഫ്രഞ്ച് ഫ്രൈസ്, എഗ് സോസ്, മാഷ്ഡ് പൊട്ടറ്റോ എന്നിവയ്ക്കൊപ്പം കഴിക്കാം. സ്റ്റഫ് ചെയ്ത പേസ്ട്രിയാണ് എംപനഡ. ഇറച്ചി, ഉരുളക്കിഴങ്ങ്, മുട്ട, ചിക്കൻ, ചീസ് എന്നിവയാണ് സ്റ്റഫിങ്ങിനായി ഉപയോഗിക്കുന്നത്. ബേക്ക് ചെയ്തെടുക്കുന്ന ഇതൊരു സ്നാക്സ് ആണ്. മധുരമുള്ള വിഭവമാണ് ലാഫിയോർ. രണ്ട് കുക്കീസിനു മധ്യത്തിൽ കണ്ടൻസ്ഡ് മിൽക് കാരമലൈസ് ചെയ്തുണ്ടാക്കുന്ന പേസ്റ്റ് തേയ്ക്കുന്നു. ഇതിനെ ചോക്ലേറ്റിലോ തേങ്ങാപ്പീരയിലോ മുക്കി കഴിക്കാം. ഇറ്റാലിയൻ ഐസ്ക്രീമിനെക്കാൾ രുചിയേറിയതെന്ന വിശേഷണമുള്ള ഐസ്ക്രീമാണ് ഹെലഡോസ്. വൈറ്റ് ബ്രെഡ് കനംകുറച്ച് അരിഞ്ഞ് ഉണക്ക ഇറച്ചി, ചീസ്, ലെറ്റ്യൂസ് എന്നിവ ചേർത്തുണ്ടാക്കുന്ന സാൻഡ്‌വിച്ചാണ് ഡെമിഗ. ഇതിനു പുറമെ ഇറ്റലിയിൽ നിന്നുള്ള കുടിയേറ്റ വിഭവങ്ങളായ പീസ്ത, പാസ്ത, ന്യൂഡിൽസ്, നോക്വിസ്, റെവിയോൾ തുടങ്ങിയവയുമുണ്ട്.  ഇവിടുത്തെ പ്രത്യേക പാനീയമാണ് മേറ്റ്. അകം പൊള്ളയായ ഗോർഡ് എന്ന പച്ചക്കറിയുടെ യുവാമെറ്റ് എന്ന ചെടിയുടെ ഉണക്ക ഇലയും കമ്പുകളുമിട്ട് മുക്കാൽ ഭാഗത്തോളം നിറച്ച് ബാക്കിഭാഗത്ത് ചൂടുവെള്ളം ഒഴിച്ചാണ് ഇതുണ്ടാക്കുന്നത്.